India

വിദേശ സഞ്ചാരികള്‍ താജ്മഹലിനെ മറക്കുന്നുവോ?

ആഗ്ര: വിദേശ സഞ്ചാരികള്‍ പ്രണയത്തിന്റെ നിത്യസ്മാരകമായ താജ്മഹലിനെ കൈവിടുന്നതായി സൂചന. രാജ്യത്ത് വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായെങ്കിലും ഇന്ത്യന്‍ ടൂറിസം മേഖലയുടെ മുഖമുദ്ര എന്നറിയപ്പെടുന്ന താജ്മഹലില്‍ എത്തുന്ന വിദേശീയരുടെ എണ്ണത്തില്‍ വന്‍ കുറവ്. 2014നേക്കാള്‍ നാലര ശതമാനം കുറവ് വിദേശികളാണ് 2015ല്‍ താജ് മഹല്‍ സന്ദര്‍ശിച്ചത്. ഏതാനും വര്‍ഷങ്ങളായി താജ്മഹലിനോടുള്ള പ്രിയം വിദേശിയര്‍ക്ക് നഷ്ടമാകുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. 2012ല്‍ 7.9 ലക്ഷം വിദേശിയര്‍ താജ്മഹല്‍ സന്ദര്‍ശിച്ചപ്പോള്‍ 2013ല്‍ ഇത് 7.4 ലക്ഷമായി കുറഞ്ഞു.

2014ല്‍ 6.9 ലക്ഷം പേരും 2015ല്‍ 6.36 ലക്ഷം പേരുമാണ് താജ്മഹലിലെത്തിയത്. എന്നാല്‍ 2015ല്‍ രാജ്യത്ത് ആകെയെത്തിയ വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ എട്ട് ശതമാനത്തോളം വര്‍ധനയാണ് രേഖപ്പെടുത്തിയത്. വിദേശിയര്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതും മോശം അടിസ്ഥാന സൗകര്യങ്ങളുമാണ് താജ്മഹലിനെ അപ്രിയമാക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ഏറ്റവും അധികം വിദേശിയര്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിനോദസഞ്ചാര കേന്ദ്രം ഇപ്പോഴും താജ്മഹല്‍ തന്നെയാണ്. ഇവിടേയ്ക്കുള്ള ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 2014ല്‍ 53.7 ലക്ഷവും 2015ല്‍ 59.15 ലക്ഷവും ആഭ്യന്തര വിനോദസഞ്ചാരികള്‍ താജ്മഹല്‍ കാണാനെത്തി.

shortlink

Post Your Comments


Back to top button