സംവിദാനന്ദ്
അട്ടപ്പാടിയിലെ ആദിവാസി ഊരിലേക്ക് ആദ്യമായ് ഞങ്ങൾ ഗ്രീൻ വെയിൻ പ്രവർത്തകർ പോയത് മരങ്ങളും വിത്തുകളുമായിട്ടായിരുന്നു. വിത്ത് വിതയ്ക്കുന്ന നേരം ആരും പറയാതെ തന്നെ അവർ ഒരുമിച്ച് ഒരേ നാദത്തിൽ ചിലമ്പിച്ചയീണത്തിൽ 50 ആദിവാസി ഊരുകളുടെ പ്രതിനിധികളായ ‘കാർത്തുമ്പിക്കൂട്ടത്തിലെ കുട്ടികൾ വിത്ത് വിതയ്ക്കുള്ള പാട്ടുകൾ പാടി. ആരും ഒരിക്കൽ കൂടി കേൾക്കണം എന്നു തോന്നിക്കുന്ന ആദിമ ശബ്ദത്തിന്റെ അലയൊലി, കാടിന്റെ വന്യത അതിനു താളമിട്ടു. അന്ന് മരം നട്ടതിനു ശേഷം മരത്തിന്റെയും കാടിന്റെയും നഷ്ടപെടലുകളെക്കുറിച്ച് അവർക്ക് ഒരു ചെറിയ ക്ളാസ്സെടുത്തു. തമ്പിന്റെ ഡയറക്ടർ പ്രിയ സ്നേഹിതൻ രാജേന്ദ്ര പ്രസാദാണ് അവരിലൊരാളെ വിളിച്ചിട്ട് സംവിദാനന്ദിനൊരു നന്ദി പറയൂ എന്നാവിശ്യപ്പെട്ടത്. മെല്ലിച്ചൊരു കുട്ടി എഴുന്നേറ്റു വന്നു അവൻ എന്തായിരിക്കാം പറയാൻ പോവുന്നത് എന്ന കൗതുകത്തിൽ എല്ലാവരും നോക്കി നിന്നു.”ഇപ്പോൾ നമുക്ക് ഇത്രയും അറിവ് പകർന്ന് തന്ന സ്വാമി സാർ പറഞ്ഞത് നിങ്ങളെല്ലാം കേട്ടിരിക്കുമല്ലൊ അതിൽ നിന്ന് നമുക്ക് മനസ്സിലാക്കാനുള്ളത് എന്തെന്ന് അറിയാമോ …” എന്ന് തുടങ്ങി യാതൊരു പരിഭ്രമമോ സഭാകമ്പമോ ഇല്ലാതെ ഞാൻ പറഞ്ഞവസാനിപ്പിച്ച ഓരോ വാക്കിന്റെ വക്കിനെയും ഇഴപിരിച്ചെടുക്കുന്ന ആ കുട്ടിയുടെ സംഭാഷണം കേട്ടിട്ട് കണ്ണുകളുടെ കോണിൽ ചെറിയൊരു നനവ് പൊടിഞ്ഞു.
എല്ലായിടത്തും കർത്തവ്യം പോലെയുള്ള ഒരു നന്ദി പറച്ചിൽ, പുകഴ്ത്തൽ ചടങ്ങുകൾ കേട്ടു പരിശീലിച്ച എനിക്ക് കിട്ടിയ ഞെട്ടലായിരുന്നു ആ കുഞ്ഞിന്റെ കാടിനെക്കുറിച്ചും തങ്ങളുടെ ഭാവിയെക്കുറിച്ചുമുള്ള സംഭാഷണത്തെ ഉള്ളിലേക്കാവാഹിച്ചതിന്റെ നന്ദി പറച്ചിലിൽ മുഴുവൻ. അന്ന് ഞങ്ങൾക്കൊപ്പം നിന്നു സ്വാഗതം ആശംസിച്ച് കണ്മണിയാണ് പിന്നീട് പത്ര സമ്മേളനത്തിൽ മുഴുവൻ പത്രക്കാരെയും ഞെട്ടിച്ചുകൊണ്ട് ഊരു ഭാഷയിൽ ചോദ്യങ്ങൾ ചോദിച്ചത്.അന്തം വിട്ടിരുന്ന പത്രസുഹൃത്തുക്കളോട് നിങ്ങൾക്ക് ഞങ്ങളുടെ ഭാഷ മനസ്സിലാവുന്നില്ല പിന്നെ ഞങ്ങൾ നിങ്ങളുടെ ഭാഷ മനസ്സിലാക്കണം എന്നുപറയുന്നതിലെ യുക്തിയെ പറ്റി ചോദിച്ചത്. കുറച്ചെങ്കിലും മനുഷ്യരെ കണ്ണുതുറപ്പിച്ചത്.
രണ്ടാമതായ് ആദിവാസി ഊരിലെ മനുഷ്യരുടെ കൂട്ടായ്മയായ തമ്പിന്റെ ഓഫീസിൽ ഒരു മീറ്റിങ്ങിന് ചെന്നപ്പോഴാണ് സുഹൃത്തും പ്രസാധകനുമായ ശരത്ത് ചന്ദ്രബാബു ആറോളം പുസ്തകങ്ങൾ സമ്മാനമായ് നല്കിയത്.പിന്നീട് പുറത്തിറങ്ങി കുട്ടികളുമായ് ഇരിക്കുന്നതിനിടയിലാണ് ഞാൻ കയ്യിൽ നിന്നും മാറ്റിവെച്ച പുസ്തകങ്ങളെ ഒക്കെ കൗതുകത്തോടെ തലോടുന്ന ഊരിലെ ഒരു പെൺകുട്ടിയെ കണ്ടത്. പേരു ചോദിച്ചപ്പോൾ അവൾ നാണത്തോടെ പേരു പറഞ്ഞു. നീ പുസ്തകം വായിക്കാറുണ്ടോ എന്ന് ചോദിച്ചു. സ്കൂളിലെ പുസ്തകങ്ങൾ വായിക്കും എന്ന് പറഞ്ഞു. കളിക്കുടുക്കയൊ ബാലരമയോ പൂമ്പാറ്റയോ ഒക്കെ വായിക്കാറുണ്ടോ എന്നു ചോദിച്ചു അതെന്താ എന്ന് അവൾ തിരിച്ചു ചോദിച്ചു ഒപ്പം ഞങ്ങൾക്കത് പഠിക്കാനില്ല എന്നും പറഞ്ഞു. അപ്പോഴും ആ കണ്ണുകളിലെ തിളക്കം പുതുമണം മാറാത്ത പുസ്തകതാളിൽ തന്നെ മയങ്ങിക്കിടപ്പുണ്ടായിരുന്നു. ഓരോ പേജുകളെയും കൗതുകത്തോടെ മറിച്ചു നോക്കുന്നുണ്ടായിരുന്നു.
ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന ഊരിലെ തന്നെ രാമുവാണ് പറഞ്ഞത് കുട്ടികൾക്ക് സ്കൂൾ പുസ്തകം അല്ലാതെ മറ്റൊന്നും വായിക്കാൻ ഉള്ള സാഹചര്യം ഇല്ലാത്തതിനെക്കുറിച്ച്. ചെറിയൊരു കമ്മ്യൂണിറ്റി ലൈബ്രറി 2015 സെപ്തംബറിൽ തുടങ്ങി . ഉദ്ദേശിച്ച പുസ്തകങ്ങൾ എല്ലാം ആയിട്ടില്ല .നന്നായ് പാട്ടുപാടുന്ന, ഊരിലെ കഥകൾ പറയുന്ന, നന്നായ് പ്രസംഗിക്കുന്ന, കാടിന്റെ ഇലത്താളം ചവിട്ടുന്ന ഈ കുഞ്ഞുമക്കൾ നാട്ടുഭാഷയിലേക്ക് കുടിയേറിക്കൊണ്ടിരിക്കുകയാണ് . 192 ഊരുകൾ ഉള്ളതിൽ കേവലം രണ്ട് ഊരികളിലെങ്കിലും ചെറിയ രണ്ട് ലൈബ്രറി തുടങ്ങാൻ തമ്പും, പ്രവാസികളായ സ്നേഹയും ഷെരീഫും ഉമ്പാച്ചിയും സോമിയും ചിന്തു രത്ന രവിന്ദ്രനും നാട്ടിൽ നിന്നും നിരക്ഷരനും ചിത്തിരകുസുമനും ഐറിഷും ഒക്കെ ശ്രമിക്കുന്നത്. വർഷം ഒന്നു കഴിഞ്ഞിട്ടും, പൊണ്മണിക്കും കൂട്ടുകാർക്കും പുസ്തകം നോക്കി ഒരു കവിത പഠിക്കാനുള്ള ആഗ്രഹവും അഞ്ജലിയുടെ കഥവായിക്കാനുള്ള മോഹവും ഒക്കെ പൂർത്തിയായിട്ടില്ല. ഇതിനിടയിൽ ഇന്ദുലേഖ എന്ന ഓൺ ലൈൻ പബ്ളിഷർ ഒരോഫർ വെച്ചിരുന്നു. ആരെങ്കിലും 499 രൂപയുടെ ഒരു കൂപ്പൺ എടുത്താൽ 600 രൂപയുടെ പുസ്തകം അവർ കാർത്തുമ്പിക്കൂട്ടത്തിന്റെ ലൈബ്രറിക്കായ് നല്കും എന്നതാണ്. പ്രിയ വായനക്കാരെ നിങ്ങൾക്കൊന്നു സഹായിച്ചുകൂടെ ഒരു കൂപ്പണെടുത്ത് പൊണ്മണിയും കൂട്ടരും കഥകളും കവിതകളും കൊണ്ട് ഊരിന്റെ മണ്ണിൽ നിന്ന് നാളെ നിങ്ങളെ തിരിച്ചെതിരേല്ക്കാൻ.
Post Your Comments