അബുദാബി: അബൂദബി-അല്‍ഐന്‍ റോഡില്‍ ശനിയാഴ്ച രാവിലെ അപകട പരമ്പര. 96 വാഹനങ്ങളാണ് ഒരേസമയം കൂട്ടിയിടിച്ചത്. മൂടല്‍മഞ്ഞാണ് വാഹനാപകടത്തിന് കാരണം. 23 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. നിരവധി വാഹനങ്ങള്‍ തകര്‍ന്നു.
അപകട പരമ്പരയെ തുടര്‍ന്ന് വന്‍ ഗതാഗത കുരുക്കും അനുഭവപ്പെട്ടു. സ്വയ്ഹാനിലേക്കുള്ള പാതയിലേക്ക് ഗതാഗതം തിരിച്ചുവിട്ടാണ് കുരുക്ക് ഒഴിവാക്കിയത്. അപകടത്തില്‍ പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്ന് നീക്കിയ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. അബുദാബി പൊലീസ് ട്രാഫിക് ആന്റ് പട്രോള്‍സ് വിഭാഗം ഉപമേധാവി ബ്രിഗേഡിയര്‍ ഖലീഫ മുഹമ്മദ് മുബാറക്ക് അല്‍ ഖൈലി സംഭവ സ്ഥലത്തത്തെുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മൂടല്‍മഞ്ഞില്‍ ദൂരക്കാഴ്ച കുറഞ്ഞതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അല്‍സാദ് സ്വയ്ഹാന്‍ പാലം റൗണ്ട് എബൗട്ടിലാണ് ആദ്യ അപകടമുണ്ടായത്. ഇവിടെ അഞ്ച് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ഇതേ ഭാഗത്ത് തന്നെ അല്‍ഐനില്‍ നിന്ന് അബുദാബിയിലേക്കുള്ള റോഡിലായിരുന്നു രണ്ടാമത്തെ അപകടം. 69 വാഹനങ്ങളാണ് ഒന്നിന് പിന്നില്‍ ഒന്നായി കൂട്ടിയിടിച്ചത്. 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍ഐനിലേക്കുള്ള വഴിയില്‍ ബുസമ്റ പാലത്തിന് സമീപമാണ് മൂന്നും നാലും കൂട്ടിയിടികളുണ്ടായത്. മൂന്നാമത്തെ കൂട്ടിയിടിയില്‍ എട്ട് വാഹനങ്ങളും നാലാമത്തേതില്‍ 14 വാഹനങ്ങളുമാണ് ഉള്‍പ്പെട്ടത്. പൊലീസും സിവില്‍ ഡിഫന്‍സും ചേര്‍ന്ന് പരിക്കേറ്റ 23 പേരെയും അല്‍ഐനിലെ തവാം ആശുപത്രിയിലേക്ക് മാറ്റി.
നിസാര പരിക്കേറ്റ 18 പേര് ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു. അഞ്ച് പേര് ചികിത്സയില്‍ തുടരുകയാണ്. അപകട സ്ഥലങ്ങളില്‍ തകര്‍ന്ന വാഹനങ്ങളും അവശിഷ്ടങ്ങളും കിടന്നത് അധികൃതര്‍ നീക്കിയ ശേഷമാണ് ഗതാഗതം സുഗമമായത്.
Post Your Comments