കട്ടപ്പന : ഇടുക്കി പ്രത്യേക പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ വേണ്ട നീക്കം നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇടുക്കിക്കായി കേന്ദ്രസര്‍ക്കാര്‍ 2008 ല്‍ പ്രഖ്യാപിച്ച പ്രത്യേക പാക്കേജാണ് പുനരുജ്ജീവിപ്പിക്കുന്നത്. പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും കുമ്മനം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇടുക്കി പ്രതീക്ഷയേകുന്ന പാക്കേജ് പ്രഖ്യാപിച്ചതല്ലാതെ കാര്യമായ നടപടികളൊന്നും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. 2013ല്‍ പദ്ധതി ലാപ്‌സാവുകയും ചെയ്തു. 1830 കോടിയുടെ പദ്ധതിയായിരുന്നു ഇത്. കര്‍ഷകരെ ഈ പ്രതിസന്ധികളിലേക്ക് തള്ളിവിട്ടവര്‍ തന്നെയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സംരക്ഷകരായി രംഗത്ത് വരുന്നത്. ഏലം കര്‍ഷകര്‍ക്കും കേരളത്തിലെ റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബിജെപി കേന്ദ്രത്തില്‍ സജീവമായി സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്.
ഒ.രാജഗോപാല്‍ ഇതിനുമാത്രമായി വകുപ്പ് മന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. താനും പ്രധാനമന്ത്രിയേയും മന്ത്രിമാരേയും ഇക്കാര്യം ബോധ്യപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇറക്കുമതി നിയന്ത്രണം, സഹായധനം പ്രഖ്യാപിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമം ശരിയല്ല. നിരാഹാരം നടത്തിയതു കൊണ്ടും ഹര്‍ത്താല്‍ ആചരിച്ചതുകൊണ്ടും പരിഹരിക്കാവുന്നതല്ല റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളെന്നും കുമ്മനം ചൂണ്ടിക്കാട്ടി.
ആദിവാസികളുടെ ഉദ്ദാരണത്തിനും ശാക്തീകരണത്തിനും വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പണം ചെലവഴിക്കുന്നതില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. കേരളത്തില്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ് കോണ്‍ഗ്രസും സിപിഎമ്മും നടത്തുന്നത്. സോളാര്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് സിപിഎമ്മും ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാരും തയാറാകാത്തത് ഇതിന്റെ ഭാഗമായാണ്. രണ്ട് കേസുകളും സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണം. സോളാര്‍ ഇടപാടില്‍ സംസ്ഥാനാന്തര ബന്ധമുള്ളതായി തെളിഞ്ഞു കഴിഞ്ഞു. ഡല്‍ഹി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ പണമിടപാട് നടത്തിയിട്ടുള്ളതായി തെളിവുണ്ട്. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും കുമ്മനം പറഞ്ഞു.
Post Your Comments