News Story

നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള പ്രതിപക്ഷ ശ്രമങ്ങള്‍ പാളുന്നു ജനഹൃദയങ്ങളില്‍ മോദിയുടെ സ്ഥാനം വളരെ മുന്നില്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി സഖ്യത്തിന് 339 സീറ്റ് എബിപി നൈല്‍സന്‍ സര്‍വ്വേയുടെ വിശദമായ റിപ്പോര്‍ട്ട്

കെ.വി.എസ് ഹരിദാസ് എഴുതുന്നു

നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള കോണ്‍ഗ്രസ് ഇടതു നീക്കങ്ങള്‍ ദയനീയമായി പരാജയപ്പെടുന്നുവെന്ന്
രാജ്യമെമ്പാടും നടത്തിയ അഭിപ്രായ സര്‍വേ. അസഹിഷ്ണുത, ബീഫ് വിവാദം, വിദ്യാര്‍ഥി ആത്മഹത്യ തുടങ്ങിയവയൊക്കെ കോണ്ഗ്രസിനും അവര്‍ക്കൊപ്പം അണിനിരന്ന സിപിഎം അടക്കമുള്ള കക്ഷികള്‍ക്കും ഒരു നേട്ടവും ഉണ്ടാക്കിയില്ല എന്ന് മാത്രമല്ല അത് വെറും രാഷ്ട്രീയക്കളിയാണ് എന്ന് ജനങ്ങള്‍ തിരിച്ചറിയുകയും ചെയ്യുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി ബിജെപിയെയും കേന്ദ്ര ഭരണകൂടത്തെയും താറടിച്ചു കാണിക്കാന്‍ പ്രതിപക്ഷം നടത്തിയ കുത്സിത ശ്രമങ്ങള്‍ ഒന്നും തന്നെ തീരെ വിജയം കണ്ടില്ല എന്നുമാത്രമല്ല തിരിച്ചടിക്കുക കൂടി ചെയ്തു എന്നുവേണം ഈ സര്‍വേ ഫലങ്ങളെ വിലയിരുത്താന്‍. ഹൈദരാബാദ് സര്‍വകലാശാലയില്‍ ഒരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം നടന്നതിനിടയിലാണ് ഈ വിലയിരുത്തല്‍ നടന്നത്
എന്നതും പ്രധാനമാണ്. നരേന്ദ്ര മോഡിയുടെ ജനപിന്തുണ ദിനംപ്രതി വര്‍ധിക്കുകയാണെന്നും ഇന്ദിരാ ഗാന്ധിക്കും എ ബി വാജപേയിക്കും ജവഹര്‍ലാല്‍ നെഹ്രുവിനും മുകളിലാണ് ഇന്നിപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ സ്ഥാനമെന്നും സര്‍വേ കാട്ടിത്തരുന്നു. ഇപ്പോള്‍ ലോകസഭാ തിരഞ്ഞെടുപ്പ് നടത്തിയാല്‍ 339 സീറ്റുകളുമായി ബിജെപി സഖ്യം ശക്തമായി അധികാരത്തില്‍ തിരിച്ചുവരുമെന്നതാണ് അതിലേറെ പ്രധാനപ്പെട്ട വിലയിരുത്തല്‍. നരേന്ദ്ര മോഡിയെ അപേക്ഷിച്ച് വളരെയേറെ പിന്നിലാണ് കോണ്ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി. അതിനേക്കാള്‍ വളരെ പിന്നിലാണ് സോണിയ , മന്‍മോഹന്‍ സിംഗ് എന്നിവര്‍. രാജ്യത്തെ ജനങ്ങള്‍ മോഡി സര്‍ക്കാരിനോപ്പമാണ് എന്നത് വ്യക്തമാക്കുന്നതാണ് ഈ സര്‍വേ ഫലം എന്നതില്‍ സംശയമില്ല.

ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയാണ് നരേന്ദ്ര മോഡി. ഇന്നിപ്പോള്‍ ലോകസഭയിലേക്ക് തിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപിക്ക് 43 ശതമാനം വോട്ടും 301 സീറ്റുകളും ലഭിക്കുമെന്നും ദേശീയ ജനാധിപത്യ സഖ്യം 339 സീറ്റുകളുമായി വീണ്ടും അധികാരത്തിലെത്തുമെന്നുമാണ് എ ബിപി നൈല്‍സന്‍ സര്‍വേ കാണിക്കുന്നത് . ആനന്ദ ബസാര്‍ പത്രിക ഗ്രൂപ്പ് നടത്തിയ ഈ സര്‍വേ അടുത്തു നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് എന്ന് കണക്കാക്കപ്പെടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ഈ വിശകലനം ചൂണ്ടിക്കാണിക്കുന്നത് 46 ശതമാനം ജനങ്ങളും എന്‍ ഡി എ ഭരണത്തില്‍ സംതൃപ്തരാണ് എന്നാണ് . തെക്കേ ഇന്ത്യയിലും ബിജെപി സാന്നിധ്യം ശ്രദ്ധേയമാവുന്നു എന്നതാണ് മറ്റൊരു പ്രധാന കാര്യം.

ഇപ്പോള്‍ ലോകസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ എന്താവും ഫലം എന്നതായിരുന്നു എ ബിപി നൈല്‍സന്‍ പ്രധാനമായും ആരാഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രതിച്ഛായ എങ്ങിനെയെന്ന വിലയിരുത്തലും അതിലുള്‍പ്പെട്ടിരുന്നു എന്ന് വ്യക്തം. ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യയെ നയിക്കാന്‍ പറ്റിയ ഏറ്റവും നല്ല നേതാവ് നരേന്ദ്ര മോഡിയാണ്. അങ്ങിനെ അഭിപ്രായമുള്ളവര്‍ 63 ശതമാനമാണ് എന്നതാണ് പ്രധാനം. തൊട്ടടുത്തുള്ളത് രാഹുല്‍ ഗാന്ധിയാണ്; അദ്ദേഹത്തിനു അനുകൂലമായി ചിന്തിച്ചത് പക്ഷെ വെറും 20 ശതമാനം പേര്. വലിയ അന്തരം ഇവിടെ കാണാം. മൂന്നാം സ്ഥാനത്തുള്ളത് അരവിന്ദ് കേജ്രിവാള്‍ ആണ്; എന്നാല്‍ വെറും മൂന്ന് ശതമാനമാണ് അദ്ദേഹത്തിന് അനുകൂലമായി വോട്ടുചെയ്തത്.

രാജ്യം കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രി ആരെന്ന ചോദ്യത്തിന് ഇന്ത്യയിലെ ജനങ്ങള്‍ നല്കിയ ഉത്തരവും മോഡിക്ക് അനുകൂലമാണ്. ഇന്ദിരാ ഗാന്ധി, പണ്ഡിറ്റ് നെഹ്‌റു, എ ബി വാജ്‌പേയി എന്നിവരേക്കാള്‍ മുന്നിലാണ് മോഡിക്ക് ഇന്നുള്ള സ്ഥാനം. 32 ശതമാനം മോഡിയാണ് ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രി എന്ന് വിധിയെഴുതി; രണ്ടാം സ്ഥാനത്തുള്ളത് ഇന്ദിര ഗാന്ധിയാണ്; 23 ശതമാനം വോട്ട് . വാജ്‌പേയി 21 ശതമാനം വോട്ടോടെ മൂന്നാമതെത്തിയപ്പോള്‍ നെഹ്രുവിന് കിട്ടിയത് ഒമ്പത് ശതമാനം വോട്ടാണ്; നാലാം സ്ഥാനവും. ഇന്ത്യയിലെ ഏറ്റവും ജനകീയനായ നേതാവ് ആരെന്ന ചോദ്യത്തിനും മറുപടി നരേന്ദ്ര മോഡി എന്നതുതന്നെയായിരുന്നു. 58 ശതമാനം പേര് ആ അഭിപ്രായക്കാരാണ്; തൊട്ടടുത്തുള്ള രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത് വെറും 11 ശതമാനത്തിന്റെ പിന്തുണയാണ്. ഇക്കാര്യത്തില്‍ സോണി ഗാന്ധിക്കും കേജ്രിവാളിനും നാല്
ശതമാനവും മമത ബാനര്‍ജിക്ക് മൂന്നും മന്‍മോഹന്‍ സിങ്ങിനു രണ്ടും ശതമാനം പേരുടെ പിന്തുണകിട്ടി. രാജ്യത്തെ 57 ശതമാനം ജനങ്ങളും മോഡി ഭരണത്തില്‍ സംതൃപ്തരാണ് എന്നതാണ് മറ്റൊരു വിലയിരുത്തല്‍. 37 ശതമാനം പേര്‍ പക്ഷെ അസംതൃപ്തരാണ് . മോഡി സര്‍ക്കാര്‍ ശരാശരിക്കു മേലാണ് എന്ന് കരുതുന്നവരാണ് 54 ശതമാനം പേരും. 17 ശതമാനം കരുതുന്നത് ഇത് മികച്ച ഭരണമാണ് എന്നാണ് ; 37 ശതമാനം പേര് നല്ലത് എന്ന് സമ്മതിക്കുമ്പോള്‍ ശരാശരി എന്ന് വിലയിരുത്തിയവര്‍ 30 ശതമാനമാണ്. 11 ശതമാനം മാത്രമാണ് ഈ ഭരണം മോശമാണ് എന്ന് അഭിപ്രായപ്പെട്ടത്.

വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ മോഡി ഭരണകൂടം വിജയിച്ചു എന്ന അഭിപ്രായം ഭൂരിപക്ഷത്തിനുമില്ല; 52 % പേര് അങ്ങിനെ കരുതുന്നു. 42 % മാത്രമാണ്
വിലക്കയറ്റം നിയന്ത്രണ വിധേയമാണ് എന്ന് കരുതുന്നത്. കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിലും മോഡി സര്‍ക്കാര്‍ വിജയിച്ചില്ല എന്ന ചിന്തയുള്ളവരാണ് കൂടുതല്‍ പേരും. എന്നാല്‍ സമ്പദ് ഘടന വലിയതോതില്‍ മെച്ചമായി എന്ന് 48 ശതമാനം ജനങ്ങളും വിശ്വസിക്കുന്നു. പത്താന്‍ കൊട്ട് ആക്രമണത്തെ ഇന്ത്യ ഭംഗിയായി കൈകാര്യം ചെയ്തു എന്നവിലയിരുത്തലാണ് 32 % പേര്‍ക്കുമുള്ളത്; അത് കൂടുതല്‍ നന്നായി ചെയ്യാമായിരുന്നു എന്ന ചിന്താഗതിക്കാര്‍ പക്ഷെ 36 % വരും. പാക്കിസ്ഥാനെ ഒരു കാരണവശാലും വിശ്വസിക്കരുത് എന്ന് 61 % പറയുമ്പോള്‍ ഇന്ത്യ പാക്കിസ്ഥാന് എതിരെ നേരിട്ട് സൈനിക നടപടിക്കു തയ്യാറാവണമെന്ന് അഭിപ്രായമുള്ളവരാണ് 65 ശതമാനം ജനങ്ങളും. അതേസമയം മോഡി സര്‍ക്കാരിന്റെ വിദേശ നയത്തെ ബഹുഭൂരിപക്ഷവും സ്വാഗതം ചെയ്യുന്നു എന്നതും പ്രധാനമാണ്.

ഇന്നത്തെ സാഹചര്യത്തില്‍ നരേന്ദ്ര മോഡിയും ബിജെപിയും വ്യക്തമായ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുമെന്ന് സര്‍വേ
കാണിച്ചുതരുന്നു. 43 ശതമാനം വോട്ടാണ് ഇപ്പോള്‍ ബിജെപിക്ക് കിട്ടുക. കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 31 ശതമാനം വോട്ടാണ് കിട്ടിയത്; എന്‍ ഡി എക്ക് കിട്ടിയത് 38.5 ശതമാനം വോട്ടും. അന്ന് ലഭിച്ചത് 282 സീറ്റാണ്; അതിപ്പോള്‍ 301 ആയി കൂടുമെന്ന് സര്‍വെ കാണിക്കുന്നു. എന്‍ഡി എ ക്ക് കിട്ടുന്ന സീറ്റുകളുടെ എണ്ണം 339 ആവും; അതിന്ന് 302 ആണ്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ യുപി എക്ക് കിട്ടിയത് 8.1 ശതമാനം വോട്ടും 58 സീറ്റുകളുമാണ് ; ഇന്നത്തെ നിലക്ക് അത് 108 വരെയെത്താം. കോണ്ഗ്രസിന്റെ വോട്ട് പക്ഷെ കഴിഞ്ഞ തവണ ലഭിച്ച 19.3 ശതമാനത്തില്‍ നിന്ന് 14 ആയി കുറയും. നാല് ശതമാനം വോട്ടുമായി എ എ പി ആവും മൂന്നാം സ്ഥാനത്ത് . എ ഐ എ ഡി എം കെ, തൃണമൂല്‍ കോണ്‍ഗ്രസ് , ടിഡിപി എന്നിവയ്ക്ക് മൂന്നു ശതമാനം വോട്ടു ലഭിക്കും. സിപിഎമ്മിന് ഒരു ശതമാനം വോട്ടേ ലഭിക്കൂ. എന്നാല്‍ ഇടതു
കക്ഷികളുടെ എംപിമാരുടെ എണ്ണം 20 ആയി വര്‍ധിക്കുമെന്നും സര്‍വേ കാണിക്കുന്നു. ചെറു പ്രാദേശിക ഇടതു കക്ഷികളുടെ വോട്ടും സീറ്റും ഗണ്യമായി കുറയുമെന്നതാണ് മറ്റൊരു പ്രത്യേകത.

പടിഞ്ഞാറ് , കിഴക്ക്, തെക്ക്, വടക്ക് എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചാണ് സര്‍വേ നടത്തിയത്. അതില്‍ പടിഞ്ഞാറന്‍ മേഖലയില്‍ ബിജെപിക്ക് 50 ശതമാനം വോട്ടു കിട്ടുമ്പോള്‍ വടക്ക് 41 ശതമാനവും തെക്ക്കിഴക്ക് മേഖലകളില്‍ 31 % വീതവും വോട്ടാണ് കിട്ടുക. ഇടതുപക്ഷത്തിന് കിട്ടുന്ന 20 സീറ്റുകളില്‍ 11 എണ്ണവും തെക്കേ ഇന്ത്യയില്‍ നിന്നാവും; ബാക്കി ഒന്‍പതെണ്ണം കിഴക്കന്‍ മേഖലയില്‍ നിന്നും. കേരളം ബംഗാള്‍ തൃപുര എന്നിവയ്ക്ക് പുറത്തുകടക്കാന്‍ ഇനിയും സിപിഎമ്മിനാവില്ല എന്ന് ഇത് കാണിച്ചുതരുന്നു. കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യു പി എ ക്ക് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിക്കുക കിഴക്കന്‍ മേഖലയില്‍ നിന്നാവും; 50 എണ്ണം. രണ്ടാം സ്ഥാനം തെക്ക് പടിഞ്ഞാറ് മേഖലകളാണ് 20 സീറ്റുകള്‍ വീതം. വടക്കേ ഇന്ത്യ അവര്‍ക്കിപ്പോഴും ബാലികേറാമലയാണെന്ന് സര്‍വേ കാണിച്ചുതരുന്നു; അവിടെ അവര്ക്ക് ലഭിക്കുക വെറും 18 സീറ്റുകളാണ്. ഇവിടെ കാണേണ്ട മറ്റൊരു പ്രത്യേകത, ബിജെപിയുടെ വോട്ടും സീറ്റും കൂടുന്നുണ്ട്; കോണ്‍ഗ്രസിനും ചില്ലറ നേട്ടമുണ്ടാവും. എന്നാല്‍ കോണ്‍ഗ്രസിനും ഇടതിനുമൊപ്പം നില്ക്കുന്ന കക്ഷികള്‍ക്ക് വലിയ ക്ഷീണം സംഭവിക്കും.

ജനുവരി 8 മുതല്‍ 13 വരെയാണ് സര്‍വേ നടന്നത്. രാജ്യത്തെ 19 സംസ്ഥാനങ്ങളിലെ 109 ലോകസഭാ മണ്ഡലങ്ങളാണ് ഈ പഠനത്തിനു അടിസ്ഥാനമാക്കിയത് എന്ന് എ ബിപി നൈല്‍സന്‍ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button