ചണ്ഡിഗഢ്: പഞ്ചാബില്‍ പത്താന്‍കോട്ട് വ്യോമസേന താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണം നേരിട്ടതില്‍ വീഴ്ച പറ്റിയെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി സൈന്യത്തിന്റെ മറുപടി. പത്താന്‍കോട്ടില്‍ ആവശ്യത്തിന് സൈനികര്‍ ഉണ്ടായിട്ടും എന്ത് കൊണ്ട് ഡല്‍ഹിയില്‍ നിന്നും ദേശിയ സുരക്ഷാ ഗാര്‍ഡിനെ ( എന്‍.എസ്.ജി) വരുത്തി എന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായാണ് സൈന്യത്തിന്റെ വെസ്റ്റേണ്‍ കമാന്‍ഡ് കമാന്‍ഡര്‍ ലഫ്. ജനറല്‍ കെ.ജെ സിംഗ് രംഗതെത്തിയത്.
ടാങ്കുകള്‍ പോലും തകര്‍ക്കാന്‍ ശേഷിയുള്ള ഗ്രനേഡുകളുമായാണ് ഭീകരര്‍ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. സേനയുടെ സ്വത്തുക്കളും യുദ്ധോപകരണങ്ങളും നശിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഈ സാഹചര്യത്തിലാണ് ഇവ സംരക്ഷിച്ച് ഭീകരരെ പ്രതിരോധിക്കാന്‍ സൈന്യം തീരുമാനിച്ചതെന്ന് കെ.ജെ സിംഗ് വിശദീകരിച്ചു.
വിദേശത്ത് നിന്ന് പരിശീലനത്തിനെത്തിയ 23 സൈനികരും 3000 ത്തോളം കുടുംബങ്ങളുമാണ് പത്താന്‍കോട്ടെ വ്യോമസേന ക്യാമ്പില്‍ ഉണ്ടായിരുന്നത്. ക്യാമ്പില്‍ കടന്ന ഭീകരര്‍ ഇവരെ ബന്ധികളാക്കാനുള്ള സാധ്യതയുണ്ടായിരുന്നു. അങ്ങനെയുണ്ടായാല്‍ നേരിടാന്‍ വേണ്ടിയാണ് ഡല്‍ഹിയില്‍ നിന്ന് എന്‍.എസ്.ജിയെ വിളിച്ചതെന്ന് കെ.ജെ.സിംഗ് പറഞ്ഞു. ബന്ദിയാക്കല്‍ പോലുളള സങ്കീര്‍ണ ഘട്ടങ്ങളില്‍ ഓപ്പറേഷനുകള്‍ക്ക് നിയോഗിക്കുന്ന സംഘത്തെയാണ് എന്‍എസ്ജി അയച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യോമസേന അംഗങ്ങളുടെ കുടുംബങ്ങള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് സമീപമായിരുന്നു ഭീകരര്‍ ഒളിച്ചിരുന്നത്. അതുകൊണ്ട് തന്നെ സൈനിക നടപടി അത്ര എളുപ്പമായിരുന്നില്ല. ധൃതിപിടിച്ചുള്ള നടപടിയിലൂടെ വ്യോമസേനാ താവളത്തിന് കൂടുതല്‍ നാശനഷ്ടം വരുത്തേണ്ടെന്ന നിലപാടിലായിരുന്നു സൈന്യം. കൂടുതല്‍ ആളപായം ഒഴിവാക്കാന്‍ മിതമായ രീതിയില്‍ മാത്രമാണ് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതെന്നും ലഫ്. ജനറല്‍ കെ.ജെ സിംഗ് പറഞ്ഞു. അഫ്ഗാന്‍, മ്യാന്‍മര്‍, നൈജീരിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പരിശീലനത്തിനെത്തിയവരായിരുന്നു ക്യാമ്പിലുണ്ടായിരുന്ന വിദേശ സൈനികര്‍.
ആദ്യദിനത്തെ ആക്രമണത്തിന് ശേഷം രാത്രി പത്ത് മണിക്കൂറോളം തീവ്രവാദികള്‍ നിശബ്ദരായിരുന്നു. ഇവര്‍ വീണ്ടും വെടിയുതിര്‍ത്തതിന് ശേഷമാണ് സൈന്യം പ്രത്യാക്രമണം പുനരാരംഭിച്ചത്. പിറ്റേന്ന് വ്യോമതാവളത്തിലെ ബാരക്കുകളിലേക്ക് രണ്ട് തീവ്രവാദികള്‍ കടന്നു. ഈ സമയമാണ് കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ കുടുങ്ങിയിരുന്ന ആറ് വ്യോമസേനാംഗങ്ങളെ കമാന്‍ഡോകള്‍ വിന്‍ഡോ ഗ്ലാസ് തകര്‍ത്ത് രക്ഷപെടുത്തിയത്. ഇതിന് ശേഷം തീവ്രവാദികളെ വധിക്കാനായി ഐഇഡി ചിപ്പ് ഉപയോഗിച്ച് കെട്ടിടം തകര്‍ക്കുകയായിരുന്നുവെന്നും സിംഗ് പറഞ്ഞു. വയര്‍ കട്ടറുകളും റേഡിയോ സെറ്റുകളും ജെയ്‌ഷെ ഇ മുഹമ്മദിന്റെ ലഘുലേഖകളും ഭീകരരില്‍ നിന്ന് കണ്ടെടുത്തതായും ലഫ്. ജനറല്‍ കെ.ജെ സിംഗ് അറിയിച്ചു.
Post Your Comments