ചെന്നൈ : ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെ വ്യാജന്മാര്‍ വ്യാപകമാകുന്നുവെന്ന് റിപ്പോര്‍ട്ട്. എന്‍ഫോഴ്‌സേഴ്‌സ് ഓഫ് ഇന്റലെക്ച്വല്‍ ആന്‍ഡ് പ്രൊപ്പെര്‍ട്ടി റൈറ്റ്‌സിന്റെ(ഇഐപിആര്‍) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ചൈന, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് നിര്‍മാണം പൂര്‍ത്തിയാക്കാത്ത ഉല്‍പന്നങ്ങള്‍ കപ്പല്‍ മാര്‍ഗം ഇവിടെ എത്തിക്കാറുണ്ട്. അവസാനഘട്ട ഉല്‍പാദന പ്രക്രിയ ഇവിടെ നടത്തി പ്രധാന ബ്രാന്‍ഡുകളുടെ പേരില്‍ വില്‍പന നടത്തുകയും ചെയ്യും. യഥാര്‍ഥ ഉല്‍പന്നങ്ങള്‍ തിരിച്ചറിയാന്‍ ഉപയോക്താക്കള്‍ക്കു കഴിയാത്തതാണു വ്യാജന്മാര്‍ വിപണിയില്‍ വാഴാന്‍ കാരണമെന്നും ഇഐപിആര്‍ അധികൃതര്‍ പറയുന്നു.
ഡല്‍ഹിയില്‍ നിന്നാണ് വ്യാജ ഉല്‍പന്നങ്ങളിലേറെയും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ എത്തുന്നതെന്നും ചെന്നൈയിലാണ് ഇതിന്റെ വലിയ വിപണിയുളളതെന്നും ഇഐപിആര്‍ അധികൃതര്‍ പറയുന്നു. ഉന്നത ബന്ധമുളള വന്‍ ലോബി തന്നെയാണ് അനധികൃത വ്യാപാരത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
പ്രമുഖ ബ്രാന്‍ഡുകളുടെ മൊബൈല്‍ ഫോണുകള്‍, ബാറ്ററികള്‍, ബാഗുകള്‍ തുടങ്ങിയവയുടെ വ്യാജന്‍മാര്‍ ചെന്നൈയില്‍ പലയിടത്തും ലഭ്യമാണെന്നാണ് ഇഐപിആര്‍ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം സിബി സിഐഡി നടത്തിയ പരിശോധനയില്‍ ടി നഗറില്‍ പ്രമുഖ കമ്പനിയുടെ ഉല്‍പന്നമെന്ന പേരില്‍ വില്‍പന നടത്തിവന്ന ഇരുനൂറിലേറെ വ്യാജ ബാഗുകള്‍ പിടിച്ചെടുത്തിരുന്നു.
Post Your Comments