Election NewsKeralaLatest NewsElection 2019

പ്രശ്‌നബാധിത ബൂത്തുകളില്‍ സുരക്ഷയ്ക്ക് ഇനി ഇവര്‍കൂടി

പാലക്കാട്: നാളെ വോട്ടെടുപ്പിന് എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. മാവോയിസ്റ്റ് സാന്നിധ്യ മേഖലകളില്‍ ഇന്നും നാളെയും കേന്ദ്രസേന പട്രോളിങ് നടത്തും. ബൂത്തുകളില്‍ ലോക്കല്‍ പൊലീസിനെ കൂടാതെ സിആര്‍പിഎഫ്, ഇന്ത്യാ ടിബറ്റന്‍ പൊലീസ് എന്നിവയുടെ നാലുപേരെ വീതം നിയമിക്കും. അഞ്ചു ജില്ലകളില്‍ മൊത്തം 245 ബൂത്തുകളിലാണു പ്രത്യേക സുരക്ഷയും നിരീക്ഷണവും. വെബ് ക്യാമറ നിരീക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്. പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തി. കേരള പൊലീസില്‍ നിന്നു മാത്രം 58,138 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. 3500 പേര്‍ വനിതകളാണ്. 240 ഡിവൈഎസ്പിമാര്‍, 677 ഇന്‍സ്‌പെക്ടര്‍മാര്‍, 3273 എസ്‌ഐ എഎസ്‌ഐമാര്‍ വീതമുണ്ട്.

അട്ടപ്പാടിയില്‍ 6 മാസത്തിലധികമായി മാവോയിസ്റ്റ് സാന്നിധ്യമില്ലെന്നതിനാല്‍ പ്രദേശത്തു കൂടുതല്‍ ശ്രദ്ധ വേണമെന്നാണു പൊലീസ് നിരീക്ഷണം. ഇവിടെ 30 ബൂത്തുകളിലാണു നിരീക്ഷണം. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലെ സുരക്ഷാ സംവിധാനവും ജില്ലാ മേഖലാ തലത്തില്‍ ഏകോപിപ്പിക്കും. കുറ്റ്യാടി, പേരാവൂര്‍ എന്നിവിടങ്ങളില്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നതിനു പിന്നില്‍ മുന്‍നിര സംഘടനകളാണെന്നു സംശയമുണ്ട്.

അനിഷ്ട സംഭവങ്ങള്‍ നേരിടാന്‍ 1527 ഗ്രൂപ്പ് പട്രോളിങ് സംഘങ്ങള്‍. ഒരു പൊലീസ് സ്റ്റേഷനില്‍ രണ്ടു വീതം 957 പട്രോളിങ് സംഘങ്ങള്‍ വേറെയും. ഈ സംഘങ്ങള്‍ ഇന്നലെ മുതല്‍ പ്രവര്‍ത്തനം തുടങ്ങി. പൊലീസ് സ്റ്റേഷന്‍, തിരഞ്ഞെടുപ്പ് സബ് ഡിവിഷന്‍, ജില്ലാ തലങ്ങളില്‍ സ്‌ട്രൈക്കിങ് സംഘങ്ങളുണ്ടാകും. റേഞ്ച് ഐജിമാര്‍, സോണല്‍ എഡിജിപിമാര്‍, ഡിജിപി എന്നിവരുടെ നിയന്ത്രണത്തിലാണിത്. അനധികൃത പണം പിടികൂടാന്‍ 402 ഫ്‌ലൈയിങ് സ്‌ക്വാഡുകള്‍, 412 സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ് സംഘങ്ങളും രംഗത്തുണ്ട്. തിരുവനന്തപുരത്തു പൊലീസ് ആസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന തിരഞ്ഞെടുപ്പു സെല്ലിന്റെ നേതൃത്വത്തിലാണു പൊലീസ് വിന്യാസം പൂര്‍ത്തിയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button