ദുബായ്: അല്‍-ഐന്‍- കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഇനി റാസ്-അല്‍-ഖൈമ വഴിയും. ആഴ്ചയില്‍ രണ്ടുതവണയാണ് റാസ്-അല്‍-ഖൈമ വഴി സര്‍വീസ് നടത്തുക. നിലവില്‍ ആഴ്ചയില്‍ ഒരു തവണ മാത്രമുണ്ടായിരുന്ന കോഴിക്കോട് സര്‍വീസ് നാലായി വര്‍ധിപ്പിച്ചപ്പോഴാണ് റാസ്-അല്‍-ഖൈമ രണ്ട് സര്‍വീസുകള്‍ വിമാനത്താവളം വഴിയാക്കാന്‍ അനുമതി ലഭിച്ചത്. പുതിയ സര്‍വീസ് ആയിരക്കണക്കിന് മലയാളികള്‍ക്ക് ഗുണകരമാകും.
2016 ഏപ്രില്‍ ഒന്ന് മുതലാണ് പുതിയ സര്‍വീസ് ആരംഭിക്കുക. സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. അല്‍ഐനില്‍ നിന്ന് ഉച്ചയ്ക്ക് 1.50-ന് പുറപ്പെടുന്ന വിമാനം റാസല്‍ഖൈമയില്‍നിന്ന് യാത്രക്കാരെ കയറ്റി രാത്രി 8.40-ന് കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങും. നിലവില്‍ രസ൦-അല്‍-ഖൈമയില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ട് സര്‍വീസില്ല. മലയാളികള്‍ പ്രത്യേകിച്ച് ഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ ഷാര്‍ജ, ദുബായ് വിമാനത്താവളങ്ങള്‍ വഴിയാണ് നാട്ടിലെത്തുന്നതും തിരികെ വരുന്നതും. കോഴിക്കോട്ടുനിന്നുള്ള വിമാനങ്ങളില്‍ പലതും രാത്രിസമയങ്ങളിലാണ് വിമാനത്താവളങ്ങളില്‍ എത്തുന്നത്. അതുകൊണ്ടുതന്നെ വന്‍തുക നല്‍കി ടാക്‌സിയിലാണ് ഇവര്‍ വിമാനത്താവളങ്ങളില്‍ എത്തുന്നത്.
കേരളത്തിലേക്ക് ആരംഭിച്ച റാക് എയര്‍വെയ്‌സ്, പിന്നീടു വന്ന ജസീറ എയര്‍വെയ്‌സ് എന്നിവയെല്ലാം പല കാരണങ്ങളാല്‍ അടച്ചു പൂട്ടുകയും സര്‍വീസുകള്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ജൂണിലെ വേനലവധിക്ക് പുതിയ സര്‍വീസ് പ്രാബല്യത്തില്‍ വരുന്നത് പ്രവാസി മലയാളികള്‍ക്ക് ആശ്വാസമാകും.
Post Your Comments