India

താന്‍ നിരപരാധിയാണെന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ എസ്.പിയുടെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: താന്‍ നിരപരാധിയാണെന്നും തന്നെ കൊല്ലാനായി ഭീകരര്‍ തിരിച്ച് വന്നിരുന്നുവെന്നും പത്താന്‍കോട്ടില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ എസ്.പി സല്‍വീന്ദര്‍ സിംഗിന്റെ വെളിപ്പെടുത്തല്‍. എന്‍.ഡി.ടി.വിയോടാണ് എസ്.പി ഇക്കാര്യം വെളിപ്പെടുത്തിയത്.

ഡിസംബര്‍ 31 രാത്രിയില്‍ പാകിസ്താന്‍ അതിര്‍ത്തിക്ക് സമീപമുള്ള ആരാധനാലയത്തില്‍ പോയതിന് ശേഷം മടങ്ങവെയാണ് ഭീകരര്‍ സല്‍വീന്ദര്‍ സിംഗിനെ പിടികൂടിയത്. ഔദ്യോഗിക വാഹനത്തിലായിരുന്ന എസ്പി യൂണിഫോമില്‍ അല്ലായിരുന്നു. അവരുടെ കൈയ്യില്‍ എ.കെ 47 തോക്കുകള്‍ ഉണ്ടായിരുന്നു, പഞ്ചാബി, ഹിന്ദി, ഉറുദു എന്നീ ഭാഷകളിലാണ് സംസാരിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. വാഹനം തട്ടിയെടുത്ത് തന്നെ വഴിയില്‍ ഉപേക്ഷിച്ച് ഭീകരര്‍ കടന്നു കളഞ്ഞത് റിപ്പോര്‍ട്ട് ചെയ്തിരുന്നതാണെന്നും സല്‍വീന്ദര്‍ പറയുന്നു. ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ തെറ്റൊന്നും ഉണ്ടായിരുന്നില്ല, എന്റെ ഏക തെറ്റ് ഞാനിപ്പോഴും ജീവിച്ചിരിക്കുന്നതാണോ? ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ എന്നെ തൂക്കി കൊല്ലു, ഞാന്‍ ദൈവഭയമുള്ള ഒരു മനുഷ്യനാണ് എന്നും അദ്ദേഹം പറയുന്നു.

വാഹനം തട്ടിയെടുത്തതിന് ശേഷം കൈയ്യും കാലും കെട്ടിയിട്ട് വായ തുണി കൊണ്ട് മൂടി കണ്ണും കെട്ടിയാണ് തന്നെ കൊണ്ടു പോയത്. ഇരുട്ട് കൂടുതലായതിനാലാണ് ഭീകരരുടെ എണ്ണം സംബന്ധിച്ച് അവ്യക്തമായ വിവരങ്ങള്‍ നല്‍കിയതെന്നും സല്‍വീന്ദര്‍ സിംഗ് പറഞ്ഞു. ഭീകരര്‍ എന്തുകൊണ്ട് കൊലപ്പെടുത്തിയില്ലെന്ന ചോദ്യത്തിന് സല്‍വീന്ദറിന്റെ മറുപടി ഇതാണ് താന്‍ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. മനസ്സിലാക്കിയപ്പോള്‍ അവര്‍ തിരികെ വന്നു, ആര്‍ക്കെങ്കിലും എന്തെങ്കിലും തരത്തിലുള്ള മുന്നറിയിപ്പ് നല്‍കിയാല്‍ അതിന് വലിയ വില നല്‍കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി. കയ്യിലുള്ള മൂന്ന് സെല്‍ഫോണുകളും ഭീകരര്‍ തട്ടിയെടുത്തിരുന്നു. ഇതിനിടെ ഗണ്‍മാന്‍ വിളിച്ചപ്പോള്‍ മാത്രമാണ് താന്‍ പൊലീസാണെന്ന് ഭീകരര്‍ക്ക് മനസിലായത്.

ചെക്ക് പോസ്റ്റിലെത്തിയപ്പോള്‍ പൊലീസ് വാഹനത്തിലാണെന്നും അവര്‍ തിരിച്ചറിഞ്ഞുവെന്നും സല്‍വീന്ദര്‍ പറഞ്ഞു. മോചിതനായ ഉടന്‍ അടുത്ത ഗ്രാമത്തിലേക്കെത്തി ഉന്നത അധികാരികളെ വെള്ളിയാഴ്ച പുലര്‍ച്ചെ തന്നെ വിവരമറിയിച്ചുവെന്നും സല്‍വീന്ദര്‍ പറയുന്നു. എന്നാല്‍ തുടര്‍നടപടികള്‍ അത്ര വലിയ രീതിയിലുള്ളതായിരുന്നില്ല. സിംഗിന്റെ പരാതി കാര്യമായി കണ്ടിരുന്നില്ലെന്ന് പഞ്ചാബ് പൊലീസിലെ ഒരു ഉന്നതന്‍ വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തിയിരുന്നു.

സല്‍വീന്ദര്‍ സിംഗ് വിവരങ്ങള്‍ നല്‍കിയിട്ടും വളരെ വൈകിയാണ് പത്താന്‍കോട്ടാണ് ഭീകരരുടെ ലക്ഷ്യമെന്ന് തിരിച്ചറിഞ്ഞതെന്ന് ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷിയും വ്യക്തമാക്കിയിരുന്നു. അതും സിംഗിന്റെ വാഹനം തട്ടിയെടുത്ത് 12 മണിക്കൂര്‍ പിന്നിട്ടതിന് ശേഷം. വ്യോമതാവളത്തിന് 500 മീറ്റര്‍ അകലെയാണ് ഭീകരര്‍ വാഹനം ഉപേക്ഷിച്ചത്. ഈ വിവരങ്ങള്‍ ദേശീയ അന്വേഷണ സംഘത്തിന്റെ ആറ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ സല്‍വീന്ദര്‍ പറഞ്ഞിരുന്നു.

shortlink

Post Your Comments


Back to top button