Election News

സുരേഷ് ഗോപിയുടെ തൊണ്ടയിലല്ല മുള്ളു കുടുങ്ങിയത് : മുള്ളു കുടുങ്ങിയത് ആര്‍ക്കെന്ന് സത്യാവസ്ഥ പുറത്തുവന്നു : പ്രചരിച്ചത് വ്യാജവാര്‍ത്ത

തൃശൂര്‍ : ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സ്ഥാനാര്‍ത്ഥികളും അണികളും തെരഞ്ഞെടുപ്പ് പ്രചരണത്തിനു പിന്നാലെയാണ്. ഇതിനിടയിലാണ് ആ വാര്‍ത്ത പരന്നത്. മീന്‍കറി കൂട്ടി ഭക്ഷണം കഴിക്കുന്നതിനിടെ സുരേഷ് ഗോപിയുടെ അണ്ണാക്കില്‍ മുള്ള് കുടുങ്ങിയെന്നായിരുന്നു ആ വാര്‍ത്ത. ഇതു കേട്ടപാതി കേള്‍ക്കാത്ത പാതി എല്ലാവരും ഏറ്റുപിടിച്ചു. ബി.ജെ.പി ഓഫിസുകളിലേക്ക് തുരുതുരാ ഫോണ്‍ വിളികളായി. സ്ഥാനാര്‍ഥി ആശുപത്രിയിലാണോ?. മുള്ള് എടുത്തോ? ഏതു മീനിന്റെ മുള്ളാണ്? എവിടെ വച്ചാണ് ഭക്ഷണം കഴിച്ചത്? നൂറുക്കൂട്ടം ചോദ്യങ്ങളുമായി ബി.ജെ.പി നേതാക്കള്‍ക്ക് ഫോണ്‍വിളി. മുള്ള് കുടുങ്ങിയിട്ടില്ലെന്ന് മറുപടി പറഞ്ഞ് ബി.ജെ.പി നേതാക്കള്‍ മടുത്തു. എന്നാല്‍ യഥാര്‍ത്ഥ വസ്തുത മറ്റൊന്നായിരുന്നു.

തൃശൂരിലെ വലപ്പാട് പ്രചാരണത്തിനിടെ സുരേഷ് ഗോപിയുടെ മേക്കപ്പ്മാന്‍ സിനോജിന്റെ തൊണ്ടയിലാണ് മുള്ള് കുടുങ്ങിയത്. അസ്വസ്ഥത തോന്നിയപ്പോള്‍ ഉടനെ വലപ്പാട്ടെ ആശുപത്രിയില്‍ ചികില്‍സ തേടിയെങ്കിലും അവിടെ ഡോക്ടറില്ലെന്ന് അറിഞ്ഞതോടെതൃശൂര്‍ അശ്വിനി ആശുപത്രിയില്‍ എത്തുകയായിരുന്നു.. തുടര്‍ന്ന് ഇ.എന്‍.ടി. വിദഗ്ധനെ കണ്ട് മുള്ളെടുത്തു. മേക്കപ്പ് മാനെ ആശുപത്രിയിലാക്കിയ ശേഷം, സുരേഷ് ഗോപി എസ്.എന്‍.ഡി.പിയുടെ യോഗത്തില്‍ പങ്കെടുക്കാനും പോയി. ഇതിനിടെയാണ്, മുള്ള് കുടുങ്ങിയ വിവരം പരന്നത്. എന്നാല്‍ സുരേഷ് ഗോപിയുടെ മേക്കപ്പ് മാന് മുള്ളു കുടുങ്ങിയെന്ന വിവരം കൈമാറി എത്തിയപ്പോള്‍ അത് സുരേഷ് ഗോപിയുടെ അണ്ണാക്കിലായി എന്നുമാത്രം. അങ്ങനെ, അണ്ണാക്കിലെ മുള്ള് മേക്കപ്പ്മാന്റെ തൊണ്ടയിലാണ് കുടുങ്ങിയതെന്ന് ബോധ്യപ്പെടുത്താന്‍ സമയം നീക്കിവയ്‌ക്കേണ്ട അവസ്ഥയിലാണ് തൃശൂരിലെ ബിജെപി ജില്ലാനേതൃത്വം

shortlink

Related Articles

Post Your Comments

Related Articles


Back to top button