ന്യൂഡല്‍ഹി: 2016-17 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും വന്‍ സാമ്പത്തിക സഹായം ആവശ്യപ്പെടാന്‍ ദേശിയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ഒരുങ്ങുന്നു. ₹ 4,300 കോടി സാമ്പത്തിക സഹായം ആവശ്യപ്പെടാണ് എയര്‍ഇന്ത്യ മാനെജ്മെന്റിന്റെ തീരുമാനം. വ്യോമയാന രംഗത്ത് മത്സരം മുറുകുന്ന സാഹചര്യത്തില്‍ പിടിച്ചു നില്‍ക്കുന്നതിന് വേണ്ടിയാണ് എയര്‍ഇന്ത്യ കേന്ദ്രത്തിന്റെ സഹായം തേടുന്നത്.
കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ 2012 ല്‍ കമ്പനിയ്ക്ക് ₹ 30,231 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. 2021 വരെ പല തവണകളായാണ് ഈ തുക കമ്പനിയ്ക്ക് ലഭിക്കുന്നത്. ഇതില്‍ ₹ 22,280 കോടി കമ്പനിയ്ക്ക് ഇതുവരെ ലഭിച്ചുകഴിഞ്ഞു. ബാക്കിയുള്ള തുകയില്‍ നിന്ന് ₹ 3,300 കോടിയും കുടിശികയായ ₹ 977 കോടിയും കൂടി അനുവദിച്ചു തരണമെന്നും കേന്ദ്രത്തിനോട് ആവശ്യപ്പെടുമെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതിയ വിമാനങ്ങള്‍ വാങ്ങുവാനും, അഞ്ഞൂറിലധികം വിദഗ്ധ പൈലറ്റുമാരെ നിയമിക്കാനും കമ്പനി ധാരണയായിട്ടുണ്ട്. അതുകൊണ്ടു തന്നെ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വന്‍ സാമ്പത്തിക സഹായമാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
എയര്‍ ഇന്ത്യയ്ക്ക് നിലവില്‍ ₹ 40,000 കോടിയുടെ ബാധ്യതയാണുള്ളത്. കുവൈത്തി ലീസിംഗ് കമ്പനിയില്‍ നിന്ന് 14 നാരോബോഡി എയര്‍ബസ് A-320 വിമാനങ്ങള്‍ പാട്ടത്തിനെടുക്കാന്‍ എയര്‍ ഇന്ത്യ ധാരണയായി കഴിഞ്ഞു. ഇത് 2017 ല്‍ എയര്‍ഇന്ത്യയുടെ വിമാനവ്യൂഹത്തില്‍ ചേരും. കൂടാതെ 30 പുതിയ നാരോബോഡി (എയര്‍ബസ് A-320 എസ്) വിമാനങ്ങള്‍ കൂടി അടുത്ത മൂന്ന് വര്‍ഷത്തിനകം പാട്ടത്തിനെടുക്കാന്‍ പദ്ധതിയിടുന്നുണ്ട്. ആഭ്യന്തര വ്യോമയാന രംഗത്തെ കടുത്ത മത്സരം നേരിടുന്നത്തിനാണ് നടപടി.
Post Your Comments