തിരുവനന്തപുരം: വക്കത്ത് യുവാവിനെ പട്ടാപ്പകല്‍ അടിച്ചുകൊന്ന സംഭവത്തില്‍ കൊലയാളി സംഘത്തിന് സഹായം നല്‍കിയവര്‍ക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി. ഭാഗവതര്‍മുക്ക് പുതിയവീട്ടില്‍ ആദര്‍ശ്, തുണ്ടത്തില്‍ വീട്ടില്‍ മോനിക്കുട്ടന്‍ എന്നിവര്‍ക്കായാണ് തെരച്ചില്‍.
കൊല്ലപ്പെട്ട ഷബീറും സുഹൃത്ത് ഉണ്ണിക്കൃഷ്ണനും ബൈക്കില്‍ പോയ വിവരം മോനിക്കുട്ടനും സുഹൃത്തുമാണ് അക്രമികളെ അറിയിച്ചത്. ഇവര്‍ തിരിച്ചുവരുന്നത് കാത്തുനിന്നാണ് നാലംഗസംഘം കൊലപാതകം നടത്തിയത്. കൊലപാതകത്തില്‍ ആദര്‍ശിനും മോനിക്കുട്ടനും നേരിട്ട് പങ്കില്ലെങ്കിലും കൊലയ്ക്ക് സഹായം ചെയ്തുകൊടുത്തതിന്റെ പേരിലാണ് ഇരുവരേയും കേസില്‍ പ്രതി ചേര്‍ത്തത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇരുവരും മൊബൈല്‍ ഫോണുപയോഗിക്കാത്തതാണ് പോലീസിനെ കുഴക്കുന്നത്.
കൊലപാതകദൃശ്യങ്ങള്‍ വാട്ട്‌സ്ആപ്പിലൂടെ പ്രചരിക്കുകയായിരുന്നു. തുടര്‍ന്ന് കേസിലെ പ്രതികളെ പിടികൂടാന്‍ ഡി.ജി.പി നിര്‍ദ്ദേശിച്ചതനുസരിച്ച് ഐ.ജി.മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ റൂറല്‍ എസ്.പി ഷെഫിന്‍ അഹമ്മദ്, ഡി.വൈ.എസ്.പി പ്രതാപന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ കഴിഞ്ഞദിവസം സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments