ChilambuWriters' Corner

ഇപ്പോഴത്തെ കുട്ടികളെന്താ ഇങ്ങനെ?

എന്‍.സനില്‍കുമാര്‍

ഇപ്പോഴത്തെ കുട്ടികളെന്താ ഇങ്ങനെ???
ലോകത്തിന്‍റെ മാറ്റങ്ങളെ അതിവേഗം ഉള്‍ക്കൊള്ളുന്ന
കുട്ടികള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കുകയാണ് രക്ഷിതാക്കള്‍…
മൊബൈലും ടാബും കമ്പ്യൂട്ടറും തുടങ്ങി പുതിയ കാലഉല്‍പ്പന്നങ്ങള്‍ എല്ലാം കുട്ടികളെ വഴിപിഴപ്പിക്കുന്നുവെന്ന് വിലപിക്കുന്ന നിരവധി രക്ഷിതാക്കളെ നിത്യേന കാണുന്നു.
പഴയകാലമായിരുന്നു മികച്ചതെന്നും വര്‍ത്തമാനകാലവും വരാനിരിക്കുന്ന കാലവും കുട്ടികളെ സാംസ്ക്കാരികമായി നശിപ്പിക്കുമെന്നുള്ള ഭയം രക്ഷിതാക്കളുടെ ഉള്ളില്‍ നിറഞ്ഞിരിക്കുന്നു.
സത്യത്തില്‍ ഈ ഭയം എല്ലാക്കാലത്തും ഉണ്ടായിരുന്നില്ലേ…കുടുമ മുറിച്ചു കളഞ്ഞ അനന്തിരവിനെ നോക്കി കാരണവര്‍ നശിച്ചജന്മം എന്നലറിയതും കടല്‍ കടന്നവന്‍ പാപിയായിയെന്നു വിലപിച്ചതും കവിതയെഴുതിയ മകളെ നോക്കി കുടുംബംമുടിക്കാന്‍ ജനിച്ചവള്‍ എന്നുറക്കെ നിലവിളിച്ചതും ഈ ഭീതിയുടെ തനിപ്പകര്‍പ്പുകള്‍ തന്നെയായിരുന്നില്ലേ…
എല്ലാ കാലത്തും മാറ്റങ്ങളെ ആദ്യം മനസ്സിലാക്കിയത് കുട്ടികളാണ്..
അവരൊക്കെ നിഷേധികള്‍ എന്ന് വിളിക്കപ്പെടുകയും ചെയ്തു..
അവരില്‍ കുറെയധികം നിഷേധികളെക്കുറിച്ചുള്ള പാഠങ്ങള്‍ ചരിത്രപുസ്തകങ്ങളില്‍ കാണാം..
ഭൂതകാലത്തിന്റെ തടവറയില്‍ നിന്നും പുറത്തു കടന്ന് വര്‍ത്തമാനകാലത്തോട് മാത്രമല്ല വരുംകാലങ്ങളോടും സംവദിച്ചവര്‍.
ഭൂതകാലനന്മകളുടെ അടിത്തറയില്‍ നിന്ന് കൊണ്ട് വര്‍ത്തമാനകാലത്തോടും വരുംകാലങ്ങലോടും സംവദിക്കാന്‍ നമ്മുടെകുട്ടികളെ പ്രാപ്തരാക്കേണ്ട രക്ഷിതാക്കള്‍ ഏറ്റവും നിഷേധാത്മകമായ സമീപനവുമായി കുട്ടികളുടെ സ്വപ്നങ്ങളെ മുളയിലെ കരിച്ചു കളയുന്നു.
ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക്‌എല്ലാം നഷ്ടമായി എന്ന് വിലപിച്ചു കൊണ്ടിരിക്കുന്നവര്‍ ഒരു നിമിഷം ഓര്‍ക്കുക
ഇന്നത്തെ കുട്ടികള്‍ മാത്രമല്ല ഇനിയും കോടാനുകോടി കുഞ്ഞുങ്ങള്‍ വരും കാലങ്ങളില്‍ ഈ ഭൂമിയില്‍ ജീവിക്കും..
അവര്‍ക്ക ജീവിച്ചേ മതിയാകൂ..
ലഭ്യമായ സാധ്യതകളെ ഏറ്റവും ശുദ്ധിയോടെ ഉപയോഗിക്കാന്‍ അവരെ പ്രാപ്തരാക്കുന്ന കുറച്ചു രക്ഷിതാക്കള്‍ ഇന്നത്തെ പോലെ അന്നും ഉണ്ടാകും..
ഇന്നത്തെ കുട്ടിയാണ്നാളത്തെ രക്ഷിതാവ്.
പക്ഷെ അടിച്ചമര്‍ത്തപ്പെട്ട സ്വപ്നങ്ങളുമായി വളര്‍ന്ന് മാറ്റങ്ങളെ ഉള്‍ക്കൊള്ളാതെ താന്‍ അനുഭവിച്ച അതേ നരകം മക്കള്‍ക്കും പകര്‍ന്നു നല്‍കുന്നു.
അപൂര്‍വ്വം രക്ഷിതാക്കള്‍ മക്കളേ സ്വപ്നം കാണാന്‍ പഠിപ്പിക്കും..
വര്‍ത്തമാനകാലത്തോട് മാത്രമല്ല വരുംകാലത്തോടും സംവദിക്കാന്‍ പ്രാപ്തരാക്കും.
മൊബൈലും ടാബും കമ്പ്യൂട്ടറും തുടങ്ങി പുതിയകാല ഉത്പന്നങ്ങള്‍ ഏറ്റവും ശുദ്ധിയോടെ ഉപയോഗിക്കാന്‍ ഒരുകൊച്ചുകുട്ടിയെ അവന്‍റെ രക്ഷിതാവ് പഠിപ്പിക്കുമ്പോള്‍ അവനൊരിക്കലും ഒരു സൈബര്‍ക്രിമിനല്‍ ആകാന്‍ കഴിയില്ല.
പുതിയ മൊബൈല്‍ വാങ്ങി അതുപയോഗിക്കാന്‍ മകന് മാത്രമേ അറിയൂ എന്ന് അഭിമാനത്തോടെ പറയുന്ന രക്ഷിതാവില്‍ നിന്നും മകനോടോപ്പമിരുന്നെങ്കിലും അത്പഠിക്കാന്‍ തയ്യാറാകുന്ന ഒരു അച്ഛനോ അമ്മയോ ആകുമ്പോഴാണ് മക്കളുടെ ലോകത്തേക്കു കടന്നുചെല്ലാന്‍ കഴിയുന്നത്‌.
പഴമയുടെ മാധുര്യം പകര്‍ന്നു കൊടുക്കുന്ന അതെ മനസ്സോടെ പുതിയതിനെ ഉള്‍ക്കൊള്ളാനും രക്ഷിതാക്കള്‍ തയ്യാറാകുമ്പോള്‍ കുട്ടികളുടെ ജീവിതം സുന്ദരമാകും.
ഇന്ന് രക്ഷിതാക്കള്‍ക്ക് കുട്ടികളെ മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്ന് പറയുന്നതിന്റെ അടിസ്ഥാനപ്രശ്നം മാറ്റങ്ങളെ ഉള്‍ക്കൊള്ളാനുള്ള വിമുഖതയാണ്‌.
മാറുന്നലോകത്ത് മാനവികതയില്‍ അടിയുറച്ചു നിന്ന് മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ രക്ഷിതാക്കള്‍ക്ക് കഴിയുമ്പോള്‍ നമ്മുടെകുഞ്ഞുങ്ങള്‍ അവരുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാന്‍ പ്രാപ്തരാകും.
മാറ്റങ്ങളെ ആദ്യം മനസ്സിലാക്കിയത് കുട്ടികളാണ്.
ഇപ്പോഴത്തെ മാത്രമല്ല അന്നും കുട്ടികള്‍ ഇങ്ങനെയായിരുന്നു…ഇനിയും ഇങ്ങനെ തന്നെയായിരിക്കും..

shortlink

Post Your Comments


Back to top button