ന്യൂഡല്‍ഹി : ഡല്‍ഹി പോലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡിലെ കോണ്‍സ്റ്റബിളിന് ഡ്യൂട്ടിക്കിടെ ദാരുണാന്ത്യം. ആനന്ദ് ഖത്രി എന്ന കോണ്‍സ്റ്റബിളാണ് മരിച്ചത്. ഡല്‍ഹി നജാഫ്ഘട്ട് സ്വദേശിയായ ആനന്ദ് രണ്ടു മാസത്തിനു മുന്‍പാണ് ഭീകര വിരുദ്ധ സ്‌പെഷ്യല്‍ സെല്ലില്‍ എത്തിയത്.
രോഹിണി സെക്ടര്‍ 21 ല്‍ ബുധനാഴ്ച പുലര്‍ച്ചെ ഒരു കെട്ടിടത്തില്‍ നടത്തിയ റെയ്ഡിനിടെ ആനന്ദിന്റെ കൈവശമിരുന്ന എ.കെ47 തോക്ക് അബദ്ധത്തില്‍ പൊട്ടിയാണ് ആന്ദ് മരിച്ചത്. അദ്ദേഹത്തിന്റെ താടിയില്‍ പതിച്ച വെടിയുണ്ട തല തകര്‍ത്താണ് പുറത്തേക്ക് പോയത്. ഉടന്‍ തന്നെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ആനന്ദിന്റെ മരണം സംഭവിച്ചിരുന്നു.
ബെഗംപുരില്‍ രോഹിണി സെക്ടര്‍ 21ലെ ഒരു കെട്ടിടത്തില്‍ ഒളിവില്‍ കഴിയുന്ന ഒരു ഗുണ്ടയെ പിടികൂടാനാണ് ആനന്ദ് ഉള്‍പ്പെടുന്ന സംഘം റെയ്ഡ് നടത്തിയത്. കുപ്രസിദ്ധ ഗുണ്ടയായ രവീന്ദര്‍ ഭോലുവിന്റെ സംഘത്തില്‍പെടുന്ന അശോക് എന്ന സോനു പണ്ഡിറ്റിനെ പിടികൂടിയ ശേഷം കെട്ടിടത്തില്‍ നിന്നും താഴേയ്ക്ക് ഇറങ്ങവേയാണ് ആനന്ദിന്റെ കൈവശമിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടിയത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കുമെന്ന് പോലീസ് ജോയിന്റ് കമ്മിഷണര്‍ അലോക് കുമാര്‍ അറിയിച്ചു.
Post Your Comments