ന്യൂഡല്‍ഹി: പത്താന്‍കോട് വ്യോമസേനാ താവള ഭീകരാക്രമണവുമായി ബന്ധപ്പെട്ടു സംശയത്തിന്റെ നിഴലിലുള്ള ഗുരുദാസ്പുര്‍ എസ്പി സല്‍വിന്ദര്‍ സിംഗിനെ നുണപരിശോധനയ്ക്കു വിധേയനാക്കും. സല്‍വിന്ദറിനെ അടുത്തയാഴ്ച നാര്‍ക്കോ പരിശോധനയ്ക്ക് വിധേയമാക്കാന്‍ എന്‍ഐഎക്കു (ദേശീയ അന്വേഷണ ഏജന്‍സി) കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കി. സല്‍വീന്ദര്‍ സിംഗിനെ ദേശീയ അന്വേഷണ ഏജന്‍സി ഡല്‍ഹിയില്‍ ചോദ്യം ചെയ്തിരുന്നു. ചോദ്യംചെയ്യലില്‍ സല്‍വീന്ദര്‍ നല്‍കിയ ഉത്തരങ്ങള്‍ പൂര്‍ണമായും സത്യമാണെന്നു കരുതുന്നില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി സൂചന നല്‍കിയിരുന്നു.
സല്‍വീന്ദറിന്റെയും കൂടെയുണ്ടായിരുന്ന രണ്ടു പേരുടെയും മൊഴികളില്‍ വൈരുധ്യങ്ങളുണ്ട്. ഇതോടെയാണ് കൂടുതല്‍ പരിശോധനകള്‍ നിലവില്‍ ആവശ്യമാണെന്ന നിലപാടില്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ എത്തിയത്. സല്‍വിന്ദര്‍ സിംഗിന്റെ വാഹനം തട്ടിയെടുത്താണു ഭീകരര്‍ വ്യോമസേനാ താവളം ആക്രമിച്ചത്. ഇതുമായി ബന്ധപ്പെട്ടു സല്‍വിന്ദര്‍ സിംഗ് നല്കിയ മൊഴികളില്‍ പൊരുത്തക്കേടുള്ളതിനാലാണ് എന്‍ഐഎ നേരത്തെ സമന്‍സ് അയച്ചത്. സ്വര്‍ണവ്യാപാരിയായ സുഹൃത്ത് രാജേഷ് വര്‍മയും പാചകക്കാരന്‍ മദന്‍ ഗോപാലുമാണു സംഭവസമയത്തു തന്നോടൊപ്പം ഉണ്ടായിരുന്നതെന്നു സല്‍വീന്ദര്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഡിസംബര്‍ 31നും ജനുവരി ഒന്നിനും ഇടയ്ക്കുള്ള രാത്രിയിലാണു സല്‍വീന്ദറിന്റെ വാഹനം റാഞ്ചിയത്.
Post Your Comments