ഷഫീക് ഐ എസ്
രണ്ടു പതിറ്റാണ്ടിലധികം ഭരണകൂടം പ്രയോഗിച്ച എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനിയുടെ ഇരകള്‍ വീണ്ടുമൊരിക്കല്‍ കൂടി നിലനില്‍പ്പിനു വേണ്ടിയുള്ള സമരത്തിലാണ്. ജനുവരി 26 ന് സെക്രട്ടേറിയേറ്റിനു മുമ്പില്‍ വി.എസ്.അച്ചുതാനന്ദന്‍ ചെയര്‍മാനായ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സംയുക്ത സമിതിയുടെയും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെയും നേതൃത്വത്തില്‍ ആരംഭിച്ച അനിശ്ചിതകാല പട്ടിണി സമരം മുന്നോട്ട് വെയ്ക്കുന്നത് മുമ്പ് സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ പാലിക്കണമെന്ന ആവശ്യം മാത്രമാണ്. ബിജു രമേശിന്റെ ബാര്‍ക്കോഴയിലും സരിതയുടെ സോളാറിലും പെട്ട് ഉഴറുന്ന സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് മുമ്പ് മുഖം രക്ഷിയ്ക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ ഈ പാവങ്ങളുടെ നൊമ്പരം കാണാതെ പോവുകയാണ്. സരിതയുടെ വെളിപ്പെടുത്തലുകള്‍ക്കു പുറമേ മുഖ്യധാരാ മാധ്യമങ്ങള്‍ വര്‍ദ്ധിച്ച ആവേശത്തോടെ പായുമ്പോള്‍ അര്‍ഹിയ്ക്കുന്ന തരത്തിലുള്ള മാധ്യമ ശ്രദ്ധയോ വാര്‍ത്താ പ്രാധാന്യമോ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു ലഭ്യമാകാതെ പോകുന്നു. എല്ലാ രാഷ്ട്രീയ മുന്നണികളിലും പെട്ട നേതാക്കള്‍ ഇവിടെ വന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു പോകുന്നതല്ലാതെ ശക്തമായൊരു നിലപാടെടുക്കുവാനോ, ഫലപ്രദമായി ഇതിലിടപെടോനോ ആരും തയ്യാറാവുന്നില്ല എന്നത് ദുഖകരമാണ്.
2014 ജനുവരി 26 ന് മുഖ്യമന്ത്രിയുടെ വസതിക്കു മുമ്പില്‍ അമ്മമാര്‍ നടത്തിയ മൂന്നു ദിവസത്തെ സമരത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ പാലിക്കാന്‍ ഇനിയും അവര്‍ക്കു കഴിഞ്ഞിട്ടില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിലും ,ദുരിതബാധിതര്‍ക്കായുള്ള ചികിത്സാ-പഠന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും സര്‍ക്കാരിന്റെ ബോധപൂര്‍വവും, കുറ്റകരവുമായ വീഴ്ച്ച വ്യക്തമായും കാണുവാന്‍ സാധിയ്ക്കും. ഇത്തവണ ഇരകളായ മക്കളെയുമെടുത്ത് സെക്രട്ടേറിയേറ്റിനു മുമ്പില്‍ ദയനീയരായ അമ്മമാര്‍ സമരം ചെയ്യുന്നത് ദുരിതബാധിതരുടെ മുഴുവന്‍ കടങ്ങളും എഴുതിത്തള്ളൂക, ദുരിതബാധിതരെ പുനരധിവസിപ്പിക്കുക, ഗോഡൗണുകളിലെ എന്‍ഡോള്‍ഫാന്‍ നീക്കം ചെയ്ത് നിര്‍വീര്യമാക്കുക തുടങ്ങിയ പതിനൊന്ന് ആവശ്യങ്ങള്‍ സര്‍ക്കാരിനു മുന്നില്‍ വെച്ചുകൊണ്ടാണ്.
5837 പേരുകളുള്ള ദുരിത ബാധിതരുടെ പട്ടികയില്‍ 2790 പേര്‍ക്ക് മാത്രമാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത സാമ്പത്തിക സഹായം ഭാഗികമായെങ്കിലും ലഭിച്ചത്. നിശ്ചയിക്കപ്പെട്ട അതിര്‍ത്തിക്കുള്ളിലും പുറത്തുമായി പതിനായിരത്തിലധികം ഇരകളാണ് സഹായം ലഭിക്കാതെ നരകയാതനയെ നേരിടുന്നത്. അര്‍ഹരായവരെ കണ്ടെത്താനുള്ള മെഡിക്കല്‍ ക്യാംമ്പും, ലഭിക്കേണ്ട പെന്‍ഷനും നിരന്തരം അട്ടിമറിക്കപ്പെടുന്നതും, നഷ്ടപരിഹാരത്തിനായുള്ള ട്രിബ്യൂണലിന്റെ അഭാവവും ഇരകളുടെ ജീവിതം കൂടുതല്‍ ദയിനീയമാക്കി മാറ്റുന്നു. എന്മകജെ എന്ന നോവലിലൂടെ അംബികാസുതന്‍ മാങ്ങാടും, തന്റെ ഫോട്ടോ ഫീച്ചറുകളിലൂടെ ഫോട്ടോഗ്രാഫര്‍ മധുരാജും വരച്ചു കാട്ടിയ എന്‍ഡോസള്‍ഫാന്റെ ഭീകരത ഡോ.ബിജു തന്റെ പുതിയ ചിത്രമായ വലിയ ചിറകുള്ള പക്ഷികളിലൂടെ അവതരിപ്പിയ്ക്കുന്നുണ്ട്. ഒരേ സമയം തികഞ്ഞ ഭരണകൂട ഭീകരതയുടെയും, നീതിനിഷേധത്തിന്റെയും ഇരകളായ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരത്തോട് ഐക്യപ്പെട്ട് വി.എസ്.അച്ചുതാനന്ദന്‍, സുഗതകുമാരി , ബി.ആര്‍.പി.ഭാസ്‌കര്‍, കുരീപ്പുഴ ശ്രീകുമാര്‍ തുടങ്ങി നിരവധിപ്പേര്‍ സമരത്തില്‍ പങ്കെടുത്തു സംസാരിച്ചിരുന്നു.
Post Your Comments