വിഘ്നേശ്വരൻ
ഒരുപാട് സന്തോഷങ്ങളും,സങ്കടങ്ങളും,നന്മകളും,അത്ഭുതങ്ങളും സംഭവിച്ച ഒരു വർഷം കൂടി കടന്നു പോകുന്നു.ഇനി വരുന്ന പുതുവർഷം സമാധാനത്തിന്റെയും,ശാന്തിയുടെയും നാളുകൾ നമുക്ക് സമ്മാനിക്കട്ടെയെന്നു ആശിക്കാം.എന്നാൽ പുതുവർഷത്തിൽ ശാന്തിയും,സമാധാനവും,നന്മയും നടപ്പിൽ വരുത്താൻ നമുക്കെന്തു ചെയ്യാൻ കഴിയുമെന്നു നോക്കാം.എന്നിട്ട് ഒരു പ്രതിഞ്ജയിലൂടെ നാം ഓരോരുത്തർക്കും അത് നടപ്പിൽ വരുത്താം..
പുതുവർഷത്തിൽ നമ്മൾ എല്ലാവരും മനസ്സിൽ ഓരോരോ പുതിയ പ്രതിഞ്ജകൾ എടുക്കാറുണ്ട്.പുകവലി,മദ്യപാനം,ജീവിത രീതികളിൽ ചില മാറ്റങ്ങൾ ഇതൊക്കെയാകും കൂടുതൽ പേരും എടുക്കുന്ന തീരുമാനങ്ങൾ.പക്ഷേ പലർക്കും അത് നടപ്പിലാക്കാൻ സാധിക്കാറില്ല എന്നുള്ളത് വേറൊരു സത്യം.
എന്നാൽ വരും വർഷത്തിൽ പുതിയൊരു പ്രതിജ്ഞ എടുക്കാൻ നിങ്ങൾക്ക് കഴിഞ്ഞാൽ ആ തീരുമാനം നിങ്ങളുടെ ജീവിതം മാത്രമല്ല ഈ ലോകം തന്നെ മാറ്റി മറിക്കും.അത്രയും ശക്തിയുണ്ട് ഈ ഒരു പ്രതിജ്ഞക്ക്.
നമ്മളെല്ലാവരും ഈശ്വര വിശ്വാസികൾ ആണ്.പല മതക്കാർ,പല ദൈവങ്ങളെ ആരാധിക്കുന്നവർ.അതുകൊണ്ട് നാമെല്ലാം വിശ്വസിക്കുന്ന ചിന്ത ഒന്നുമാത്രം. എല്ലാം ഈശ്വര നിശ്ചയം,ഈശ്വരന് മാത്രമേ ഈ പ്രപഞ്ചത്തെയും,അതിലെ ജീവജാലങ്ങളെയും നിലനിർത്താൻ സാധിക്കുകയുള്ളൂ എന്ന് ഇപ്പോഴും വിശ്വസിക്കുന്നു.
എന്നാൽ ചില സമയങ്ങളിൽ നമുക്കും ഒരു ഈശ്വരനായി മറ്റുള്ളവർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാൻ കഴിയും,ഒപ്പം ഒരു ജീവൻ രക്ഷിക്കുവാനും.അതും വെറും 15 മിനിറ്റ് കൊണ്ട്, എങ്ങിനെയെന്നല്ലേ സന്നദ്ധ രക്തദാനത്തിലൂടെ.
നാം സ്വയം ഒരു ഈശ്വരനായി അവതരിക്കാനും,ഒരു ജീവൻ രക്ഷിക്കാനും വേണ്ടി നാമെല്ലാവരും ഈ പുതുവർഷത്തിൽ ഒരു പ്രതിഞ്ജ എടുത്തേ മതിയാകൂ.
“ഞാൻ ഇന്നുമുതൽ ഓരോ മൂന്നു മാസത്തിലും പണമോ, ഏതെങ്കിലും തരത്തിലുള്ള പാരിതോഷികങ്ങളോ സ്വീകരിക്കാതെയും, മറ്റുള്ളവരുടെ നിർബന്ധത്തിനോ സമ്മർദ്ധത്തിനോ വിധേയമായിട്ടല്ലാതെയും സ്വമേധയാ എന്റെ രക്തം ദാനം ചെയ്യുന്നതാണ്”
അതെ സത്യമാണ്..നിങ്ങളുടെ ഈ ഒരു തീരുമാനം നാളെ ലോകത്തിനു മുന്നിൽ ഒരു മാതൃകയായി മാറുമെന്നതിൽ തർക്കമില്ല.
ഇന്ന് സമൂഹത്തെ കാർന്നു തിന്നുന്ന കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് അടിമപ്പെട്ട രോഗികൾക്കും,അപകടങ്ങളിൽ ഗുരുതരമായ പരുക്കുകൾ പറ്റുന്ന രോഗികൾക്കും ഏറ്റവും കൂടുതൽ ആവശ്യമുള്ള ഔഷധം രക്തം മാത്രമാണ്.പലപ്പോഴും നമ്മുടെ രക്ത ബാങ്കുകളിൽ വേണ്ടത്ര രക്തം ഇല്ലാത്തതുകൊണ്ട് പല ജീവനുകളും നഷട്ടപെടുന്നതിനെ നമ്മൾ തന്നെ ഒരു കാരണമായി തീരുന്നു.
യുവാക്കളാണ് ഒരു രാജ്യത്തിന്റെ അടിത്തറ അതുകൊണ്ടുതന്നെ അവർ തന്നെയാണ് രക്തദാനം പോലുള്ള മഹത്തായ കാര്യങ്ങൾക്ക് മുന്നിട്ടിറങ്ങേണ്ടത്. രക്തദാനം പോലെ മഹത്തായൊരു കാര്യത്തിനു ഒരിക്കലും മടിച്ചു നിൽക്കാതെ മുന്നോട്ട് വരാന്‍ യുവാക്കൾക്ക് കഴിയണം. പെട്ടനുണ്ടാകുന്ന അപകടങ്ങള്‍, സർജറികൾ,പ്രസവം തുടങ്ങിയ സന്ദർഭങ്ങളിൽ രക്തം അത്യാവശ്യമായി വരുമ്പോള്‍ ഇടറുന്ന മനസ്സുമായി നിൽക്കുന്ന രോഗിയുടെ ബന്ധുവിന് ബ്ലഡ് ബാങ്കില്‍ രക്തം കിട്ടാത്ത ഒരവസ്ഥ വന്നാല്‍ അതിന് കാരണക്കാര്‍ മറ്റാരുമല്ല വിദ്യാസമ്പന്നരെന്നു സ്വയം വിശേഷിപ്പിക്കുന്ന നമ്മള്‍ തന്നെയാണ്.
രക്തദാനം എത്രത്തോളം മഹത്തായ കാര്യമാണെന്ന് നമ്മളില്‍ പലർക്കും അറിയില്ല. പലപ്പോഴും ഒരു പ്രതിസന്ധിഘട്ടം വരുമ്പോള്‍ മാത്രമാണ് നാം രക്തദാനത്തിന്റെ മഹത്വം തിരിച്ചറിയുന്നത്. ജീവിതത്തില്‍ ഒരിക്കൽപ്പോലും രക്തദാനം ചെയ്യാത്ത ഒരുപാട് യുവാക്കള്‍ നമ്മുടെ നാട്ടിലുണ്ട്. അറിവില്ലായ്മയും പേടിയുമാണ് പലപ്പോഴും ചെറുപ്പക്കാരെ രക്തദാനത്തിൽ നിന്നും അകറ്റി നിരത്തുന്നത് എന്നതാണ് വസ്തുത.
ആളുകളിൽ പരക്കുന്ന വേറൊരു സംസാരരീതി പോസിറ്റീവ് ഗ്രൂപ്പുകള്‍ ഉള്ള ആളുകൾ ധാരാളം ഉള്ളത് കൊണ്ട് രക്തം ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല എന്നാണ്.എന്നാൽ അത് തീർച്ചയായും ഒരു തെറ്റിദ്ധാരണയാണ്. കാരണം പോസിറ്റീവ് ഗ്രൂപ്പുകള്‍ ധാരാളം ഉള്ളത്കൊണ്ട് ആവശ്യക്കാരും അതിനു ഏറെയാണ്,അതുകൊണ്ട് അവർക്കുള്ള രക്തം ആവശ്യത്തിനു ലഭിക്കുന്നുമില്ല.
ആരോഗ്യമുള്ള 18 വയസ്സ് പൂർത്തിയായ ആരോഗ്യമുള്ള ഏതൊരാൾക്കും രക്തം ദാനംചെയ്യാം . ഒരാളുടെ ശരീരത്തില്‍ നിന്നും പരമാവതി 350 മുതൽ 450 മി.ലി രക്തമാണ് എടുക്കുന്നത്.
രക്തദാനത്തിന് പരമാവധി എടുക്കുന്ന സമയം 30 മിനിറ്റ് മാത്രമാണ് അതുകൊണ്ട് രക്ഷപ്പെടുന്നത് ഒരുപക്ഷെ ഒരു ജീവിതമായിരിക്കാം.
കാര്യമായ ക്ഷീണമോ ബുദ്ധിമുട്ടുകളോ രക്തദാതാവിന്നു ഉണ്ടാകുന്നില്ല. മാത്രമല്ല പൂർണമായും അണുവിമുക്തമായ ഉപകരണങ്ങൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ.
രക്തദാനത്തിലൂടെ ഒരു ദാതാവിനെ കിട്ടുന്ന ഗുണങ്ങൾ നിശ്ചിത സമയത്ത് ഹെൽത്ത് ചെക്കപ്പ് സാധ്യമാകുന്നു.പുതിയ രക്ത കോശങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടുന്നത് വഴി ശരീരവും മനസ്സും കൂടുതല്‍ ഊർജസ്വലമാകുന്നു. ഇരുമ്പിന്റെ അളവ് ക്രമീകരിക്കപ്പെടുന്നതിലൂടെ ഹൃദരോഗം, പ്രമേഹം, രക്ത സമ്മർദ്ദം,പക്ഷാഘാതം തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യതയും കുറയ്ക്കുന്നു.അധിക കലോറിയും,കൊളസ്ട്രോളും കുറയ്ക്കാം.
ഒന്നോർക്കുക മനുഷ്യ രക്തത്തിനെ പകരം വെക്കാൻ മറ്റൊന്നില്ല.അത് നിർമ്മിക്കാനോ അധികനാൾ സൂക്ഷിച്ചു വെക്കാനോ സാധിക്കില്ല.
അതിനാൽ ഏവരോടും ഈ പുതുവർഷത്തിൽ ഒരു അപേക്ഷമാത്രം.മൂന്നു മാസത്തിലൊരിക്കൽ രക്തംദാനം ചെയ്യുമെന്ന പ്രതിഞ്ജയെടുക്കുക.അത് നടപ്പിൽ വരുത്തുക.നാം ഈ ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ ഒരാൾ പോലും രക്തം കിട്ടാതെ അപായപ്പെടുവാൻ അനുവദിക്കരുത്.
ഹൃദയപൂർവ്വം,
വിഘ്നേശ്വരൻ
ബ്ലഡ് ഡോണേഴ്സ് കേരള (യു.എ.ഇ)
00971-503264418
Post Your Comments