മീററ്റ്: ലോകത്തിന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ആഗോള ഭീകരസംഘടനയായ ഐ.എസ്.ഐ.എസിനെ നേരിടാന്‍ സേനയുമായി ഹൈന്ദവ സംഘടനാ രംഗത്ത്. ഹിന്ദു സംഘടനയായ ഹിന്ദു സ്വഭിമാന്‍ ആണ് ‘ധര്‍മസേന’ എന്ന പേരില്‍ സൈന്യത്തെ രൂപീകരിച്ചിരിക്കുന്നത്. 15,000 പോരാളികളെ ഇവര്‍ ഇത്തരത്തില്‍ സജ്ജമാക്കിയിട്ടുണ്ടെന്നാണ് പ്രമുഖ ദേശിയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
എട്ടു വയസുമുതല്‍ 30 വരെയുള്ളവരാണ് സൈന്യത്തിലുള്ളത്. വാള്, തോക്ക്, സ്ഫോടകവസ്തുക്കള്‍ എന്നിവ ഉപയോഗിക്കാനുള്ള പരിശീലനമാണ് ഇവര്‍ക്ക് പ്രധാനമായും നല്‍കുന്നത്. ഗാസിയാബാദ് ജില്ലയിലെ ദസ്ന പ്രദേശത്തെ ഒരു ക്ഷേത്രത്തിനടുത്താണ് സേനയുടെ ആസ്ഥാനം. സ്ത്രീകളും കുട്ടികളുംവരെ അംഗങ്ങളായ 50ലേറെ സായുധപരിശീലന ക്യാമ്പുകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
മീറത്തില്‍ മൂന്നും മുസാഫര്‍നഗറില്‍ അഞ്ചും ക്യാമ്പുമുണ്ട്. മുന്‍ സൈനികരടക്കമുള്ളവരാണ് പരിശീലകര്‍. പ്രഫഷനല്‍ ഭാരോദ്വാഹകരും കായികകലകളുടെ പരിശീലകരുമൊക്കെ ക്യാമ്പിലുണ്ട്. എട്ടുമുതല്‍ 30 വയസ്സുവരെയുള്ളവരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്ന് ഹിന്ദു സ്വാഭിമാന്‍ നേതാവ് ചേത്ന ശര്‍മ പറഞ്ഞു. കുട്ടികള്‍ക്ക് തുടക്കത്തില്‍ വാളും തോക്കും നല്‍കില്ല. അവര്‍ക്ക് ആറുമാസത്തെ ശാരീരികവും മാനസികവുമായ പരിശീലനം നല്‍കും. ഭഗവദ്ഗീത പഠിപ്പിക്കും. പുനര്ജന്മമുള്ളതുകൊണ്ട് മരണത്തെ ഭയപ്പെടേണ്ട എന്ന കാര്യമാണ് പ്രധാനമായും ഇവരെ പഠിപ്പിക്കുന്നതെന്ന് ശര്‍മ പറഞ്ഞു. ഇതിനുശേഷമാകും ഇവര്‍ക്ക് ആയുധ പരിശീലനം നല്‍കുക.
പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിവര്‍ സ്വന്തമായി ക്യാമ്പ് തുടങ്ങും. ‘ഞങ്ങളുടെ അമ്മമാരും സഹോദരിമാരും ഭീഷണിയിലാണ്. എനിക്ക് അവരെയും എന്നത്തെന്നെയും സംരക്ഷിക്കേണ്ടതുണ്ട്’; ക്യാമ്പിലെ എട്ടുവയസ്സുകാരി പറഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യന്‍ കരസേനയുടെ പകുതിയിലേറെയും വിന്യസിച്ചിരിക്കുന്നത് കശ്മീര്‍ താഴ്വരയിലാണെന്നും എന്നാല്‍, ഇവര്‍ക്ക് കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപലായനത്തെ തടയാനാകുന്നില്ലെന്നും പരിശീലകനായ വിമുക്ത ഭടന് പര്‍മീന്ദര്‍ ആര്യ പറഞ്ഞു. പത്താന്‍കോട്ട് ഭീകരാക്രമണം ഉള്‍പ്പടെയുള്ള ആക്രമണങ്ങളാണ് ഹിന്ദുസ്വഭിമാന് തങ്ങളുടെ ലക്ഷ്യത്തെ സാധൂകരിക്കാന്‍ ഉയര്‍ത്തി കാട്ടുന്നത്.
Post Your Comments