ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം വാഗ്ദാനം ചെയ്താലും അതേറ്റെടുക്കാന്‍ ഇപ്പോള്‍ സാധിക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ അധ്യക്ഷനെന്ന നിലയില്‍ ഭരണ രംഗത്താണ് താനിപ്പോഴുള്ളതെന്നും അതിനാല്‍ തന്നെ ഒരേ സമയം രണ്ട് മേഖലകളില്‍ തുടരാനാകില്ലെന്നും ഗാംഗുലി വ്യക്തമാക്കി.
” പരിശീലക സ്ഥാനത്തെപ്പറ്റി ചോദിക്കുകയാണെങ്കില്‍ ഇന്നത്തെ സാഹചര്യത്തില്‍ അതിനായി സമയം നീക്കിവയ്ക്കാനില്ലെന്നാണ് എന്റെ ഉത്തരം. ക്രിക്കറ്റിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പു വരുത്താന്‍ ബാധ്യസ്ഥനായ ഒരു ഭരണാധികാരിയാണ് ഞാനിപ്പോള്‍ ”.
ബി സി സി ഐ അധ്യക്ഷസ്ഥാനം ലക്ഷ്യം വയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ജീവിതത്തില്‍ ഒന്നിനുള്ള സാധ്യതയും എഴുതിത്തള്ളാത്ത ആളാണ് താനെന്നും നാളെയെ കുറിച്ച് കൂടുതല്‍ ആശങ്കകള്‍ വച്ചു പുലര്‍ത്തുന്നില്ലെന്നുമായിരുന്നു ഗാംഗുലിയുടെ ഉത്തരം. ഇപ്പോള്‍ തന്നിലേല്‍പ്പിച്ചിരിക്കുന്ന ജോലി വൃത്തിയായി ചെയ്യുന്നതിലാണ് ശ്രദ്ധയെന്നും ദാദ കൂട്ടിച്ചേര്‍ത്തു.
പ്രതിസന്ധി ഘട്ടങ്ങള്‍ ലാഘവത്തോടെ കൈകാര്യം ചെയ്യാനുള്ള ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ കഴിവിനെ ഗാംഗുലി പ്രശംസിച്ചു. മനസ്സിലുള്ള പ്രയാസങ്ങള്‍ അദ്ദേഹം മുഖത്ത് കാണിക്കില്ലെന്നും, ഏതു സാഹചര്യത്തിലും ശാന്തനാണ് മഹിയെന്നും ദാദ അഭിപ്രായപ്പെട്ടു. ഡ്രസ്സിങ്ങ് റൂമില്‍ അദ്ദേഹത്തിനു ലഭിക്കുന്ന സ്വീകാര്യത ചെറുതല്ലെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
Post Your Comments