ചിറയിന്‍കീഴ്: ഞായറാഴ്ച ഒരുസംഘം യുവാക്കളുടെ മര്‍ദ്ദനമേറ്റു മരിച്ച ഷബീറിന്റെ വിയോഗത്തില്‍ ക്ഷേത്രം അടച്ച് ക്ഷേത്രക്കമ്മറ്റി ആദരം നല്‍കി. വക്കം പുത്തന്‍നട ക്ഷേത്രക്കമ്മറ്റിയാണ് ഈ പ്രവര്‍ത്തിക്കു പിന്നില്‍. ക്ഷേത്രത്തിലെ ഉത്സവ കമ്മറ്റി എക്‌സിക്യൂട്ടീവ് അംഗമായ ഷബീറിന്റെ അകാല വിയോഗത്തില്‍ തിങ്കളാഴ്ചയും ഇന്നലെയും ക്ഷേത്രം അട്ച്ച് നിത്യ പൂജകള്‍ ഒഴിവാക്കി.
കഴിഞ്ഞ രണ്ടു വര്‍ഷമായി ക്ഷേത്ര ഉത്സവ കമ്മറ്റിയിലെ എക്‌സിക്യൂട്ടീവ് അംഗമാണ് ഷബീര്‍. ഉത്സവത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഷബീറിന്റെ ദുരന്തം.
കഴിഞ്ഞ വര്‍ഷത്തെ ഉത്സവത്തിനിടെ ഒരു സംഘം എഴുന്നള്ളിച്ചു നിര്‍ത്തിയ ആനയുടെ വാലില്‍ തൂങ്ങി പ്രശ്‌നം സൃഷ്ടിച്ചിരുന്നു. ഈ സംഘമാണ് ഷബീറിന്റെ കൊലയ്ക്കു പിന്നില്‍. ഈ കേസില്‍ ഷബീര്‍ പോലീസില്‍ മൊഴി നല്‍കിയതിനെത്തുടര്‍ന്ന് വൈരാഗ്യം ഉടലെടുക്കുകയും തുടര്‍ന്ന് നിരവധി തവണ ഷബീറിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയതായും നാട്ടുകാര്‍ പറഞ്ഞു.
ഉത്സവത്തോടനുബന്ധിച്ചുള്ള സമൂഹസദ്യ ഉള്‍പ്പെടെയുള്ള ജോലികള്‍ക്ക് മുന്‍പന്തിയിലുണ്ടാകാറുള്ളത് ഷബീറായിരുന്നു. കഴിഞ്ഞ ദിവസം ഇതിനായുള്ള വിറക് ഷബീര്‍ ക്ഷേത്രത്തില്‍ എത്തിച്ചിരുന്നു.
ആറ്റങ്ങലിലെ ഒരു സ്വകാര്യ കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികൂടിയായ ഷബീര്‍ തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ് ട്രെയിനിയായി പോകുകയാണ്. ക്ലാസില്ലാത്ത ദിവസങ്ങളില്‍ കൂലിപ്പണിക്ക് പോയാണ് ഷബീര്‍ ചിലവിനുള്ള പണം കണ്ടത്തിയിരുന്നത്. ഈ വരുമാനത്തിലായിരുന്നു കുടുംബവും കഴിഞ്ഞിരുന്നത്.
Post Your Comments