മുംബൈ: കുടുങ്ങിയല്ലോ ദൈവമേ എന്ന് വിചാരിച്ച് ഒരു മോഷ്ടാവ്. കൈകള്‍ പിന്നിലേക്ക് ബന്ധിക്കപ്പെട്ടിരിക്കുന്നു. ചുറ്റും നാട്ടുകാര്‍ കൂടി നില്‍ക്കുന്നു. എല്ലാവരുടേയും മുഖത്ത് കാത്തുകാത്തിരുന്ന് ഒരു പെരുങ്കള്ളനെ പിടിച്ചതിന്റെ സന്തോഷവും സമാധാനവും. ഒരു കള്ളനെ പിടിച്ചതിന് ഇത്രയും വളച്ചുകെട്ടെന്തിനാ എന്ന് വിചാരിക്കുന്നുണ്ടാവും. കാര്യമുണ്ട്, കാരണം ഇവിടെ പിടികൂടിയിരിക്കുന്നത് ഒരു കുരങ്ങനെയാണ്.
മുംബൈയിലെ ഒരു റസിഡന്‍ഷ്യല്‍ കോളനിയാണ് രംഗം. ഈ കുരങ്ങച്ചാര്‍ ഇത്രയും കാലം ഇവിടത്തുകാര്‍ക്ക് വരുത്തിവച്ച നഷ്ടങ്ങള്‍ ചില്ലറയല്ല. വീടുകളില്‍ കയറി ഭക്ഷണ സാധനങ്ങള്‍ മോഷ്ടിക്കുക, കടകളില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന വസ്തുക്കള്‍ മോഷ്ടിക്കുക തുടങ്ങിയവയായിരുന്നു ആശാന്റെ ഇഷ്ടവിനോദങ്ങള്‍. ഒപ്പം കുറച്ച് കൂട്ടുകാരും കൂടിയായപ്പോള്‍ പിന്നെ പ്രശ്‌നങ്ങളുടെ ഘോഷയാത്രയായിരുന്നു.
വാനരപ്പടയുടെ ശല്യം സഹിക്ക വയ്യാതായപ്പോള്‍ നാട്ടുകാര്‍ ചേര്‍ന്ന് ലോക്കല്‍ മുനിസിപ്പല്‍ കൗണ്‍സിലിന് പരാതി നല്‍കിയിരുന്നു. ഇതിനിടെ കുരങ്ങുകളുടെ ശല്യം ഒഴിവാക്കുന്നതിന് കോളനിയിലെ ഒരാള്‍ കുരങ്ങ് പിടുത്തക്കാരന്റെ സഹായം തേടി. കോളനിക്കടുത്ത് കണ്ട കുരങ്ങനെ പഴങ്ങള്‍ കാണിച്ചതോടെ സംഗതി ഏറ്റു. പഴത്തില്‍ വീണുപോയ കുരങ്ങനെ കെണിവെച്ച് പിടിക്കുകയായിരുന്നു. കുരങ്ങിനെ താനെയില്‍ കൊണ്ടുപോയി കാട്ടില്‍ തുറന്നുവിടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Post Your Comments