ബാര്‍മര്‍: രാജ്യമെമ്പാടും റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനിടെ ഭീഷണിയുയര്‍ത്തി ആകാശത്തു ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയ വസ്തുവിനെ വ്യോമസേന വെടിവെച്ചിട്ടു. രാജസ്ഥാനില്‍ അതിര്‍ത്തി ഗ്രാമമായ ബാര്‍മറിലാണ് സംഭവം. ബലൂണ്‍ പോലെ പ്രത്യക്ഷപ്പെട്ട വസ്തുവിനെയാണ് വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം വെടിവെച്ചിട്ടത്.
10.30-11:00 മണിയോടെയാണ് വ്യോമസേനയുടെ റഡാറില്‍ അഞ്ജാത വസ്തു പ്രത്യക്ഷപ്പെട്ടത്. ഇതിനെ തുടര്‍ന്ന് വസ്തു സുഖോയ് യുദ്ധവിമാനം ഉപയോഗിച്ച് അതിനെ വെടിവെച്ചിടുകയായിരുന്നുവെന്ന് വ്യോമസേന പ്രസ്താവനയില്‍ പറഞ്ഞു.
വസ്തു വെടിവച്ചിട്ടതിനെ തുടര്‍ന്ന് ഏതാനും ലോഹക്കഷണങ്ങള്‍ ആകാശത്തുനിന്ന് താഴേക്ക് വീഴുന്നത് കണ്ടതായി ഗ്രാമവാസികള്‍ പറഞ്ഞു. കൂടുതല്‍ തെരച്ചിലുകള്‍ക്കായി വ്യോമസേന സംഘം ഗുഗ്രി ഗ്രാമത്തിലെത്തി. ലോക്കല്‍ പോലീസും സ്ഥലം സന്ദര്‍ശിച്ചു. വ്യോമസേനയുമായി ബന്ധപ്പെട്ടതായും കണ്ടെത്തിയ ലോഹക്കഷണങ്ങള്‍ പരിശോധനയ്ക്കായി അവര്‍ക്ക് കൈമാറുമെന്നും ബാര്‍മര്‍ പോലീസ് അറിയിച്ചു.
അതേസമയം, ഗുഗ്രി ഗ്രാമത്തില്‍ ഒരു യുദ്ധവിമാനത്തില്‍ നിന്നും അഞ്ച് ബോംബുകള്‍ താഴേക്ക് പതിച്ചത് പരിഭ്രാന്തി പരത്തി. 10 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഫോടനശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. സംഭവത്തില്‍ ആളപായമില്ല.
Post Your Comments