Kerala

കലയും സാങ്കേതികവിദ്യയും സമന്വയിക്കുന്ന സംഘാടന മികവാക്കി മാറ്റാന്‍ കുമ്മനത്തിന്റെ വിമോചനയാത്രയ്ക്ക് പിന്നില്‍ അണിയറ പ്രവര്‍ത്തകര്‍

തൃശൂര്‍: കേരള രാഷ്ട്രീയത്തില്‍ മൂല്യാധിഷ്ഠിത പരിവര്‍ത്തനം ലക്ഷ്യമിട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രക്കുള്ള വാഹനവ്യൂഹം ഒരുങ്ങുന്നു. തൃശ്ശൂരില്‍ വാഹനങ്ങളുടെ അവസാനവട്ട മിനുക്കുപണികള്‍ നടന്നുവരികയാണ്. ജനുവരി 20ന് കാസര്‍കോഡ് നിന്നാരംഭിക്കുന്ന യാത്ര ഫെബ്രുവരി 10ന് തിരുവനന്തപുരത്ത് സമാപിക്കുന്നതുവരെ എഴുപതോളം വാഹനങ്ങള്‍ യാത്രയിലുടനീളം അണിനിരക്കും.

നാടന്‍പാട്ട്, തെരുവ് നാടകം തുടങ്ങിയവ അവതരിപ്പിക്കുന്ന ബിജെപി കലാസാംസ്‌കാരിക വിഭാഗം സഞ്ചരിക്കുന്ന ഉണര്‍വ്വ് കലാജാഥാവാഹനങ്ങള്‍ രണ്ടെണ്ണമുണ്ട്. 25 പേരടങ്ങുന്നതാണ് സംഘം. ബിജെപി സംസ്ഥാന ഘടകവും ജന്മഭൂമിയും പ്രസിദ്ധീകരിക്കുന്ന 21 ഓളം പുസ്തകങ്ങള്‍ വിറ്റഴിക്കാനുള്ള പ്രത്യേക വാഹനവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ജാഥാനായകന്‍ കുമ്മനം രാജശേഖരനും ജാഥ അംഗങ്ങള്‍ക്കും പൊതുജനങ്ങളെ അഭിസംബോധന ചെയ്യാനായി രണ്ട് മനോഹരമായ രഥമാതൃകയിലുള്ള വേദികളാണ് ഒരുങ്ങുന്നത്. ഇവ യാത്രയോടൊപ്പം സഞ്ചരിക്കും. ഈരാറ്റുപേട്ടയിലാണ് ഇവ രൂപകല്‍പ്പന ചെയ്തത്.

വിമോചനയാത്ര കടന്നുപോകുന്ന സ്ഥലങ്ങളില്‍ നിന്നുള്ള വാര്‍ത്തകളും ചിത്രങ്ങളും അപ്പപ്പോള്‍ ലോകത്തെ അറിയിക്കാന്‍ അത്യാധുനിക മീഡിയ വാനും തയ്യാറായിട്ടുണ്ട്. പത്രങ്ങള്‍, ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ പോലെയുള്ള സാമൂഹ്യമാധ്യമങ്ങള്‍, വെബ്‌സൈറ്റുകള്‍ എന്നിവക്കൊക്കെ തത്സമയം വാര്‍ത്തകള്‍ വിതരണം ചെയ്യാനുള്ള സംവിധാനമുണ്ട്. ‘എന്റെ നാട് എങ്ങനെ’ എന്ന അഭിപ്രായ സര്‍വ്വേയുമായി ബന്ധപ്പെട്ട് പ്രത്യേക വാഹനമുണ്ട്. നാട്ടിലെ വികസനപരമായും സാമൂഹ്യപരവുമായുള്ള പ്രശ്‌നങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള അഭിപ്രായം രേഖപ്പെടുത്തി വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ള പെട്ടിയില്‍ നിക്ഷേപിക്കാം. വെള്ളപേപ്പറില്‍ എഴുതി തയ്യാറാക്കിയാണ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്.

ബിജെപി സംസ്ഥാന നേതാക്കള്‍ക്ക് പുറമെ 150ഓളം വളണ്ടിയര്‍മാരും യാത്രയിലുണ്ടാകും. കേരളത്തില്‍ ഇതാദ്യമായാണ് ഒരു രാഷ്ട്രീയപാര്‍ട്ടി ഇത്രയും ജനകീയവും ആധുനികവുമായ സജ്ജീകരണങ്ങളോടെ യാത്ര സംഘടിപ്പിക്കുന്നത്. യാത്രാനായകനും മറ്റംഗങ്ങള്‍ക്കും ഉള്ള വാഹനമുള്‍പ്പടെ പ്രത്യേകം തയ്യാറാകേണ്ട അഞ്ച് വാഹനങ്ങള്‍ തൃശൂരില്‍ എത്തിക്കഴിഞ്ഞു. ആര്‍ട്ടിസ്റ്റ് യാഗ ശ്രീകുമാറാണ് വാഹനങ്ങളുടെ അലങ്കാരം നിര്‍വ്വഹിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button