മീറ്റ് ടു സ്ലീപ്… പൊതു ഇടങ്ങളിലെ ഉറക്കം എന്ന ആശയം ഇന്നത്തെ കാലത്ത് പൊതുകാര്യ പ്രസക്തമാണോ? അതെ എന്ന് തന്നെയാണ് ബ്ലാങ്ക് നോയിസ് എന്ന സംഘടന ആവർത്തിച്ചു വ്യക്തമാക്കുന്നത്. അത്തരം ഭീതിയില്ലാത്ത ഉറക്കങ്ങൾ ആണിന് മാത്രമല്ല സ്ത്രീകൾക്കും കഴിയണം എന്ന ഉറപ്പു നിലനിർത്താൻ എന്ന ആശയതോടെയാണ് ഇവർ പൊതു നിരത്തുകൾ ഉറക്കത്തിനായി തിരഞ്ഞെടുത്തതും. 2014 നവമ്പറിൽ തുടങ്ങി വച്ച ഈ മീറ്റ് ടു സ്ലീപ് കാമ്പയിൻ ഇന്ന് അടുത്ത ഘട്ടത്തിലേയ്ക്ക് തിരിഞ്ഞു കൊണ്ടിരിയ്ക്കുകയാണ്.
മുംബൈ, ബംഗളുരു, ദല്‍ഹി എന്നീ പ്രമുഖ നഗരങ്ങളിൾ കഴിഞ്ഞ ജനുവരി 16 നു പാർക്കുകൾ, ബീച്ചുകൾ പോലെയുള്ള പൊതു ഇടങ്ങളിൽ ഉറക്കതിലായിക്കൊണ്ട് ഇവർ പറയാൻ ആഗ്രഹിച്ചതും ഭീതിയില്ലാതെ നഗരങ്ങളും ഗ്രാമങ്ങളും രാത്രികാലങ്ങളിലും പെണ്ണിന് സ്വന്തമാക്കണം എന്ന് തന്നെ. ക്യാംപയിനിന്റെ ഭാഗമായി പൊതു ഇടങ്ങളിൽ ഇവർ ഒത്തുകൂടും. സ്നാക്സ് കഴിച്ചും വിശേഷങ്ങൾ പങ്കു വച്ചും ഏറെ നേരം, രാത്രിയിലെ ഉറക്കം വെറും നിലത്തു പായോ ഷീറ്റോ വിരിച്ചു അതിനു മുകളിൽ.
നഗരവുമായി ബന്ധപ്പെട്ട പ്രത്യേകിച്ച് രാത്രിയുമായി ബന്ധപ്പെട്ട സ്ത്രീമനസ്സുകളിൽ ഉള്ള ഭയത്തെ അകറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്നു ബ്ലാങ്ക് നോയിസ് അവകാശപ്പെടുന്നു. എന്നാൽ രാത്രികൾ എത്രമാത്രം സ്ത്രീകൾക്ക് ആശ്വാസകരമാണെന്ന് കണ്ടു തന്നെ അറിയണം. കാരണം സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ പകൽ പോലും നടക്കുന്ന കാലഘട്ടത്തിൽ, സദാചാര പൊലീസിങ്ങ് പോലെയുള്ള വിളയാട്ടങ്ങൾ കൂടുതൽ ഉള്ള ഇടങ്ങളിൽ കൂട്ടമായി നടക്കുന്നത് ഏറെക്കുറെ ഭയത്തെ അകറ്റാമെങ്കിലും രാത്രിയിൽ ഒറ്റയ്ക്കുള്ള സ്ത്രീ എന്നും ഭീതിയുടെ മുള്ളിൽ തന്നെ ആയിരിക്കും. എന്ത് തന്നെ ആയാലും ബ്ലാങ്ക് നോയിസ് പോലെയുള്ളവ പലതും പറഞ്ഞു വയ്ക്കുന്നു. രാത്രികൾ ലിംഗനീതി നോക്കാതെ എല്ലാവർക്കും ഉള്ള ഇടങ്ങൾ ആകട്ടെ.
Post Your Comments