Gulf

എണ്ണ പ്രതിസന്ധിയ്ക്കിടയിലും വന്‍ കുതിപ്പിനൊരുങ്ങി ഗള്‍ഫ് രാജ്യങ്ങള്‍

ദുബായ്: എണ്ണവിലയിടിവിനെത്തുടര്‍ന്ന് ഗള്‍ഫ് മേഖല സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതായ വാര്‍ത്ത‍കള്‍ പ്രചരിക്കുന്നതിനിടയിലും ഗള്‍ഫ് രാജ്യങ്ങള്‍ വന്‍ കുതിപ്പിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ യു.എ.ഇയാണ് മുന്നിട്ടുനില്‍ക്കുന്നത്. എണ്ണപ്രതിസന്ധി താത്കാലിക പ്രതിഭാസം മാത്രമാണെന്നും തുടര്‍ന്ന് വരാനിരിക്കുന്നത് സാമ്പത്തിക രംഗത്തെ കുതിച്ചുചട്ടത്തിന്റെ കാലഘട്ടമായിരിക്കുമെന്നുമാണ് ഗള്‍ഫ് രാജ്യങ്ങളുടെ കണക്കുക്കൂട്ടല്‍. ഇത് മുന്നില്‍ കണ്ട് എണ്ണയിതര പദ്ധതികളിലൂടെ വന്‍കുതിപ്പിന് ഒരുങ്ങുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍.

ശാസ്ത്രം, ഗവേഷണം, സാങ്കേതിക വിദ്യ തുടങ്ങിയ 100 ഓളം മേഖലകളില്‍ വന്‍ പദ്ധതികള്‍ യു.എ.ഇ പ്രഖ്യാപിച്ചു കഴിഞ്ഞു. 30,000 കോടി ദിര്‍ഹമാണ് ഈ പദ്ധതികള്‍ക്കായി യു.എ.ഇ ചെലവഴിക്കാനൊരുങ്ങുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ഊർജം, ഗതാഗതം, ബഹിരാകാശം, വ്യോമയാനം, ജലം, ശാസ്ത്രം, സാങ്കേതികവിദ്യ, ഗവേഷണം തുടങ്ങി പതിനഞ്ചോളം പുതിയ മേഖലകൾക്കു പ്രത്യേക പ്രാധാന്യം നൽകിയാണ് യു.എ.ഇ പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നത്.

ശാസ്ത്രം. ഗവേഷണം, സാങ്കേതിക വിദ്യ തുടങ്ങിയ രംഗങ്ങളിലും വന്‍ നിക്ഷേപത്തിനാണ് യു.എ.ഇ ഒരുങ്ങുന്നത്. ഇന്ത്യക്കാര്‍ക്കും നിരവധി അവസരങ്ങള്‍ ഇതുവഴി തുറന്നുകിട്ടുമെന്നാണ് കരുതപ്പെടുന്നത്. എമിറേറ്റ്സ് സയൻസ് ടെക്നോളജി ആൻഡ് ഇന്നവേഷൻ പോളിസി എന്ന പേരിലുള്ള പദ്ധതി വഴി അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് പുറമേ ഇന്ത്യന്‍ പ്രോഫഷണലുകള്‍ക്ക് ഏറ്റവുമധികം അവസരം ലഭിക്കുന്ന രാജ്യമായി യു.എ.ഇ ഇതോടെ മാറുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് ഊന്നൽ നൽകിയുള്ള സയൻസ് ടെക്നോളജി എൻജിനീയറിങ് ആൻഡ് മാത്തമാറ്റിക്സ് പദ്ധതിയായ സ്റ്റെമ്മിനും യു.എ.ഇ രൂപം നൽകിയിട്ടുണ്ട്. സാങ്കേതിക വിദ്യ കൈമാറ്റം, നൂതന ആശയങ്ങൾക്കു പിന്തുണ, രാജ്യാന്തര തലത്തിൽ വ്യവസായ കരാർ പങ്കാളിത്ത പദ്ധതികൾ എന്നിവയ്ക്കായി പുതിയ നിയമനിർമാണം നടത്താന്‍ ഒരുങ്ങുകയാണ് യു.എ.ഇ . ശാസ്ത്രത്തിനും ഗവേഷണത്തിനും നൂതന ആശയത്തിനും ഫണ്ട് രൂപീകരിക്കും. 2021 ഓടെ വിജ്ഞാനാധിഷ്ടിത ജീവനക്കാരുടെ എണ്ണം 40 ശതമാനമായി വര്‍ദ്ധിപ്പിക്കാനും യു.എ.ഇ ലക്ഷ്യമിടുന്നു. ഇതും ഇന്ത്യക്കാര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്.

കൂടാതെ പാരമ്പര്യേതര ഊര്‍ജ്ജ രംഗത്തും യു.എ.ഇ വന്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ട്. സൗരോർജം, വായു, ജലം തുടങ്ങിയ മേഖലകളിലെ ഊർജ പദ്ധതികള്‍ക്കായി 12,800 കോടി ദിർഹമാണു വകയിരുത്തിയിരിക്കുന്നത്. ഇതും കൂടുതല്‍ തൊഴിലവരങ്ങള്‍ സൃഷ്ടിക്കും. ഇതിന് പുറമേയാണ് എക്സ്പോ 2020 വഴിയുണ്ടാകുന്ന ജോലി സാധ്യതകൾ. അടിസ്ഥാന സൗകര്യവികസനം, ഹോസ്പിറ്റാലിറ്റി, ടൂറിസം, വ്യോമയാന രംഗം തുടങ്ങിയ മേഖലകളിൽ എക്സ്പോയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഈ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച പ്രവാസി ഇന്ത്യക്കാര്‍ക്ക് കൂടുതൽ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

shortlink

Post Your Comments


Back to top button