International

തോക്ക് നിയന്ത്രണത്തെപ്പറ്റി സംസാരിക്കുമ്പോള്‍ കരഞ്ഞതിനെക്കുറിച്ച് ഒബാമ

വാഷിംഗ്ടണ്‍: അമേരിക്കയില്‍ തോക്ക് നിയന്ത്രണത്തിനുള്ള നിയമം കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള പ്രസംഗത്തിനിടെ കരയാനിടയായതില്‍ വിശദീകരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. തന്റെ കരച്ചില്‍ കണ്ട് താന്‍ തന്നെ ഞെട്ടിയെന്നാണ് സി.എന്‍.എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പ്രതികരിച്ചത്.

2012-ല്‍ നടന്ന കണക്ടികട്ട് വെടിവെപ്പിനെക്കുറിച്ചോര്‍ത്തപ്പോഴാണ് ഒബാമയുടെ കണ്ണ് നിറഞ്ഞത്. പ്രസിഡന്റായ കാലയളവിലെ ഏറ്റവും മോശം ദിനങ്ങളായിരുന്നു അതെന്ന് അദ്ദേഹം പറഞ്ഞു. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം താന്‍ ന്യൂടൗണ്‍ സന്ദര്‍ശിച്ചിരുന്നു. അന്ന് രക്ഷിതാക്കള്‍ മാത്രമല്ല, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പോലും ഡ്യൂട്ടിക്കിടെ കരയുകയായിരുന്നു. ഹവായിലാണ് താന്‍ വളര്‍ന്നത്. കാട്ടുപന്നികളെ വെടിവെക്കാനല്ലാതെ അവിടെ വേട്ടയ്‌ക്കോ കായികപ്രകടനത്തിനോ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേത് പോലെ തോക്ക് ഉപയോഗിക്കാറില്ല.

പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായുള്ള പ്രചാരണത്തിനിടെ ഇയാവയിലെ ഫാമുകളിലും കൗണ്ടികളിലും സന്ദര്‍ശനം നടത്തിയിരുന്നു. ഒരു സ്ഥലത്തെത്തിയപ്പോള്‍ ഭാര്യ മിഷേല്‍ പറഞ്ഞു. ഫാം ഹൗസുകളിലാണ് താന്‍ താമസിക്കുന്നതെങ്കില്‍ ആരെങ്കിലും അതിക്രമിച്ച് കയറാന്‍ സാധ്യതയുള്ളതിനാല്‍ തന്റെയും കുടുംബത്തിന്റെയും സുരക്ഷയ്ക്കായി ഒരു ചെറുതോക്ക് വേണമെന്ന്. അവര്‍ പറഞ്ഞത് ശരിയാണെന്നും ഒബാമ പറഞ്ഞു.

തോക്ക് നിയന്ത്രണത്തിന് സ്വകാര്യ തോക്ക് വില്‍പ്പനയ്ക്ക് നിര്‍ബന്ധിത പരിശോധനയുള്‍പ്പെടെയുള്ള നടപടികളാണ് ഒബാമ അവതരിപ്പിച്ചത്. അമേരിക്കക്കാരെല്ലാവരും തോക്ക് താഴെ വെയ്ക്കണമെന്ന് താന്‍ പറയുന്നു എന്ന വാദം അദ്ദേഹം തള്ളി. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും തോക്ക് നിയന്ത്രണത്തെ വികലമാക്കി ഇന്റര്‍നെറ്റില്‍ കുപ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button