NewsIndia

നിരഞ്ജന്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് സൈനിക മേധാവി

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ രാജ്യത്തിന്‌ വേണ്ടി വീരമൃത്യു വരിച്ച എന്‍.എസ്.ജി കമാന്‍ഡോ ലഫ്. കേണൽ നിരഞ്ജന്‍ കുമാര്‍ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചുതന്നെയാണ് പരിശോധന നടത്തിയതെന്ന് കരസേന മേധാവി ജനറൽ ദൽബീർ സിങ് സുഹാഗ്. നിരഞ്ജന്‍ മതിയായ സുരക്ഷാ കവചം ധരിച്ചിരുന്നില്ലെന്നും മൃതദേഹം പരിശോധിക്കാന്‍ ആധുനിക സംവിധാനങ്ങള്‍ ഉണ്ടെന്നിരിക്കെ എന്തിന് നേരിട്ട് പരിശോധന നടത്തിയെന്നും വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് സൈനിക മേധാവിയുടെ നേരിട്ടുള്ള വിശദീകരണം.

എല്ലാവിധ മുന്‍ കരുതലുകളും എടുത്തു തന്നെയാണ് നിരഞ്ജന്‍ ഭീകരന്റെ മൃതദേഹം പരിശോധിച്ചത്. ഭീകരരുടെ മൃതശരീരം നീക്കം ചെയ്യാനും ശരീരത്തില്‍ സ്‌ഫോടകവസ്തുക്കള്‍ കെട്ടിവച്ചിട്ടുണ്ടെങ്കില്‍ അതു നിര്‍വീര്യമാക്കാനുമായിരുന്നു എന്‍.എസ്.ജി സംഘത്തിന്റെ ശ്രമം. മൃതദേഹങ്ങള്‍ വണ്ടിയില്‍ കെട്ടിവലിച്ചാണ് കൊണ്ടുവന്നത്. ആദ്യത്തെ മൃതദേഹം പരിശോധിച്ചപ്പോള്‍ സ്ഫോടന സാധ്യത കണ്ടില്ല. തുടർന്ന് മൃതദേഹം 50 മീറ്ററോളം കൊണ്ടുവന്നു തിരിച്ചും മറിച്ചും പരിശോധിച്ചു. പിന്നീട് രണ്ടാമത്തെ മൃതദേഹം ഇതേരീതിയില്‍ കൊണ്ട് വന്നപ്പോള്‍ നിരഞ്ജന്‍ നേരിട്ട് ചെന്ന് പരിശോധിക്കുകയും കുനിഞ്ഞ് നിന്ന് മൃതദേഹം തിരിച്ചിടുകയും ചെയ്തു. ഈ സമയം മൃതദേഹത്തില്‍ കെട്ടിവച്ചിരുന്ന ഗ്രനേഡ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും സൈനിക മേധാവി പറഞ്ഞു.

സ്ഫോടനത്തില്‍ നിരഞ്ജൻ കൊല്ലപ്പെടുകയും ഏഴ് എൻഎസ്ജി ഭടന്മാർക്കു പരുക്കേൽക്കുകയും ചെയ്തു.

shortlink

Post Your Comments


Back to top button