India

ഭര്‍ത്താവിന്റെ കടംവീട്ടാന്‍ ഭാര്യയോട് ശരീരം പങ്കിടാന്‍ ജാതി പഞ്ചായത്തിന്റെ ആവശ്യം

മുംബൈ: ഭര്‍ത്താവ് വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ ഭാര്യയോട് ശരീരം പങ്കിടാന്‍ ജാതി പഞ്ചായത്തിന്റെ നിര്‍ദ്ദേശം. മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. ഭര്‍ത്താവ് ആറുലക്ഷം രൂപ ബാധ്യത തീര്‍ക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് ജാതി പഞ്ചായത്ത്‌ ഭാര്യയോട് ശരീരം പങ്കുവയ്ക്കാന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ പോരാടുന്ന മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി(മാന്‍സ്) യുടെ ഇടപെടല്‍ ദമ്പതികളെ രക്ഷപ്പെടുത്തി. ഇവര്‍ ജാതി പഞ്ചായത്തിന്റെ കള്ളത്തരം പൊതു സമൂഹത്തിന് മുന്നില്‍ പൊളിച്ചു. മാത്രമല്ല, സമുദായത്തിലെ മറ്റ് അംഗങ്ങളെ ബോധവത്കരിച്ച് ഊരുവിലക്കും റദ്ദാക്കി.

ഗോന്ധാലി സമുദായത്തില്‍പ്പെട്ടവരാണ് ദസെലു സ്വദേശിയായ ദീപക് ഭോറെയും ഭാര്യയും. ജാതി പഞ്ചായത്തിലെ പ്രമുഖരില്‍ നിന്ന് ഇവര്‍ 90,000 രൂപ കടം വാങ്ങിയിരുന്നു. എന്നാല്‍ രണ്ടര ലക്ഷം രൂപ തിരിച്ചടച്ചിട്ടും ജാതി പഞ്ചായത്ത് അത് അംഗീകരിച്ചില്ലെന്നാണ് പറയുന്നത്. ആറ് ലക്ഷം രൂപ തിരിച്ചടയ്ക്കണം എന്നായിരുന്നു പഞ്ചായത്ത് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഇവര്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തി. അതിന് മുമ്പായാണ് ജാതിപഞ്ചായത്തിലെ ചിലര്‍ ചെന്ന് ദീപകിന്റെ ഭാര്യയോട് ശരീരം പങ്കിടാന്‍ ആവശ്യപ്പെട്ടത്.

ദീപകിന്റെ അമ്മാവന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ ദീപകും ഭാര്യയും നാസികിലേയ്ക്ക് ഓടിപ്പോയി. ഇവിടെ എത്തിയ ശേഷം അവര്‍ നാസിക്കിലെ എം.എ.എന്‍.എസ് ആക്ടിവിസ്റ്റ് കൃഷ്ണ ചന്ദ്ഗുഡയുമായി ബന്ധപ്പെടുകയും സഹായം അഭ്യര്‍ഥിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ചന്ദ്ഗുഡേ പഞ്ചായത്തിന്റെ കൊടിയ തീരുമാനത്തിനെതിരെ സംസാരിക്കാക്കേണ്ടത്തിന്റെ ആവശ്യകത ദമ്പതികളെ ബോധ്യപ്പെടുത്തുകയും ഒപ്പം ജില്ലാഭരണകൂടത്തെ വിവരമറിയിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം ജാതി പഞ്ചായത്തിന്റെ കള്ളത്തരം ഗോന്ധാലി സമുദായത്തില്‍പ്പെട്ടവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതിന്റെ ഫലമായി സമുദായം ഒന്നടങ്കം പഞ്ചായത്തിനോട് ദമ്പതികളുടെ ഊര് വിലക്ക് പിന്‍വലിക്കന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ പഞ്ചായത്ത്‌ കീഴടങ്ങുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button