Kerala

പാലിയേക്കര ടോള്‍ പ്ലാസയില്‍ യാത്രക്കാരന് പീഡനമേറ്റ സംഭവം: സ്ഥലം മാറ്റിയ ഡി.വൈ.എസ്.പി തിരിച്ചെത്തി

തൃശ്ശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപം സമാന്തര റോഡിലൂടെ സഞ്ചരിച്ച യാത്രക്കാരന്റെ വാഹനരേഖകള്‍ കൈവശപ്പെടുത്തുകയും ടോള്‍ നല്‍കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത ചാലക്കുടി ഡി.വൈ.എസ്.പി കെ.കെ രവീന്ദ്രന് വീണ്ടും തൃശ്ശൂരില്‍ നിയമനം.കാസര്‍ഗോഡ് ക്രൈം ഡിറ്റാച്ച്‌മെന്റിലേക്ക് സ്ഥലം മാറ്റിയ ഉദ്യോഗസ്ഥനെ സംഭവം നടന്ന് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ തിരിച്ച് നിയമിക്കുകയായിരുന്നു.

സ്‌റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയായാണ് പുതിയ നിയമനം. രവീന്ദ്രനെതിരെ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയ സ്‌റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.കെ.സുബ്രഹ്മണ്യനെ കാസര്‍ഗോട്ടേക്ക് സ്ഥലം മാറ്റുകയും ചെയ്തു. കഴിഞ്ഞ ഏഴാം തിയ്യതിയാണ് പാലക്കാട് സ്വദേശി ഹരിറാമിനേയും കുടുംബത്തേയും ഡി.വൈ.എസ്.പി തടഞ്ഞുവെച്ചത്. ഇത് ഹരിറാം മൊബൈലില്‍ പകര്‍ത്തിയിരുന്നു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.

ഉദ്യോഗസ്ഥന് വീഴ്ചപറ്റിയെന്ന് തൃശ്ശൂര്‍ റൂറല്‍ എസ്.പി കെ.കാര്‍ത്തിക് റേഞ്ച് ഐജി ആര്‍.അജിത് കുമാറിന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.കെ.രവീന്ദ്രനെ കാസര്‍ഗോട്ടേക്ക് സ്ഥലംമാറ്റിയത്. പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എസ്.സാജുവിനായിരുന്നു പകരം ചുമതല നല്‍കിയത്.

shortlink

Post Your Comments


Back to top button