Kerala

അതീവ സുരക്ഷാപ്രശ്‌നങ്ങളുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളും

കരിപ്പൂര്‍ : അതീവ സുരക്ഷാപ്രശ്‌നങ്ങളുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളും. ഭീകരാക്രമണങ്ങള്‍ നേരിടുന്നതിനാവശ്യമായ പ്രത്യേക സംവിധാനങ്ങള്‍ ഇല്ലാത്ത രാജ്യത്തെ വിമാനത്താവളങ്ങളെക്കുറിച്ച് കെ.ഡി സിങ് അദ്ധ്യക്ഷനായുള്ള പാര്‍ലമെന്റ് സമിതി കണ്ടെത്തിയിരുന്നു.

രാജ്യത്തെ 98 വിമാനത്താവളങ്ങളില്‍ 26 എണ്ണത്തെയാണ് അതീവ സുരക്ഷാ ഭീഷണി നേരിടുന്നവയായി കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ മൂന്നു വിമാനത്താവളങ്ങളും ഈ വിഭാഗത്തിലാണ് വരുന്നത്. സേനാവിഭാഗങ്ങള്‍ തയാറാക്കിയിരിക്കുന്ന തീവ്രവാദ ആക്രമണ പ്രതിരോധ പ്രത്യാക്രമണ പദ്ധതി (സി.ടി.സി.പി) നടപ്പാക്കാനാവശ്യമായ അപ്രോച്ച് റോഡുകളുടെ അഭാവമാണ് വിമാനത്താവളങ്ങളുടെ ഏറ്റവും വലിയ ന്യൂനതയായി വിലയിരുത്തുന്നത്. ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങള്‍ മാത്രമാണ് തികഞ്ഞ സുരക്ഷാ സൗകര്യമുള്ളവ.

കോഴിക്കോട് വിമാനത്താവളത്തെ പരാധീനതകളുടെ വിമാനത്താവളമായാണ് സമിതി വിശേഷിപ്പിച്ചിരിക്കുന്നത്. എക്്‌സ്‌റേ ഡോര്‍ഫ്രെയിം മെറ്റല്‍ ഡിറ്റകിടര്‍, കൈയ്യില്‍ പിടിക്കാവുന്ന മെറ്റര്‍ ഡിറ്റക്ടര്‍, ബോംബ് നിര്‍വീര്യമാക്കുന്ന സംവിധാനം, ആശയ വിനിമയ ഉപാധികള്‍ എന്നിവയില്‍ എല്ലാം സേനാവിഭാഗങ്ങള്‍ പരാധീനതകള്‍ അനുഭവിക്കുന്നു.

കോഴിക്കോട് വിമാനത്താവളത്തിലെ സിസിടിവി സംവിധാനവും കാര്യക്ഷമമല്ലെന്ന് സമിതി പറയുന്നു. വിമാനത്താവള പരിസരങ്ങള്‍ മുഴുവന്‍ കാണാവുന്ന രീതിയിലല്ല ക്യാമറകള്‍. പലഭാഗത്തും നിഴല്‍ പതിയുന്നു. രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളും വന്‍ ഭീഷണിയിലാണെന്നും സമിതി പറയുന്നു. പത്താന്‍കോട്ട് ആക്രമണ പശ്ചാത്തലത്തില്‍ ഏറെ ആശങ്ക ഉയര്‍ത്തുന്നതാണ് സമിതിയുടെ കണ്ടെത്തല്‍.

shortlink

Post Your Comments


Back to top button