ഖത്തറില്‍ വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ഡിസംബര്‍ 31 മുതല്‍ ഖത്തറില്‍ നടപ്പിലാക്കി വരുന്ന പരിഷ്‌ക്കരിച്ച ട്രാഫിക് നിയമമനുസരിച്ച് അശ്രദ്ധമായി വാഹനമോടിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്തും. ഇപ്പോള്‍ പ്രഖ്യാപിച്ച പിളയിളവ് 2016 ജനുവരി 1 മുതലുള്ള നിയമലംഘനങ്ങള്‍ക്ക് ബാധകമായിരിക്കില്ല. നിയമലംഘനങ്ങളുടെ തോതനുസരിച്ച് പിഴ വര്‍ദ്ധിപ്പിക്കുമെന്നതാണ് പുതിയ നിയമത്തിന്റെ പ്രത്യേകത.
വൈകല്യമുള്ളവര്‍ക്കായി നീക്കിവെച്ച പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുക, വലതു വശത്ത് കൂടെ മറികടക്കുക, അശ്രദ്ധമായി വാഹനമോടിക്കുക, മദ്യപിച്ച് വാഹനമോടിക്കുക, അപകടം വരുത്തിയ ശേഷം സംവഭസ്ഥലത്ത് നിന്ന് അപ്രത്യക്ഷനാകുക, ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് വാഹനമോടിക്കാന്‍ നല്‍കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഇനി മുതല്‍ പിഴ ഇളവ് ഉണ്ടാകില്ല. വൈകല്യമുള്ളവര്‍ക്കായി നീക്കിവെച്ച പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനും വലതു വശത്തു കൂടെ മറികടക്കുന്നതിനും ഇനി മുതല്‍ 1000 റിയാല്‍ പിഴയിടും. നിലവില്‍ ഇത് 500 റിയാലാണ്.
2015 ജനുവരിക്കും നവംബറിനുമിടയില്‍ 150 ലക്ഷം ഗതാഗത നിയമലംഘനങ്ങളാണ് ഖത്തറില്‍ രജിസ്റ്റര്‍ ചെയ്തത്. ഗതാഗത നിയമലംഘനങ്ങളുടെ എണ്ണത്തില്‍ ഈ കാലയളവില്‍ വന്‍ വര്‍ദ്ധനയുണ്ടായി. ഈ സാഹചര്യത്തിലാണ് ഗതാഗത നിയമം പരിഷ്‌ക്കരിക്കുന്നത്. പുതിയ നിയമമനുസരിച്ച് അമിത വേഗതക്കുള്ള പിഴ വാഹനത്തിന്റെ വേഗത പരിഗണിച്ച് വ്യത്യാസപ്പെടുത്തും. തെറ്റ് ആവര്‍ത്തിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ നല്‍കാനും വകുപ്പുണ്ട്.
Post Your Comments