കെവിഎസ് ഹരിദാസ്
ഓഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ടുനടന്ന തട്ടിപ്പും കോണ്‍ഗ്രസ് നേതൃത്വത്തിലെ കുടുംബത്തിന്റെ അസ്വസ്ഥതയും വീണ്ടും ഇന്ത്യ രാജ്യത്ത് ചര്‍ച്ചാവിഷയമാവുന്നു; അതോടൊപ്പം ചില പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും അവരില്‍ ചിലരുടെ ഇറ്റാലിയന്‍ ബന്ധവും വീണ്ടും ഇന്ത്യന്‍ ജനതയുടെ മനസുകളില്‍ സജീവമാവുകയാണ് . നരേന്ദ്ര മോദിയെ ആക്രമിക്കാനായി ഒരു ആയുധ ദല്ലാളിനെ രംഗത്തിറക്കിയ കോണ്‍ഗ്രസിന് അക്ഷരാര്‍ഥത്തില്‍ തിരിച്ചടി സംഭവിക്കുകയായിരുന്നു എന്നര്‍ഥം. ഇനിയുള്ള ദിവസങ്ങളില്‍ അതിന്റെ കൂടുതല്‍ കഥകള്‍ നമ്മുടെ നാട്ടില്‍ ചര്‍ച്ചചെയ്യപ്പെടുമെന്ന് തീര്‍ച്ച. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷുകാരനായ ഒരു ആയുധ ദല്ലാള്‍, ക്രിസ്ത്യന്‍ മൈക്കേല്‍, ആണ് ഇന്നിപ്പോള്‍ വിവാദത്തിനു തിരികൊളുത്തിയത്. ഓഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ കോഴ വാങ്ങിയവരുടെ പേരുവിവരം ഇന്ത്യക്ക് കൈമാറിയാല്‍ ഇറ്റാലിയന്‍ നാവികരുടെ കേസില്‍ അനുഭാവപൂര്‍വമായ നിലപാട് എടുക്കാമെന്ന് നരേന്ദ്ര മോദി ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സിയോട് പറഞ്ഞുവെന്നാണ് ക്രിസ്ത്യന്‍ മൈക്കേല്‍ പറയുന്നത്. അതുസംബന്ധിച്ച് അയാള്‍ അന്താരാഷ്ട്ര ട്രിബ്യൂണലിനാണ് കത്തയച്ചത്. ഇറ്റാലിയന്‍ നാവികരുടെ കേസ് ഇന്നിപ്പോള്‍ ആ ട്രിബ്യൂണലിന്റെ പരിഗണയിലാണ് . കേരളത്തിലെ മത്സ്യ തൊഴിലാളികളെ വെടിവെച്ചു കൊന്നത് സംബന്ധിച്ച കേസാണിത്. ആ കൊലപാതകം നടന്നത് ഇന്ത്യയുടെ നാവികാതിര്‍ത്തിയില്‍ അല്ലെന്നും മറിച്ച് അന്താരാഷ്ട്ര നാവികമേഖലയിലാണെന്നും ചൂണ്ടിക്കാട്ടി ഇറ്റലി ആണ് ആ ട്രിബ്യൂണലിനെ സമീപിച്ചത്. ഇന്ത്യയിലെ ആ കേസിന്റെ വിചാരണ നിര്‍ത്തിവെക്കാന്‍ ട്രിബ്യൂണല്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ ഇറ്റാലിയന്‍ നാവികരുടെ കൊലക്കേസ് അട്ടിമറിക്കാന്‍ നരേന്ദ്ര മോദി ശ്രമിച്ചു എന്ന ആക്ഷേപവുമായി കോണ്‍ഗ്രസ് രംഗത്തുവന്നിരിക്കയാണ്.
ഇറ്റാലിയന്‍ നാവികരുടെ കേസ് നടക്കുന്ന ഹേഗിലെ ട്രിബ്യൂണലിന് ഒരു കത്ത് മുഖാന്ദിരമാണ് ആയുധ ദല്ലാള്‍ ക്രിസ്ത്യന്‍ മൈക്കേല്‍ ഇക്കാര്യം അറിയിച്ചത്. ന്യൂയോര്‍ക്കില്‍ യു എന്‍ സമ്മേളനത്തിനിടെ ഇന്ത്യയുടെയും ഇറ്റലിയുടെയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ കണ്ടു; അപ്പോള്‍ നാവികരുടെ കേസില്‍ വേണ്ട സഹായം ചെയ്യണമെന്ന് നരേന്ദ്ര മോദിയോട് ഇറ്റലിയുടെ പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. പക്ഷെ, അതുചെയ്യുന്നതിനു പകരമായി ഇറ്റലിയുടെ കയ്യിലുള്ള ഓഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ കോഴ സംബന്ധിച്ച വിശദാംശങ്ങള്‍ കൈമാറണം എന്ന് മോഡി ആവശ്യപ്പെട്ടു. പിന്നീടൊരിക്കല്‍ നരേന്ദ്ര മോദി ഇറ്റാലിയന്‍ പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ചു ഇക്കാര്യം ആവശ്യപ്പെട്ടു എന്നതാണ് കത്തില്‍ പറയുന്നത്. അതായത് നരേന്ദ്ര മോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സിയും തമ്മില്‍ നടന്നു എന്നുപറയുന്ന ചര്‍ച്ചയാണ് ഇപ്പോള്‍ ആയുധ ദല്ലാള്‍ പരാതിയായി അയച്ചിരിക്കുന്നത്. ആ രണ്ടു പ്രധാനമന്ത്രിമാര്‍ തമ്മില്‍ കണ്ടില്ല എന്നൊന്നും പറയുന്നില്ല. യു എന്‍ പൊതു സഭാ സമ്മേളനത്തിനിടെ രാഷ്ട്രത്തലവന്മാര്‍ തമ്മില്‍ കാണുക പതിവാണ്. അത് ഒരുപക്ഷെ അനൗപചാരിക ചര്‍ച്ചയാവാം. ലോബിയിലും മറ്റും വെച്ച് കാണുന്നത് പതിവാണല്ലോ. പക്ഷെ അതിലിപ്പോള്‍ ബ്രിട്ടീഷുകാരനായ ആയുധ ദല്ലാളിനുള്ള വിഷമമാണ് മനസിലാവാത്തത് . അതില്‍നിന്നുതന്നെ കാര്യങ്ങള്‍ ഏറെക്കുറെ വ്യക്തമാണല്ലോ. എവിടെയാണ് പ്രശ്‌നം എന്നും ഇതോടെ വെളിവാകുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളവരുടെ അമിതമായ വിഷമത്തിന് കാരണം തേടി മറ്റെവിടെയും പോകേണ്ടതുമില്ല. ഇത് ബോഫോഴ്‌സിനെ കടത്തിവെട്ടുന്ന ഒന്നാണ് എന്ന് ആരെങ്കിലുമൊക്കെ കരുതിയാല്‍ അതിശയിക്കാനില്ല.
എന്താണ് കോണ്‍ഗ്രസുകാരെ അല്ലെങ്കില്‍ അതിന്റെ നേതാക്കളെ ഇന്നിപ്പോള്‍ ഇത്രമാത്രം ആശങ്കാകുലരാക്കുന്നത്? യുപി എ സര്‍ക്കാരിന്റെ കാലത്ത് രാഷ്ട്രപതി, ഉപ രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ യാത്രകള്‍ക്കായി 12 വി വി ഐ പി ഹെലികോപ്ടറുകള്‍ വാങ്ങാന്‍ തീരുമാനിച്ചു. അതിനായി സര്‍ക്കാര്‍ കണ്ടെത്തിയത് ഓഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്ററുകളാണ്. ആ തീരുമാനത്തിന് പിന്നില്‍ വലിയ അഴിമതിനടന്നു എന്ന ആക്ഷേപം ആദ്യമേ ഉയര്‍ന്നിരുന്നു. അതിനൊരു കാരണം ഓഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇറ്റാലിയന്‍ കമ്പനിയാണ് എന്നതുതന്നെയായിരുന്നു. ഇറ്റാലിയന്‍ ഇടപാടുകള്‍ക്ക് പിന്നിലുള്ള താല്പര്യം ബോഫോഴ്‌സ് തോക്കിടപാട് മുതല്‍ കാണാന്‍ തുടങ്ങിയതാണല്ലോ. ആക്ഷേപവും ആരോപനങ്ങളുമൊക്കെയായപ്പോള്‍ പ്രതിരോധ മന്ത്രിയായിരുന്ന എ കെ ആന്റണി ഇടപെട്ടു; അവസാനം ആ ഇടപാട് റദ്ദാക്കുകയും ചെയ്തു. എന്നാല്‍ അതിനിടയില്‍ തന്നെ വലിയ തുക കോഴയായി നല്കപ്പെട്ടു എന്നത് പരസ്യമായി. അതില്‍ പരാമര്‍ശിക്കപ്പെട്ട പേരുകള്‍ കോണ്‍ഗ്രസിന്റെ തലപ്പത്തുള്ളവരുടെ ആയിരുന്നുതാനും. ഇത് ഞാന്‍ പറയുന്നതല്ല. ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുന്ന വിക്കിപീഡിയ ഈ ആയുധ ഇടപാടിനെ സംബന്ധിച്ച ഒരു അധ്യായം ചേര്‍ത്തിട്ടുണ്ട്. അതിന്ന് പൊതുമണ്ഡലത്തില്‍ ലഭ്യവുമാണ്. അതിന്റെ കോപ്പി ഇവിടെ ചേര്‍ക്കുന്നു ‘ ഇംഗ്ലീഷില്‍ ആണത്.
‘Several Indian politicians and military officials have been accused of accepting bribes from AgustaWestland in order to win the ?36 billion (US$530 million) Indian cotnract for the supply of 12 AgustaWestland AW101 helicopters; these helicopters are intended to perform VVIP duties for the President of India and other important state officials.[2] Ahmed Patel political secretary to Congress President Sonia Gandhi is alleged by Italian prosecutors to have received kickbacks from the deal.[3] A note dating back to 15 March 2008 presented in the Italian court also indicates that Congress Patry President Sonia Gandhi is the driving force behind the VIP chopper purchase. And it further asks middleman Peter Hulett to target key advisors to Sonia Gandhi and lists the names of Prime Minister Manmohan Singh, Ahmed Patel, Pranab Mukherjee, M. Veerappa Moily, Oscar Fernandez, M. K. Narayanan, Vinay Singh. The note also contains the bribes to be paid out divided as, ‘AF’ €6 Million, ‘BUR’ €8.4 Million, ‘Pol’ €6 Million and ‘AP’ €3 Million.[4][5][6]’
‘On 25 March 2013, India’s Defence Minister A.K. Antony confirmed corruption allegations by stating : ‘Yes, corruption has taken place in the helicopter deal and bribes have been taken. The CBI is pursuing the case very vigorously’.[7] As of June 2014, Indian government has recovered a total amount of ?2068 crore[8] and has recovered the entire amount of around ?1620 (45% of total cotnract value ?3600 crore) it had paid to AgustaWestland.[9]’.
ഇറ്റാലിയന്‍ അധികൃതരാണ് ഈ തട്ടിപ്പ് കണ്ടെത്തിയത്. അവര്‍ അന്വേഷണം നടത്തി. കോഴ കിട്ടിയവരുടെ പട്ടികയില്‍ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി അഹമദ് പട്ടേലിന്റെ പേരുണ്ട്. 2008 മാര്‍ച്ച് 15 നു ഇറ്റാലിയന്‍ കോടതിയില്‍ അവിടത്തെ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച രേഖയനുസരിച്ച് ഈ ഇടപാടിനു പിന്നിലെ പ്രേരക ശക്തി സോണിയ ഗാന്ധിയാണ് എന്ന് പറഞ്ഞിട്ടുണ്ട്. മന്‍മോഹന്‍ സിംഗ്, പ്രണബ് മുഖര്‍ജി, വീരപ്പ മൊയലി , ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് , എം കെ നാരായണന്‍, വിനയ് സിംഗ് എന്നിവരുടെ പേരും അതിലുണ്ട്. കോഴ നാലായി തിരിച്ചു നല്‍കണം എന്നതായിരുന്നു തീരുമാനം എന്നും അതില്‍ നിന്ന് വ്യക്തമാണ്. എ എഫ് , ബുര്‍, പൊല്‍ , എ പി എന്നിങ്ങനെയാണ് കോഴ നല്‌കേണ്ട നാല് ഗ്രൂപ്പുകളെ വേര്‍തിരിച്ചിരിക്കുന്നത്. അത് സൈനികര്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതൃത്വം എന്നിങ്ങനെയാണ് എന്നായിരുന്നു ഊഹം. എ പി ഏതെന്ന് വ്യക്തമായില്ല എന്ന് മാത്രം.
എ കെ ആന്റണി പ്രശ്‌നം അവലോകനം നടത്തുകയും ഇടപാട് റദ്ദാക്കുകയും ചെയ്തു. അത് 2013 മാര്‍ച്ച് 25 നാണ് . പാര്‍ലമെന്റിലും മറ്റുമുയര്‍ന്ന പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഇടപാടിനെക്കുറിച്ച് സിബിഐ അന്വേഷണത്തിനും ഉത്തരവിട്ടു. എന്നാല്‍ ഇതിനിടയില്‍ തന്നെ ഇടപാട് സംബന്ധിച്ച പണമെല്ലാം ഓഗസ്റ്റ വെസ്റ്റ് ലാന്‍ഡ് പോക്കറ്റിലാക്കിയിരുന്നു. ഹെലികോപ്ടര്‍ സപ്ലൈ ചെയ്യുന്നതിന് മുന്‍പുതന്നെ പണം നല്‍കിയെന്നര്‍ത്ഥം. അതിലുള്ള അമിത താല്പര്യം അതില്‍നിന്ന് തന്നെ വ്യക്തമാണല്ലോ. എന്നാല്‍ സിബിഐ കേസന്വേഷണം ഏറ്റെടുത്ത ശേഷം കുറെ പണം തിരിച്ചുപിടിച്ചു. എന്നാലും കോടികള്‍ രാജ്യത്തിന് നഷ്ടമായി. അതുസംബന്ധിച്ച് ഇറ്റലിയിലും ഒരു കേസുണ്ട്. അതില്‍ വിധിവന്നിട്ടില്ല. ഓഗസ്റ്റ വെസ്റ്റ് ലാന്‍ഡിന്റെ മാതൃ കമ്പനിയില്‍ ഇറ്റാലിയന്‍ സര്‍ക്കാരിന് 35 ശതമാനം ഓഹരിയുണ്ട്. അതുകൊണ്ട് തന്നെ ആ ഇടപാടിന്റെ മുഴുവന്‍ വിവരങ്ങളും ഇറ്റലിക്ക് അറിയാം എന്നത് നരേന്ദ്ര മോദിക്ക് വ്യക്തമാണ്. ഇവിടെ അന്വേഷണം നടക്കുന്ന കേസായതിനാല്‍ ആ വിശദാംശങ്ങള്‍ കൈമാറിക്കൂടെ എന്ന് മോദി ചോദിച്ചില്ലെങ്കിലല്ലേ തെറ്റാവുകയുള്ളൂ. അത് പ്രധാനമന്ത്രി എന്ന നിലക്ക് അദ്ദേഹത്തിന്റെ ചുമതലയുമാണല്ലോ. ഒരുപക്ഷെ ഇറ്റാലിയന്‍ നാവികരുടെ പ്രശ്‌നം അവിടത്തെ പ്രധാനമന്ത്രി ഉന്നയിച്ചപ്പോള്‍ ഇങ്ങനെയൊരു കാര്യം ചൂണ്ടിക്കാണിച്ചതാവാം. അതിനുള്ള സാധ്യതകള്‍ നിരാകരിക്കാനാവില്ല. സ്വാഭാവികമാണല്ലോ അത്. എന്നാല്‍ അതിനര്‍ഥം നാവികരുടെ കേസില്‍ എന്തെങ്കിലും വെള്ളം ചേര്‍ക്കാം എന്നല്ല. ആ കേസ് അന്താരാഷ്ട്ര ട്രൈബ്യൂണല്‍ ആണ് പരിഗണിക്കുന്നത്. അത് ഹേഗിലാണ്. അതിന്റെ തീരുമാനം വന്നാലെ ബാക്കി തീരുമാനിക്കാന്‍ കഴിയൂ. മാത്രമല്ല, അന്താരാഷ്ട്ര ട്രൈബ്യൂണലിനു മുന്നിലുള്ള പ്രശ്‌നം കൊലപാതകം നടന്നോ ഇല്ലയോ എന്നതല്ല, മറിച്ച് ആ കേസ് പരിഗണിക്കാന്‍ ഇന്ത്യയിലെ കോടതിക്ക് അധികാരമുണ്ടോ എന്നതാണ്. അതിനുശേഷം വിചാരണ നടക്കണം. അതിനിടയില്‍ ആയുധ ദല്ലാളന്മാര്‍ ഇത്തരം അനാവശ്യ വിവാദങ്ങളുയര്‍ത്തുന്നത് ഇന്ത്യക്ക് ഗുണകരമാവാനെ സാധ്യതയുള്ളൂ.
പിന്നെ ഇറ്റാലിയന്‍ നാവികരുടെ കേസ് അട്ടിമറിക്കുന്നത് നരേന്ദ്ര മോദി സര്‍ക്കാരാണ് എന്ന ആക്ഷേപം അരിയാഹാരം കഴിക്കുന്ന ഒരാളും വിശ്വസിക്കില്ല. നമ്മുടെ കടലോരത്ത് ഈ സംഭവം നടന്നതുമുതല്‍ കേസ് ഒത്തുതീര്‍ക്കാന്‍ ഓടി നടന്നത് ആരാണ് എന്ന് ചുരുങ്ങിയത് കേരളീയര്‍ക്കെങ്കിലും നന്നായി അറിയാം. അന്ന് പ്രതിപക്ഷത്തിന്റെ ശക്തമായ നിലപാട് മൂലമാണ് അത് അട്ടിമറിക്കപ്പെടാതിരുന്നത് എന്നതും മറന്നുകൂടാ. രണ്ടു കേന്ദ്രമന്ത്രിമാര്‍ അക്കാലത്ത് കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ അരമനകള്‍ കയറിയിറങ്ങിയത് ‘പ്രശ്‌നം തീര്‍ക്കാന്‍’ ആയിരുന്നില്ലേ? എങ്ങിനെയാണ് നഷ്ടപരിഹാരം നല്കി അത് ഒത്തുതീര്‍പ്പിലേക്ക് നീക്കിയത്? അതിനൊക്കെ നമ്മുടെ അരമനകള്‍ തന്നെ സാക്ഷിയാണ് എന്നത് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുംവരെ ഇറ്റലിക്ക് വലിയ പ്രതീക്ഷയായിരുന്നു; കേസ് ഇവിടെത്തന്നെ തീര്‍ക്കാന്‍ കഴിയുമെന്നവര്‍ പ്രതീക്ഷിച്ചു. മോദി അധികാരത്തിലെത്തിയത് അവരെ വല്ലാതെ വിഷമിപ്പിച്ചു. അതിനുശേഷമാണ് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി പ്രശ്‌നം ഉയര്‍ത്തിക്കൊണ്ട് ഇറ്റലി യു എന്റെ അധീനതയിലുള്ള അന്താരാഷ്ട്ര ട്രൈബ്യൂണലിനെ സമീപിച്ചത് എന്നതും മറന്നുകൂടാ. ഇറ്റലിക്ക് സോണിയ- മന്മോഹന്‍ കൂട്ടുകെട്ടില്‍ വിശ്വാസമുണ്ടായത് സ്വാഭാവികം; മോദിയെ അവിശ്വസിച്ചതും സ്വാഭാവികം. അതിനുശേഷം ഇന്നിപ്പോള്‍ കേസ് അട്ടിമറിക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന് പറയുന്നത് ശുദ്ധ ഭോഷ്‌ക് തന്നെ.
ഇനി ആരാണ് ഈ ആയുധ ദല്ലാള്‍ എന്നുകൂടി പരിശോധിക്കാം. ക്രിസ്ത്യന്‍ മൈക്കേല്‍ ലോകത്തിലെ തന്നെ പ്രധാന ആയുധ ഇടപാട് ദല്ലാളാണ് . ഇന്ത്യയുമായി അടുത്ത ബന്ധമാണ് അയാള്‍ക്കുള്ളത് . അതാവട്ടെ 1980കളില്‍ അയാളുടെ പിതാവ് വോള്‍ഫ് ഗാങ്ങ് മാക്‌സ് മൈക്കേല്‍ റിച്ചാര്‍ഡ് തുടങ്ങിവെച്ചതാണ് . റിച്ചാര്‍ഡ് ഈ രംഗത്ത് 1980 കള്‍ മുതലുണ്ട്. ഇന്ത്യയിലെ രാഷ്ട്രീയ പ്രതിരോധ ഉദ്യോഗസ്ഥ തലവന്മാരുമായി അദ്ദേഹത്തിനു നല്ല ബന്ധമാണ് ഉണ്ടായിരുന്നത് . ആ ജോലി പിന്നീട് മകന്‍ ഏറ്റെടുക്കുകയായിരുന്നു. അതുകൊണ്ടുതന്നെയാണ് ഈ ബ്രിട്ടീഷുകാരനെ ഇറ്റാലിയന്‍ കമ്പനി ഈ ഇടപാട് നേടാനായി ഉപയോഗപ്പെടുത്തിയത്. അയാളാണ് ഇപ്പോള്‍ ഹെഗിലെ കോടതിക്ക് കത്തയച്ചത്. അതിനു പിന്നില്‍ ഇറ്റാലിയന്‍ പ്രധാനമാന്ത്രിയാണോ അതോ ഇന്ത്യയിലെ ഇറ്റലി ബന്ധമുള്ളവരാണോ എന്നതും പുറത്തുവരെണ്ടതുണ്ട് . ഒരു കാര്യം തീര്‍ച്ച, മോദിയും റെന്‍സിയും തമ്മില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടന്നിട്ടുണ്ടെങ്കില്‍ അത് പുറത്തുപോയത് അവരില്‍ ഒരാളില്‍ നിന്നാവും. അത് പുറത്തു പറയേണ്ട ആവശ്യം മോദിക്കില്ല എന്നതും വ്യക്തം. പിന്നെ, ഇതെങ്ങിനെ വെളിച്ചം കണ്ടു എന്നത് പറയേണ്ടതില്ലല്ലോ. ഇനിയും ഇറ്റലിക്ക് ഇന്ത്യയെ എന്നെങ്കിലും ബന്ധപ്പെടെണ്ടി വരുമ്പോള്‍ ഇതൊക്കെ പലരും മനസ്സില്‍ കുറിച്ചിടും എന്നതിലാര്‍ക്കും സംശയമുണ്ടാവാനിടയില്ല. കാത്തിരുന്നു കാണാം.
Post Your Comments