നോയ്ഡ: നോയ്ഡയില്‍ മലയാളിയ്ക്ക് നേരെ കൊള്ളസംഘം വെടിവെപ്പ് നടത്തി. ഗ്രേറ്റർ നോയിഡ ജൽവായു വിഹാറിൽ താമസക്കാരനായ യദു നിശാന്ത് നായർക്കാണ് വെടിയേറ്റത്. കഴിഞ്ഞദിവസം രാത്രി നോയിഡയിൽ കുടുംബത്തോടൊപ്പം സഞ്ചരിക്കുമ്പോള്‍ കാര്‍ തടഞ്ഞു നിര്‍ത്തി വെടിവെയ്ക്കുകയായിരുന്നു. വലതു തുടയിൽ വെടിയുണ്ട തുളച്ചുകയറിയ യദു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഡല്‍ഹി നെഹ്‌റു പ്ലേസില്‍ ഭക്ഷണം കഴിച്ച് കുടുംബത്തോടൊപ്പം മടങ്ങവേ നോയ്ഡ എക്സ്പ്രസ് വേയില്‍ വച്ചാണ് സംഭവം. യുദവിന്റെ ഭാര്യ മധുശ്രീ നായർ, മുന്ന് വയസുള്ള മകൾ, മധുശ്രീയുടെ സഹോദരി എന്നിവരാണ് കാറിലുണ്ടായിരുന്നത്. യദുവിനെ അക്രമികൾ പിടിച്ചുവലിച്ച് പുറത്തറിക്കി. വിലയേറിയ വസ്തുക്കൾ എടുത്ത് വെറുതേ വിടണമെന്ന് അപേക്ഷിക്കുന്നതിനിടെയാണ് സംഘം വെടിയുതിർത്തത്. ഇതിനിടെ മറ്റ് വാഹനങ്ങൾ വരുന്നത് കണ്ട് സംഘം രക്ഷപ്പെട്ടു. പൊലീസിനെ വിവരം അറിയിച്ചെങ്കിലും എത്താൻ വൈകുമെന്ന് അറിയിച്ചതോടെ യദു തന്നെ വാഹനം ഓടിച്ച് ആശുപത്രിയില്‍ എത്തുകയായിരുന്നു.
Post Your Comments