Gulf

ഗുജറാത്തിലെ മുസ്ലിം ലീഗ് ഭവന നിര്‍മ്മാണത്തില്‍ അപാകതയില്ലന്ന് ഇടി മുഹമ്മദ് ബഷീര്‍

റിയാദ്: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഗുജറാത്തില്‍ മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ നടന്ന ഭവന നിര്‍മാണത്തില്‍ അപാകതകളൊന്നുമില്ലെന്നും ഇതു സംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും പറഞ്ഞു. അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് റിയാദില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ്. വീടുകള്‍ നിര്‍മിച്ചത് മാലിന്യം തള്ളുന്ന മേഖലയിലാണെന്ന കണ്ടത്തെല്‍ ശരിയല്ല. അവിടെ വീട് നിര്‍മിക്കുന്ന സമയത്ത് മാലിന്യമുണ്ടായിരുന്നില്ല. അത് പിന്നീടുണ്ടായതാണ്. ലീഗിന് അതില്‍ എന്തു ചെയ്യാന്‍ കഴിയും.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച വീടുകളില്‍ ചെറിയ പ്രശ്‌നങ്ങളുള്ളത് സ്വാഭാവികം. ഗുജറാത്തിലുള്ള ഏജന്‍സിക്ക് മുസ്ലിം ലീഗ് പിരിച്ചെടുത്ത തുക കൈമാറുകയാണ് ചെയ്തത്. അവിടെ പോയി വീട് നിര്‍മിച്ച് നല്‍കുക എന്നത് പ്രയോഗികമല്ലാത്തതിനാലാണ് ഏജന്‍സിയെ ഏല്‍പിച്ചത്. മുസ്ലിം ലീഗ് മാത്രമല്ല സിറ്റിസണ്‍ നഗറില്‍ വീടുകള്‍ നിര്‍മിച്ച് നല്‍കിയിരിക്കുന്നത്. അവിടെ മറ്റ് സന്നദ്ധ സംഘടനകളും വീടുകള്‍ നിര്‍മിച്ചിട്ടുണ്ട്. താമസക്കാര്‍ക്ക് ഇതുവരെ അതിന്റെ ഉടമസ്ഥാവകാശം ലഭിച്ചിട്ടില്ലെന്നത് വസ്തുതയാണ്. അത് ചെയ്യേണ്ടത് ഏജന്‍സിയാണ്.

പാര്‍ട്ടിയുടെ അഖിലേന്ത്യ നേതാവായ ഇ. അഹമ്മദാണ് ഗുജറാത്ത് കലാപ സമയത്ത് അവിടെ ആദ്യമത്തെിയത്. വീട് നിര്‍മാണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ലീഗ് നേതാക്കള്‍ തറക്കല്ലിടുന്ന സമയത്തും പോയിരുന്നു. അതിലപ്പുറം എന്താണ് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്ത സമ്മേളനത്തില്‍ കെ.എം.സി.സി നേതാക്കളായ അബ്ബാസ് ഹാജി, വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, അബ്ദുറഹ്മാന്‍ കല്ലായി, കുന്നുമ്മല്‍ കോയ, വി.കെ. മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.

shortlink

Post Your Comments


Back to top button