അറ്റ്‌ലാന്റിക്കിന് മുകളിലൂടെ പറക്കുമ്പോള്‍ അമേരിക്കന്‍ എയര്‍ലൈന്‍സില്‍ ദുരൂഹതയുണര്‍ത്തുന്ന സംഭവങ്ങളുടെ പരമ്പര. ഫ്‌ളൈറ്റ് അറ്റന്‍ഡര്‍ ബോധം കെട്ട് വീണതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പിന്നാലെ അഞ്ച് എയര്‍ ഹോസ്റ്റസുമാരും ബോധരഹിതരായി. പിന്നാലെ യാത്രക്കാര്‍ക്കും ശാരീരികാസ്വസ്ഥതകള്‍ തുടങ്ങിയതോടെ വിമാനം യാത്രപുറപ്പെട്ട ലണ്ടനില്‍ത്തന്നെ തിരിച്ചിറക്കി.
വിമാനത്തിലുണ്ടായ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് മെഡിക്കല്‍ എമര്‍ജന്‍സി സാഹചര്യങ്ങളില്‍ വിമാനം തിരിച്ചറക്കിയത്. വിമാനം തിരിച്ചിറക്കിയ ശേഷം യാത്രക്കാരെ പുറത്തിറക്കാന്‍ അനുവദിച്ചില്ല. ബോധം കെട്ടു വീണവരെ പരിശോധിക്കാന്‍ വൈദ്യസംഘത്തേയും അനുവദിച്ചില്ല. വിമാനത്തിനുള്ളില്‍ എന്തെങ്കിലും തരത്തിലുള്ള സാങ്കേതിക തകരാര്‍ ഉണ്ടോയെന്ന് പരിശോധിക്കുന്നതിനായിരുന്നു ഇത്.
ആറ് ജീവനക്കാരും രണ്ട് യാത്രക്കാരുമാണ് വിമാനത്തിനുള്ളില്‍ ബോധംകെട്ടുവീണതെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. വിമാനത്താവളത്തിലെ മെഡിക്കല്‍ ടീം യാത്രക്കാരെയും ജീവനക്കാരെയും പരിശോധിച്ചുവെന്നും ആര്‍ക്കും തുടര്‍ പരിശോധന വേണ്ടി വന്നില്ലെന്നും അവര്‍ പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന ഏതെങ്കിലും വസ്തുവിന്റെ സാന്നിധ്യമാണോ ജീവനക്കാരടക്കമുള്ളവരെ അസ്വസ്ഥരാക്കിയതെന്ന കാര്യവും അന്വേഷിച്ചിരുന്നു.
എങ്കിലും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നതിന് കൃത്യമായ ഒരുത്തരം ഇതുവരെ ലഭിച്ചിട്ടില്ല.
Post Your Comments