ഫിലിപ്പീന്‍സ്: നിറയെ യാത്രക്കാരുമായി വാതിലും തുറന്നിട്ട് വിമാനം പറന്നു. പതിനായിരം അടിയോളം ഉയരത്തിലെത്തിയപ്പോഴാണ് ഡോര്‍ അടച്ചിരുന്നില്ലെന്ന് മനസിലായത്. 40 മിനിട്ടിന് ശേഷം വിമാനം തിരിച്ചിറക്കിയതോടെ വന്‍ ദുരന്തം ഒഴിവായി.
ദക്ഷിണ കൊറിയയിലേക്ക് 163 യാത്രക്കാരുമായി പോയ ജിന്‍ എയറിന്റെ ബോയിംഗ് 737-800 വിമാനമാണ് ഇത്തരമൊരു സംഭവത്തിനിടയാക്കിയത്. ഫിലിപ്പീന്‍സിലെ സെബു വിമാനത്താവളത്തില്‍ നിന്നുമാണ് വിമാനം പറന്നുയര്‍ന്നത്. ഈ സമയം വിമാനത്തിന്റെ ഒരു വാതില്‍ പൂര്‍ണ്ണമായും അടച്ചിരുന്നില്ല. വിമാനം പറന്നുയര്‍ന്ന് നാല്‍പ്പത് മിനിട്ടിന് ശേഷമായിരുന്നു ഇക്കാര്യം മനസിലായത്. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി.
എന്നാല്‍ വിമാനജീവനക്കാര്‍ യാത്രക്കാരെ സമാധാനിപ്പിച്ചു. സുരക്ഷിതമായി തിരിച്ചിറങ്ങിയ ശേഷം ബുസാനില്‍ യാത്രക്കാര്‍ക്ക് വിശ്രമ സൗകര്യമൊരുക്കി. തകരാര്‍ പരിഹരിച്ച് 15 മണിക്കൂറിന് ശേഷമാണ് യാത്ര പുനരാരംഭിച്ചത്.
ഓരോ യാത്രക്കാരനും 84 ഡോളര്‍ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് കമ്പനി അറിയിച്ചു. സംഭവത്തെപ്പറ്റി ദക്ഷിണ കൊറിയന്‍ ഗതാഗത വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Post Your Comments