കെവിഎസ് ഹരിദാസ്
രണ്ട് ദൗര്‍ഭാഗ്യകരമായ വാര്‍ത്തകളാണ് ഏതാനും മണിക്കൂറിനുള്ളില്‍ കേള്‍ക്കാനിടയായത് . ഒന്ന് , കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്ത് സ്വാമി ചിദാനന്ദപുരിയെ ഡി വൈ എഫ് ഐക്കാര്‍ ആക്രമിച്ചു എന്നതാണ്. മറ്റൊന്ന് തലസ്ഥാനത്ത് നയതന്ത്ര വിദഗ്ദ്ധനും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ ഉപാധ്യക്ഷനുമായ ടി പി ശ്രീനിവാസനും ആക്രമിക്കപ്പെട്ടു. എസ് എഫ് ഐക്കാരാണ് അതിനു പിന്നിലെന്ന് വ്യക്തമായിട്ടുണ്ട് . രണ്ടും സാംസ്‌കാരിക കേരളത്തിന് ഉണ്ടാക്കിവെച്ച അപമാനം അത്ര വലുതാണ്. ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ , അല്ല ദേശീയ തലത്തില്‍ തന്നെ, പല പ്രശ്‌നങ്ങളിലും വിട്ടുവീഴ്ചകള്‍ ചെയ്യാനും ജനവികാരത്തിന് അനുകൂലമായി ചിന്തിക്കാനും തുടങ്ങിയതിനിടയിലാണ് ഇതൊക്കെ ഇവിടെ നടന്നത്. അതുണ്ടാക്കിയ തലവേദന അതിന്റെ നേതൃത്വം ഇന്ന് നേരിട്ട് അനുഭവിക്കുന്നുണ്ടാവും എന്നാണ് കരുതേണ്ടത് . അങ്ങിനെയൊന്നും അതിന്റെ പാപഭാരം കഴുകിക്കളയാന്‍ ഇടതു പ്രസ്ഥാനത്തിനാവില്ല എന്ന് തീര്‍ച്ച. കേരളത്തിന്റെ നവോത്ഥാനം ലക്ഷ്യമിട്ട് എന്ന് പ്രഖ്യാപിച്ചുകൊണ്ട് സിപിഎമ്മിന്റെ സംസ്ഥാനത്തെ ഏറ്റവും പ്രമുഖ നേതാവ് ഒരു യാത്ര നടത്തുന്നതിനിടയിലാണ് ഇതെല്ലം നടക്കുന്നത് എന്നതും പറയാതെ വയ്യ.
സപര്യ ധര്‍മ്മ സേവാസമിതി കുറ്റ്യാടിക്കടുത്ത് അരൂര്‍ കോട്ടുമുക്കില്‍സംഘടിപ്പിക്കുന്ന ‘ഹൈന്ദവം 2016’ എന്ന പ്രഭാഷണ പരമ്പരയുടെ അഞ്ചാം ദിവസമായ വ്യാഴാഴ്ചയാണ് അക്രമം അരങ്ങേറിയത്. .അവിടെ ഒരു സ്‌കൂളില്‍ തയ്യാറാക്കിയ വേദിയില്‍ വൈകീട്ട് ചിദാനന്ദപുരി സ്വാമിജി പ്രഭാഷണം ആരംഭിച്ചതോടെ പ്രാദേശിക നേതാക്കളടക്കം അന്‍പതോളം പേരടങ്ങുന്ന സിപിഎം- ഡി വൈ എഫ് ഐ സംഘമാണ് മുദ്രാവാക്യം വിളികളുമായി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. ഹിന്ദു സംഘടനാ നേതാക്കളും ഭക്തരും ചേര്‍ന്ന് സ്വാമിജിക്ക് വലയം സൃഷ്ടിച്ച് അക്രമം തടയുകയായിരുന്നുവത്രേ. കേരളത്തില്‍ ഇന്നുള്ള സന്യസിവര്യന്മാരില്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വമാണ് ചിദാനന്ദ പുരി സ്വാമികള്‍. പണ്ഡിതനാണ്; നല്ല പ്രഭാഷകന്‍; ഒരുകാലത്തും ഒരു വിവാദത്തിലും ചെന്ന് പെട്ടിട്ടില്ലാത്ത സന്യാസിവര്യന്‍. വരട്ടു വാദമൊന്നും ഒരുകാലത്തും അദ്ദേഹത്തിന്റെ നാവില്‍നിന്നും കേള്‍ക്കാറില്ല. പ്രായോഗിക മായി ചിന്തിക്കുന്ന അതേസമയം ഹിന്ദുത്വ നിലപാടില്‍ അടിയുറച്ചു വിശ്വസിച്ചു നീങ്ങുന്ന സന്യാസ്യിവര്യന്‍. എന്തിനാണ് അദ്ദേഹത്തെ കടന്നാക്രമിക്കാന്‍ തീരുമാനിച്ചത്?. അദ്ദേഹം വേദങ്ങളെയും ഹിന്ദു ധര്‍മ്മത്തെയും അധിഷ്ടിതമാക്കി ആധ്യാത്മിക പ്രഭാഷണങ്ങള്‍ നടത്തുന്നതിനാലാണോ?. ഇത് സിപിഎമ്മിന് ഗുണം ചെയ്യുമെന്നു കരുതുന്നുവോ?.
കോവളത്ത് നടക്കുന്ന ആഗോള വിദ്യാഭ്യാസ സംഗമത്തില്‍ പങ്കെടുക്കാനെത്തവെയാണ് മുന്‍ അംബാസഡറും വിദേശകാര്യ വിദഗ്ധനുമായ ടി.പി ശ്രീനിവാസനെ ആക്രമിച്ചത്. കേരളത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ വരാനിരിക്കുന്ന വലിയ മാറ്റത്തിന് വഴിയോരുക്കുന്നത് എന്ന നിലക്കാണ് ആഗോള വിദ്യാഭ്യാസ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്നാട്ടിലേക്ക് കടന്നുവരാന്‍ വേദി ഒരുക്കുന്നത് അടക്കമുള്ള വിഷയങ്ങള്‍ ഈ സമ്മേളനത്തിന്റെ പരിഗണയില്‍ വരുന്നുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള വിദ്യാഭ്യാസ വിദഗ്ദ്ധര്‍ അതില്‍ സംബന്ധിക്കുന്നുമുണ്ട്. ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ ഉപാധ്യക്ഷനെന്ന നിലയില്‍ ടിപി ശ്രീനിവാസന്‍ അതിനായി അത്യധ്വാനം തന്നെ നടത്തിയിരുന്നു. അതിന്റെ ആരംഭത്തിലാണ് അദ്ദേഹത്തെ ഇക്കൂട്ടര്‍ അടിച്ചുവീഴ്ത്തിയത്. എന്തൊരു ഗതികേടാണിത്. കഷ്ടമെന്നല്ലാതെ അതിനെ വേറെന്താണ് വിളിക്കുക?.
കേരളത്തില്‍ സന്യാസിവര്യന്മാരെ സിപിഎംകാര്‍ ആക്രമിക്കുന്നത് ഇതാദ്യമായല്ല. എത്രയോ പേരെ അവരിവിടെ കൈകാര്യം ചെയ്തിരിക്കുന്നു. ഹിന്ദു സന്യാസിമാര്‍ സത്യത്തിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുമ്പോള്‍ സിപിഎമ്മിന് വിഷമമുണ്ടാവാറുണ്ട് . ലോകം കണ്ട മഹാനായ സന്യാസി, സ്വാമി ചിന്മയാനന്ദജിയെ ചൂലുമായി അവര്‍ നേരിട്ടതും നാം കണ്ടിട്ടുണ്ട്. ഭഗവദ് ഗീതാ ജ്ഞാന യജ്ഞവുമായി നാടുനീളെ സഞ്ചരിക്കുന്നതിനിടയിലാണ് അദ്ദേഹത്തിനു ഇത് നേരിടേണ്ടി വന്നത്. ചേങ്കോട്ടുകോണം മഠത്തിന്റെ അധിപതിയായിരുന്ന സ്വാമി സത്യാനന്ദ സരസ്വതിയെയും അതുപോലെ അവര്‍ പലവട്ടം മുന്‍പ് നേരിട്ടിട്ടുണ്ട്. കാവിധരിച്ചു കണ്ടാല്‍ എതിര്‍ക്കണം എന്നതാണ് അവരുടെ പ്രഖ്യാപിത നിലപാട്. ശ്രീനാരായണ ഗുരുദേവന്റെ സമാധി ഉള്‍ക്കൊള്ളുന്ന ശിവഗിരിയെപോലും അവര്‍ മുന്‍പ് വെറുതെ വിട്ടിട്ടില്ലല്ലോ. മുന്‍പൊരിക്കല്‍ ഇ എം എസ് നമ്പൂതിരിപ്പാടിനെ ശിവഗിരിയില്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചപ്പോള്‍ അത് നിരാകരിക്കാന്‍ അദ്ദേഹം തയാറായത്. ‘അവിടെ പോയാല്‍ താനിതുവരെ പറഞ്ഞതെല്ലാം തെറ്റാണ് എന്ന് സമ്മതിക്കലാവും ഫലം’ എന്നാണ് നമ്പൂതിരിപ്പാട് അന്ന് പറഞ്ഞത്. ഇന്നിപ്പോള്‍ ശിവഗിരിയെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍ സിപിഎം എന്തെല്ലാമൊക്കെയൊ ചെയ്യുന്നുമുണ്ട്. ഇത്തവണ സീതാറാം യെച്ചൂരി പോലും അവിടെയെത്തിയത് ഓര്‍മ്മിക്കുക. മുന്‍പ് ശിവഗിരി മഠത്തിലെ സ്വാമി പ്രകാശാനന്ദക്കെതിരെ ഇതേ പാര്‍ട്ടിക്കാര്‍ എന്തെല്ലാം പറഞ്ഞു എന്നത് നമുക്കറിയാം. അതേ സ്വാമി പ്രകാശാനന്ദയെ ഇന്ന് അവര്‍ അംഗീകരിക്കുന്നു. സിപിഎമ്മിന്റെത് വ്യക്തതയില്ലാത്തതും അതെ സമയം അവസരവാദ പരവുമായ നിലപാടാണ് ഹിന്ദു വിശ്വാസം, സന്യാസിമാര്‍ തുടങ്ങിയവരുടെ കാര്യത്തിലുമുള്ളത് എന്ന് പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. ചരിത്രത്തില്‍ നിന്ന് അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാന്‍ ഇനിയെങ്കിലും സിപിഎം തയാറാവുമോ എന്നാണു അറിയേണ്ടത്.
ടിപി ശ്രീനിവാസനെതിരെ ഇന്ന് നടന്ന ആക്രമണത്തെ സിപിഎമ്മിന്റെ ജില്ലാ നേതാക്കള്‍ വിമര്‍ശിച്ചിട്ടുണ്ട് . എന്നാല്‍ അത് എന്തുകൊണ്ട് സംഭവിച്ചു?. കേരളത്തിലുള്ള ഒരാള്‍ക്കും അദ്ദേഹത്തെ പരിചയപ്പെടുത്തെണ്ടാതില്ല. ടിവി ചാനല്‍ ചര്‍ച്ചകളിലും മറ്റും സജീവമായ അദ്ദേഹം ഇക്കാര്യത്തിലൊക്കെ പുലര്ത്തുന സത്യസന്ധത രാഷ്ട്രീയ ഭേദമന്യേ സര്‍വരും അംഗീകരിക്കാറുണ്ട്. കേരളത്തില്‍ മാത്രമല്ല വിദേശ കാര്യവിഷയങ്ങളില്‍ ഒരു അവസാനവാക്ക് എന്നുവേണമെങ്കില്‍ പറയാവുന്ന വ്യക്തിത്വമാണ് ശ്രീനിവാസന്‍. മറ്റ് എന്തെങ്കിലും ചുമതലയോ സ്ഥാനമാനങ്ങളോ കിട്ടാത്തതുകൊണ്ടല്ല അദ്ദേഹം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ ഉപാധ്യക്ഷ പദവി ഏറ്റെടുത്തത് എന്നത് സര്‍വര്‍ക്കുമറിയാം . കേരളത്തിനായി എന്തെങ്കിലും നല്ലത് ചെയ്യണം എന്നതായിരുന്നു തന്റെ ആഗ്രഹമെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലാണ് അതിനു കഴിയുന്നതെങ്കില്‍ ഏറ്റവും സന്തോഷം എന്നതാണ് അക്കാര്യം സൂചിപ്പിക്കവേ അദ്ദേഹം പറഞ്ഞത്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ എന്തുചെയ്യാന്‍ ശ്രമിച്ചാലും ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കുമറിയാം. മുണ്ടശ്ശേരി മാഷിനും എം എ ബേബിക്കും ഒക്കെയുള്ള അനുഭവങ്ങള്‍ അത്രമാത്രമുണ്ടല്ലോ. പരിഷ്‌കരണ നടപടികള്‍ക്ക് ആലോചിച്ചാല്‍ തന്നെ എതിര്‍പ്പുയരും. കേരളത്തില്‍ എന്നും അതിലൊക്കെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും നിറം കാണാന്‍ കഴിഞ്ഞിട്ടുമുണ്ട്. പിന്നെ ഇന്നത്തെ വിദ്യാഭ്യാസ മന്ത്രിയെക്കുറിച്ച് എന്തെങ്കിലും പറയാതിരിക്കുന്നതാണല്ലോ ഭേദം. അത്തരം ഒരു വിദ്യാഭ്യാസ മന്ത്രിക്കൊപ്പം നിന്നാണ് ടി പി ശ്രീനിവാസന്‍ ഇതിനൊക്കെ ഇറങ്ങിപ്പുറപ്പെട്ടത് . എന്നിട്ടും അദ്ദേഹം വളരെയേറെ മുന്നോട്ടുപോയി. വിദേശങ്ങളില്‍ നിന്നടക്കം അനവധി വിദഗ്ദ്ധര്‍ കോവളം സമ്മേളനത്തിന് എത്തിയിട്ടുണ്ട്. അവര്‍ക്ക് ഈ അക്രമം എന്ത് സന്ദേശമാണ് നല്കുക എന്നത് പറയേണ്ടതില്ലല്ലോ. ഇവിടെ ഇതൊക്കെയാണ് നടക്കുക എന്ന് തിരിച്ചറിയുമ്പോള്‍ ഇവിടേയ്ക്ക് ആരാണ് കടന്നുവരിക?.
എന്തിനോടും പ്രതിഷേധങ്ങള്‍ നടക്കട്ടെ. അതിനുള്ള അവകാശമൊന്നും ഇവിടെയാരും തള്ളിക്കളയുന്നില്ല. എന്നാല്‍ അതൊക്കെ സാമാന്യ മര്യാദകള്‍ പാലിച്ചുകൊണ്ടുതന്നെയാവണമല്ലോ. പിന്നെ, അതുകൊണ്ട് ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ ഇനിയെങ്കിലും ഉത്തരവാദപ്പെട്ട രാഷ്ട്രീയ കക്ഷികള്‍ മനസിലാക്കണ്ടേ ?. ഉദ്യോഗസ്ഥരോട് എന്തിനാണ് ഇങ്ങനെയൊക്കെ പെരുമാറുന്നത്?. പണ്ടൊരിക്കല്‍ ഒരു യുവ ഐ എ എസ് ഉദ്യോഗസ്ഥന്റെ തലയിലൂടെ കരിയോയില്‍ ഒഴിച്ചത് കേരളം കണ്ടിട്ടുണ്ട്. ഇന്ന് ഭരണം കയ്യാളുന്നവരാണ് അന്നത് ചെയ്തത്. ഇന്നിപ്പോള്‍ അവരെല്ലാം ശ്രീനിവാസനെ ആക്രമിച്ചതിനെ വിമര്‍ശിക്കുന്നു. രാഷ്ട്രീയം ഏതു തലത്തില്‍ വരെയും താഴാമെന്നര്‍ധം.
ഇവിടെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവണ്ടേ. ലോകമെമ്പാടുമുള്ള ആധുനിക സൌകര്യങ്ങള്‍ ഇവിടേയ്ക്ക് കുറച്ചെങ്കിലും കടന്നുവരണ്ടേ. അതിനോക്കെക്കൂടിയാണ് ആഗോള വിദ്യാഭ്യാസ സംഗമം സംഘടിപ്പിച്ചത്. അതിനെക്കുറിച്ച് ഒരിക്കല്‍ ടിപി ശ്രീനിവാസനുമായി കുറച്ചുനേരം ആശയവിനിമയം നടത്താനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു; വളരെ കുറച്ചു സമയം. എന്നാല്‍ അതില്‍നിന്ന് തന്നെ ഇക്കാര്യത്തില്‍ അദ്ദേഹം, ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ ചെയ്ത കാര്യങ്ങള്‍ കുറെയേറെ മനസിലാക്കാനായി. വലിയ പ്രതീക്ഷ നല്കുന്ന ഒരു സംരംഭമാണിത്. അതിനെ തുടക്കത്തിലെ എതിര്‍ക്കുക എന്നാല്‍ മാറ്റത്തോട് പിന്തിരിഞ്ഞു നില്ക്കുക എന്നതാണ് കാര്യം. സിപിഎം അതിനെ ഇങ്ങനെ കാണുന്നത് കഷ്ടം തന്നെയാണ്. ഇതിനെ അസഹിഷ്ണുത എന്നാണു വിളിക്കേണ്ടത്; അതിനൊപ്പം അല്‍പ്പത്തമെന്നും. ചിദാനന്ദപുരി സ്വാമികളെ ആക്രമിച്ചതും ആ അല്‍പ്പത്തം കൊണ്ടുതന്നെ. സ്വാമിയുടെ സ്ഥാനത്തു ഒരു ബിഷപ്പോ അല്ലെങ്കില്‍ ഒരു ഇമാമോ ആയിരുന്നുവെങ്കില്‍ ഇന്നിവിടെ എന്താവുമായിരുന്നു സംഭവിച്ചിരുന്നത് എന്നത് പറയേണ്ടതില്ലല്ലോ. ടിപി ശ്രീനിവാസന് പകരം ആക്രമിക്കപ്പെട്ടത് ഒരു വിദേശ പ്രതിനിധി ആയിരുന്നുവെങ്കില്‍ എന്താണ് ഉണ്ടാവുമായിരുന്നത് എന്നതും ഈ വേളയില്‍ എല്ലാവരും വിലയിരുത്തുക. അസഹിഷ്ണുത യഥാര്‍ഥത്തില്‍ ഇവിടെ ആര്‍ക്കാണ് ?. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പലപ്പോഴും നടന്നത് അതിന്റെ പേരിലല്ലേ…………അതിന്റെയൊക്കെ തുടര്ച്ചയല്ലേ സ്വാമിജിക്കും ശ്രീനിവാസനും എതിരെ നടന്ന അതിക്രമങ്ങള്‍?. അതൊക്കെ അവസാനിപ്പിക്കാന്‍ ഇനിയെങ്കിലും കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനം തയ്യാറാവണ്ടേ, ഇനിയെങ്കിലും?.
Post Your Comments