ChilambuWriters' Corner

പ്രവാസികളേ ഇനിയെങ്കിലും പാലിക്കൂ സാമ്പത്തികഅച്ചടക്കം

എൻ സനിൽ കുമാർ

ബാലന്‍സ് ഷീറ്റില്‍ ഭീമമായ കടങ്ങളുമായി ഓരോ അവധിക്കാലവും കഴിഞ്ഞു പ്രവാസത്തിലേക്ക് മടങ്ങിയെത്തുന്നവരെ ഇനി കാത്തിരിക്കുന്നത് അസ്ഥിരതയുടെ കാലമാണ്.
ആഗോളവിപണിയിൽ എണ്ണയുടെ വിലയിടിവ് പ്രവാസികളുടെ സ്വപ്നങ്ങളെയും ബാധിച്ചു തുടങ്ങിയിരിക്കുന്നു.മുന്നോട്ടുള്ള നാളുകൾ കരുതലോടെ തന്നെ ജീവിക്കേണ്ടിയിരിക്കുന്നു.
ആർഭാടങ്ങളുടെ മായികലോകത്തു നിന്നും യഥാർത്ഥജീവിതത്തിന്‍റെ ലാളിത്യത്തിലേക്ക്‌ ഇറങ്ങിവരാൻ പ്രവാസി പഠിക്കണം.ജീവിതത്തിലെ സകലസമ്പാദ്യവും ഒരു വീട് നിർമ്മിച്ച്‌ ചെലവാക്കുന്ന അനേകം പ്രവാസികൾ ഉണ്ട്.സ്വന്തം വരുമാനം കൃത്യമായി മനസ്സിലാക്കി അതിലൊതുങ്ങുന്ന ഒരു വീട് നിർമ്മിക്കാൻ ശ്രമിക്കാതെ നാട്ടുകാരെ അമ്പരിപ്പിക്കുന്ന വീടുകൾ നിർമിച്ച് സംതൃപ്തിയടയുന്ന പ്രവാസികൾ വരാനിരിക്കുന്ന ദുരിതകാലത്തെക്കുറിച്ച് ഒട്ടും ബോധവാന്മാരല്ല.സന്തോഷവും സമാധാനവും നിറഞ്ഞു നില്‍ക്കുമ്പോഴാണ് ഒരുവീട് ജീവിതത്തിന്‍റെ സൗന്ദര്യത്തെ പുല്‍കുന്നത്.

ഭീമമായ ലോണുകള്‍ എടുത്ത് കൊട്ടാരസദൃശമായ വീടുകൾ നിർമ്മിച്ച്‌ ജീവിതകാലം മുഴുവൻ അതിന്‍റെ ബാധ്യതകളുമായി മല്ലിട്ട് ജീവിക്കുന്ന ഹതഭാഗ്യർക്ക് നഷ്ടമാകുന്നത് ജീവിതത്തിലെ സന്തോഷവും സമാധാനവുമാണ്.പ്രവാസിയുടെ സാമ്പത്തികപ്രശ്നങ്ങൾ ഒരിക്കലും അവസാനിക്കില്ല…നാട്ടിൽ പോകുമ്പോൾ നടത്തുന്ന വലിയ വലിയ ഷോപ്പിങ്ങുകൾ …,..അതിനായി രണ്ടോ മൂന്നോ മാസത്തെ ശമ്പളം ഒരുമിച്ചു ചിലവാക്കേണ്ടി വരും…. നാട്ടില്‍ പോകുമ്പോൾ കണ്ണിൽ കണ്ടതെല്ലാം വാങ്ങി ബാഗില്‍ നിറയ്ക്കുന്ന ഷോപ്പിംഗ്‌ മാമാങ്കം ഒഴിവാക്കുക…ഗള്‍ഫുകാരന്‍ പത്തു വലിയ ബാഗുകളുമായി വന്നിറങ്ങണം എന്ന പഴയ സങ്കല്പം മാറ്റി മറിച്ച് ഏറ്റവും ആവശ്യമുള്ളതും നാട്ടിൽ കിട്ടുന്നതിനേക്കാൾ ലാഭത്തില്‍ കിട്ടും എന്ന് ഉറപ്പുള്ളതും ആയ കുറച്ചു സാധനങ്ങൾ മാത്രം വാങ്ങുക…ഓരോ മാസാവസാനവും എണ്ണി വാങ്ങുന്ന കാശ് അതേപോലെ തന്നെ നാട്ടിലേക്ക് അയച്ചു കൊടുക്കുന്നവരാണ് ഭൂരിഭാഗവും… അയക്കുന്ന കാശ് വക മാറ്റി അനാവശ്യമായി ചിലവഴിക്കപ്പെടുന്നുണ്ട് എന്നത് ഒരു സത്യമാണ്…പ്രവാസി നാട്ടിൽ വന്നു ബാങ്ക് ബാലന്‍സ്‌ നോക്കിയാൽ ചിലപ്പോൾ തിരിച്ചു പ്രവാസത്തിലേക്കു തന്നെ മടങ്ങാൻ ആവശ്യമായ തുക പോലും കാണില്ല എന്നത് പലരുടെയും ജീവിതത്തിൽ നിന്നും നാം കാണുന്ന ഒരു ദുരന്തം ആണ്…
അതുകൊണ്ട് നാട്ടിലേക്ക് പണം അയക്കുമ്പോൾ ഒന്ന് സൂക്ഷിക്കുക…കുറച്ചു കാശ് സ്വന്തം അക്കൌണ്ടിൽ സുരക്ഷിതമായി നിക്ഷേപിക്കുക…അതിന്റെ ബാക്കി മാത്രം അയക്കുക…

മാസാമാസം ഒരു ചെറിയ തുക നിക്ഷേപിച്ചാലും നാട്ടിൽ പോയാൽ ജീവിക്കാൻ കഴിയും…
അതുകൊണ്ട് സുരക്ഷിതമായ നിക്ഷേപങ്ങളെ കുറിച്ച് ആലോചിക്കുക…പ്രവാസത്തിലേക്കുള്ള വിമാനയാത്ര ആരംഭിക്കുന്നത് ഒരുപാട് മോഹനസ്വപ്നങ്ങളുമായാണ് .കിട്ടുന്ന പണമൊക്കെ കൂട്ടി വെച്ച് നല്ല ഒരു സമ്പാദ്യം ഉണ്ടാക്കി നാലോ അഞ്ചോ വർഷത്തിനുള്ളിൽ പ്രവാസംമതിയാക്കി തിരിച്ചു വന്നു നാട്ടിൽ കുടുംബവുമൊത്ത് സന്തോഷമായി ജീവിക്കണം…പക്ഷെ,പോകുന്നവരിൽ ഭൂരിഭാഗം പേരും വർഷങ്ങളേറെക്കഴിഞ്ഞാലും ജോലി മതിയാക്കി വരില്ല…ഇനി അഥവാ നേരത്തെ വരുന്നവർ തന്നെ തൊഴിൽ പ്രശ്നങ്ങൾ മൂലമോ രോഗങ്ങൾ മൂലമോ വരുന്നവർ ആയിരിക്കും…
ഇതിനർത്ഥം അഞ്ചു കൊല്ലം കൊണ്ട് ഉണ്ടാക്കാം എന്ന് വിചാരിച്ചത് ഉണ്ടാക്കാനോ തീർക്കാം എന്ന് വെച്ച പ്രശ്നങ്ങൾ തീർക്കാനോ അതിന്‍റെ നാലിരട്ടി സമയം കിട്ടിയിട്ടും അവർക്ക് കഴിഞ്ഞില്ല എന്നതാണ്…എന്തുകൊണ്ട് കഴിഞ്ഞില്ല എന്ന ചോദ്യത്തിന്‍റെ ഉത്തരം തേടി പോകുമ്പോഴാണ് പ്രവാസി നേരിടുന്ന പല പ്രശ്നങ്ങളുടെയും കാരണങ്ങളും കാഠിന്യവും മനസ്സിലാകുക..
ജീവിത ശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കാരണം അനേകം രോഗങ്ങൾ പ്രവാസികളെ കാത്തിരിക്കുന്നുണ്ട്…പിന്നെ ഉള്ളത് മാനസിക സംഘർഷങ്ങളാണ്. കുടുംബത്തെക്കുറിച്ചുള്ള കടുത്ത ആകുലത, പുതിയ ചുറ്റുപാടുമായി പൊരുത്തപ്പെടാനുള്ള പ്രയാസം, ജോലിസ്ഥലത്തെ കടുത്ത നിലപാടുകൾ , ജോലിഭാരം, തൊഴിലിലെ അസംതൃപ്തി, ഒറ്റപ്പെടൽ തുടങ്ങി നിരവധി പ്രശ്നങ്ങൾ സംഘർഷങ്ങളിലേക്കു നയിക്കുന്ന ഘടകങ്ങളാണ്.

വിശ്രമം, വിനോദം, ഉറക്കം, വ്യായാമം, സൌഹൃദങ്ങൾ ഇവയൊക്കെ വല്ലാത്ത നഷ്ടബോധമുണ്ടാക്കുന്നു. ജോലിസമയം കഴിഞ്ഞു വന്നാൽ ഒന്നുകിൽ ടിവിയുടെ മുന്നിൽ ചടഞ്ഞിരിക്കുക…അല്ലെങ്കില്‍ ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിൽ കയറി അടയിരിക്കുക…ഇനി അതുമല്ലെങ്കിൽ വീട്ടുകാരെയും നാട്ടുകാരെയും ഫോൺ ചെയ്തു മണിക്കൂറുകളോളം സംസാരിക്കുക എന്നിവയാണ് ഒഴിവുസമയ വിനോദങ്ങൾ ….,..അതില്‍ ഒരു മണിക്കൂർ എങ്കിലും വ്യായാമത്തിനായി ചിലവഴിക്കാൻ തുടങ്ങിയാൽ തന്നെ കുടവയറും അത് നിറയെ രോഗങ്ങളുമായി നാട്ടിലേക്ക് വണ്ടി കയറേണ്ടി വരില്ല… ഭക്ഷണ ശീലം കൊണ്ട് ബുദ്ധിമുട്ടുന്ന പ്രവാസികളെ രണ്ടായി തിരിക്കാം…അമിതഭക്ഷണം മൂലം പ്രയാസപ്പെടുന്നവരും പിന്നെ പട്ടിണി കിടക്കുന്നവരും…ആദ്യത്തെ ആൾക്കാർക്ക് ഭക്ഷണം സുലഭമായിരിക്കും പ്രത്യേകിച്ച് അറബിനാടുകളിലെ പൊരിച്ചതും വറുത്തതും എണ്ണ കലർന്നതുമായ മാംസാഹാരങ്ങൾ
പക്ഷെ പിന്നീട് രോഗങ്ങളുമായി നരകിക്കുമ്പോൾ വേണ്ടായിരുന്നു എന്ന് മനസ്സിലെങ്കിലും പറയും…
അതുപോലെ രണ്ടാമത്തെ കൂട്ടർ മുണ്ട് മുറുക്കി ഉടുത്തും കാശ് ഉണ്ടാക്കി വീട്ടില്‍ അയച്ചു കൊടുക്കും…അല്ലെങ്കില്‍ ബാങ്കിൽ നിക്ഷേപിക്കും…ദാഹിക്കുമ്പോള്‍ ഒരു കുപ്പി വെള്ളം പോലും വാങ്ങി കുടിക്കില്ല…ഇത്തരക്കാർക്ക് അൾസർ ,മൂത്രസംബന്ധമായ അസുഖങ്ങൾ തുടങ്ങിയവ ഉറപ്പാണ്…പിന്നീട് ഇങ്ങനെ മുണ്ട് മുറുക്കി ഭക്ഷണം കഴിക്കാതെ ഉണ്ടാക്കിയ കാശ് രോഗങ്ങൾ മൂലം നട്ടം തിരിയുമ്പോൾ ഡോക്ടർക്ക് കൊടുക്കാനേ തികയൂ എന്നതാണ് അവസ്ഥ…അതുകൊണ്ട് കൃത്യമായ സമയത്ത് ശരിയായ അളവില്‍ നല്ല ഭക്ഷണം കഴിക്കുക…ധാരാളം വെള്ളം കുടിക്കുക..ഇതിനൊക്കെ കാശ് ചിലവാക്കാൻ മടി കാണിക്കാതിരിക്കുക…ഭക്ഷണം കഴിക്കുന്ന കാശ് ഇന്ത്യൻ രൂപയിലേക്ക് കാല്‍കുലേറ്റു ചെയ്യാൻ ശ്രമിച്ചു നെഞ്ചിടിപ്പ് കൂട്ടാതിരിക്കുക…
പ്രവാസം ഒരു പ്രയാസമായിക്കരുതുന്നത് അവസാനിപ്പിക്കാൻ മനപ്പൂർവ്വമായുള്ള ശ്രമങ്ങളിൽ ഏർപ്പെടണംമാനസികവും ശാരീരികവുമായുള്ള ആരോഗ്യം നിലനിർത്തണം. .
സാമ്പത്തിക അച്ചടക്കം പാലിക്കണം .കലാസാമൂഹികസാംസ്ക്കാരികരംഗങ്ങളിൽ പങ്കാളിയാകാനുള്ള അവസരങ്ങൾ പാഴാക്കരുത് . പ്രാവസലോകത്തേക്കുള്ള യാത്രയ്ക്കായി അച്ചാറുകളും ചിപ്സ്പായ്ക്കറ്റുകളും ബാഗില്‍ നിറയ്ക്കുമ്പോൾ കുറച്ചുപുസ്തകങ്ങൾക്ക് കൂടിസ്ഥലം ഒഴിച്ചിടണം.

എല്ലാത്തിലുമുപരി നമ്മുടെ സഹജീവികളുടെ പ്രശ്നങ്ങളിൽ നമ്മെക്കഴിയുമ്പോലെ ഇടപെടണം ..
നിയമക്കുരുക്കുകളിൽ അകപ്പെട്ട് യാതൊരുരേഖകളും ഇല്ലാതെ നരകിക്കുന്ന നിരവധിമനുഷ്യരുടെ ജീവിതം കാണുന്നത്കൊണ്ട്മാത്രം ഇതുകൂടി കുറിക്കുന്നു;എങ്ങനെയെങ്കിലും ഗൾഫിൽ എത്തിയാൽ ജീവിതം നേരെയായി എന്ന ചിന്തയോടെ ആരും പ്രവാസിയാകാൻ ഒരുങ്ങരുത് .ഏതെങ്കിലും ഒരുതൊഴിലിൽ കൃത്യമായ വൈദഗ്ധ്യം നേടിയിരിക്കണം.തൊഴിൽ സ്ഥാപനത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചുമുള്ള വിവരങ്ങൾ അറിയാൻ വളരെയധികംമാർഗ്ഗങ്ങൾ ഉള്ള ഇക്കാലത്ത് തട്ടിപ്പ്കാരുടെ വാചകമടിയിൽ വീഴരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button