ദുബായ്: യു.എ.ഇയില്‍ ജോലി ചെയ്യുന്നവരില്‍ 83 ശതമാനം പേരും ജോലി ഉപേക്ഷിക്കാന്‍ തയ്യാറെന്ന് പഠനം. മധ്യപൂര്‍വേഷ്യയിലെ പ്രമുഖ തൊഴില്‍ വെബ്‌സൈറ്റായ ബെയ്ത് ഡോട്ട് കോം നടത്തിയ ‘കരിയര്‍ ഡവലപ്‌മെന്റ് ഇന്‍ ദി മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക’ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്.
കരിയര്‍ വികസനത്തിന്റെ അഭാവമാണ് ജോലിക്കാരെ ഇത്തരത്തില്‍ ചിന്തിപ്പിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 85 ശതമാനം പേരും കരിയര്‍ വികസനത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ടെന്നും, തങ്ങളുടെ കമ്പനികള്‍ കരിയര്‍ വികസനത്തിനുള്ള അവസരങ്ങള്‍ നല്‍കുന്നില്ലെന്ന് നിരവധിപേര്‍ പരാതിപ്പെട്ടതായും സര്‍വേ പറയുന്നു.
ഇതില്‍ 40 ശതമാനം പേര്‍ തൊഴില്‍ വികസനം തേടി മറ്റൊരു രാജ്യത്തേയ്ക്ക് ചേക്കേറാനാഗ്രഹിക്കുന്നു. 57 ശതമാനം പേര്‍ മറ്റു മേഖലകളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നുവെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു.
57 ശതമാനം പേരും തങ്ങള്‍ക്ക് ഉയര്‍ന്ന തസ്തികകള്‍ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ ഇവരില്‍ 35 ശതമാനം പേര്‍ക്കും നിലവിലുള്ള കമ്പനിയില്‍ ഇതുവരെ സ്ഥാനക്കയറ്റം ലഭിച്ചിട്ടില്ലെന്നും സര്‍വേയില്‍ കണ്ടെത്തി. സര്‍വേയിലെ മറ്റൊരു പ്രധാന കണ്ടെത്തല്‍, 33 ശതമാനം പേര്‍ കമ്പനിയുടെ അഭിവൃദ്ധിയില്‍ തങ്ങള്‍ക്കും തുല്യഅവസരമുണ്ടെന്ന് വിശ്വസിക്കുന്നു എന്നതാണ്. 32 ശതമാനം പേര്‍ സ്ഥാനക്കയറ്റങ്ങള്‍ നീതിപൂര്‍വവും പക്ഷപാതമില്ലാതെയാണെന്നും അഭിപ്രായപ്പെടുന്നു.
Post Your Comments