ഗാങ്‌ടോക്: അധികാരമേറ്റതിനു ശേഷം നിർണായക തീരുമാനവുമായി സിക്കിം മുഖ്യമന്ത്രി. സര്‍ക്കാര്‍ ജീവനക്കാര്‍ ഇനി ആഴ്ചയില്‍ അഞ്ച് ദിവസം ജോലി ചെയ്താല്‍ മതിയെന്ന സുപ്രധാന ഉത്തരവിറക്കിയിരിക്കുകയാണ് സിക്കിമിലെ പ്രേംസിങ് തമാങ് സര്‍ക്കാര്‍. മുഖ്യമന്ത്രി എന്ന നിലയിൽ പ്രേംസിങ് തമാങിന്റെ ആദ്യ ഉത്തരവാണ് പുറത്തിറങ്ങിയത്.
സത്യപ്രതിജ്ഞയ്ക്കു പിന്നാലെ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഉത്തരവ്. ജീവനക്കാരുടെ ജോലി സമയം ആറില്‍ നിന്നും അഞ്ച് ദിവസമാക്കുമെന്നത് തമാങിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനം ഫോര്‍ച്ച്യൂണര്‍ എസ്.യു.വിക്ക് പകരം സ്‌കോര്‍പിയോ ആയിരിക്കുമെന്നും തമാങ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പണച്ചെലവ് ഓഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് സിക്കിം ക്രാന്തികാരി മോര്‍ച്ച പാർട്ടി വിശദീകരിക്കുന്നത്.
അഞ്ചു തവണ തുടര്‍ച്ചയായി ഭരണത്തിലിരുന്ന സിക്കിം ഡെമോക്രറ്റിക് പാർട്ടിയുടെ പവന്‍ കുമാര്‍ ചാംലിങ് യുഗം അവസാനിപ്പിച്ചതിനു പിന്നാലെയാണ് പ്രതിപക്ഷമായിരുന്ന സിക്കിം ക്രാന്തികാരി മോര്‍ച്ച അധികാരത്തിലെത്തുന്നത്.

Post Your Comments