ഐ.എം ദാസ്
ഗുജറാത്തിന്റെ മണ്ണില്‍ നിന്നും മോഡി ഒരിക്കല്‍ കൂടി പടപ്പുറപ്പാട് നടത്തുമ്പോള്‍ ലോകം ഉറ്റു നോക്കുന്നത് ഇന്ത്യയുടെ പടിഞ്ഞാറേ മൂലയിലേക്കാണ്. പ്രധാനമന്ത്രി പദവിക്കായി മോഡി അരയും തലയും മുറുക്കി ഇറങ്ങുമ്പോള്‍ ഒരിക്കല്‍കൂടി സംസ്ഥാനം പൂര്‍ണമായും അദ്ദേഹത്തെ പിന്തുണയ്ക്കുമോ എന്നാണ് അറിയേണ്ടത്.
2014ലെ മോഡി തരംഗം ഗുജറാത്തില്‍ ആകെയുള്ള 26 ലോക്‌സഭാ സീറ്റുകളും തൂത്തുവാരിയിരുന്നു.ഇതിനു ശേഷം വീണ്ടും മോഡി സര്‍ക്കാര്‍ ( ആപ്കി ബാര്‍ ഫിര്‍ മോഡി സര്‍ക്കാര്‍ ) എന്ന മുദ്രാവാക്യം വീണ്ടും ജനങ്ങള്‍ നെഞ്ചിലേറ്റും എന്നാണ് ബി ജെ പി പ്രതീക്ഷിക്കുന്നത്. എന്നാല്‍ തനിക്കു 26 സീറ്റുകള്‍ നല്‍കുക മാത്രമല്ല എതിരാളികളുടെ ദയനീയമായ പരാജയമാണ് ഉറപ്പാക്കേണ്ടത് എന്നാണ് സബര്‍കാന്തയിലെ റാലിയില്‍ അദ്ദേഹം അണികളോട് ആവശ്യപ്പെട്ടത്. അതേസമയം 2017 നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഉണ്ടായ മുന്നേറ്റത്തില്‍ ആത്മവിശ്വാസം വര്‍ധിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് പാളയത്തില്‍. മോഡി ഉയര്‍ത്തിയ ദേശിയ വികാരവും അഴിമതി വിരുദ്ധ വികാരവും ഒരുപാടു പേരെ സ്വാധീനിച്ചിരുന്നെങ്കിലും കാര്‍ഷിക പ്രശ്‌നങ്ങളും കുടിവെള്ള ദൗര്‍ലഭ്യവും എതിര്‍ ചേരിയിലേക്കുള്ള അടിയൊഴുക്കിന് കാരണമായേക്കും. ഈ പ്രശ്‌നങ്ങളുടെ പ്രതിഫലനമാണ് നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഉണ്ടായത്.
2014 ല്‍ ബി ജെ പി യുടെ വോട്ടു ശതമാനം 59.1 % വും കോണ്‍ഗ്രസിന്റേത് കേവലം 32.9 % നവും ആയിരുന്നു. 2017 ലെ തെരെഞ്ഞെടുപ്പില്‍ ബി ജെ പി യുടെ വോട്ടു ശതമാനം 49.1 ആയി കുറഞ്ഞപ്പോള്‍ കോണ്‍ഗ്രസിന്റേത് 42.4 ആയി ഉയര്‍ന്നു. കോണ്‍ഗ്രസിന് പക്ഷെ ആശ്വസിക്കാനുള്ള വകയില്ല. ജാതി വോട്ടുകള്‍ കൈക്കലാക്കാനായി ഒപ്പം കൂടിയ പട്ടേല്‍ നേതാവ് ഹര്‍ദിക് പട്ടേലും ദളിത് നേതാവ് ജിഗ്‌നേഷ് മേവനിയും ഓ ബി സി നേതാവ് അല്‍പേഷ് താക്കൂറും വഴി വിജയം ഉറപ്പിക്കുക കോണ്‍ഗ്രസ്സിന് സാധ്യമല്ല.
അല്‍പേഷ് കോണ്‍ഗ്രസ് വിട്ടു പുറത്തു ചാടിയപ്പോള്‍ ഹാര്‍ദിക് പട്ടേലിനെ മത്സരിക്കുന്നതില്‍ നിന്നും കോടതി വിലക്കുകയും ചെയ്തു. ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലാതെ ജിഗ്‌നേഷ് തന്റെ പ്രവര്‍ത്തനം ഗുജറാത്തിനു പുറത്തേക്കു വ്യാപിപ്പിക്കുന്നതിലാണ് ശ്രദ്ധിക്കുന്നത്. ബി ജെ പി യുടെ ശക്തി കേന്ദ്രം തന്നെയാണ് ഗുജറാത്ത്. ആകെയുള്ള 26 സീറ്റില്‍ 1998 ഇല്‍ 19 ഉം 1999 ഇല്‍ 20 സീറ്റും ബി ജെ പി നേടി. ആഗോളതലത്തില്‍ നിന്നുപോലും മോദിക്കെതിരെ ആരോപണമുയര്‍ന്ന ഗുജറാത്ത് കലാപങ്ങള്‍ക്ക് ശേഷം നടന്ന 2004 ലെ തെരെഞ്ഞെടുപ്പില്‍ 14 സീറ്റിലേക്ക് ബി ജെ പി തഴയപ്പെട്ടപ്പോള്‍ 12 സീറ്റ് നേടുവാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു.
പുതിയ മണ്ഡല രൂപീകരണങ്ങള്‍ക്കു ശേഷം നടന്ന 2009 ലെ തെരെഞ്ഞെടുപ്പില്‍ 15 സീറ്റു ബി ജെ പി സ്വന്തമാക്കി. അപ്പൊഴെലാം മോഡി നിയമസഭയില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു എന്നത് ശ്രദ്ധേയമാണ്. അദ്ദേഹം പ്രധാനമന്ത്രി പദവിയിലേക്ക് മത്സരിച്ചപ്പോഴാകട്ടെ ഗുജറാത്ത് ഒറ്റകെട്ടായി കൂടെ നിന്നു. 2017 ലെ തെരെഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വച്ച് എന്ന് കോണ്‍ഗ്രസ് അവകാശപ്പെടുമ്പോഴും എതിര്‍ ചേരിയില്‍ മത്സരാര്‍ത്ഥിയായി മോഡി ഇല്ലായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇപ്പോള്‍ മറ്റൊരു ലോക്‌സഭാ തെരെഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍കുമ്പോള്‍ തന്റെ ആത്മാവും അമ്മയുമെന്നു മോഡി വിശേഷിപ്പിക്കുന്ന മണ്ണ് അദ്ദേഹത്തിനെ വീണ്ടും അധികാരത്തിലേറ്റുമോ? അതോ പ്രാദേശിക പ്രശ്‌നങ്ങള്‍ താമര വിരിയുന്നതിനു തടസ്സമാകുമോ? കണ്ടു തന്നെ അറിയണം..
Post Your Comments