കോട്ടയം പിടിച്ചടക്കാന്‍ മൂന്നു മുന്നണികളും പരിചിതരെ അങ്കത്തട്ടിലിറക്കിയതോടെ പോരാട്ടം കനത്തു. കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി പിടിച്ചെടുത്ത കോട്ട നിലനിര്‍ത്താനുള്ള ദൗത്യം മുന്‍ എംഎല്‍എ തോമസ് ചാഴികാടനാണ്. സുരേഷ് കുറുപ്പിലൂടെ നാലുവട്ടം ചെങ്കൊടി പാറിയ കോട്ട തിരിച്ചുപിടിക്കാന്‍ ജില്ലാ സെക്രട്ടറി വി.എന്‍. വാസവനെ സിപിഎം രംഗത്തിറക്കുന്നു. 2004 ല്‍ മൂവാറ്റുപുഴയില്‍ ഇരുമുന്നണികളെയും ഞെട്ടിച്ച വിജയം നേടിയ മുന്‍ എംപി പി.സി. തോമസിലൂടെ കോട്ടയില്‍ വിള്ളല്‍ വീഴ്ത്താമെന്ന് എന്‍ഡിഎയും കണക്കുകൂട്ടുന്നു.
പണ്ടു മുതലേ യുഡിഎഫ് മണ്ഡലമാണു കോട്ടയം. 16ല്‍ 10 തിരഞ്ഞെടുപ്പിലും യുഡിഎഫ് വിജയിച്ചു. 2008 ലാണു പുതിയ കോട്ടയം മണ്ഡലം രൂപീകരിച്ചത്. 2009ലും 2014ലും ജോസ് കെ. മാണി വിജയിച്ചുവെന്നു മാത്രമല്ല ഭൂരിപക്ഷം 71,570ല്‍ (2009) നിന്നു 1,20,599 (2014) ആയി കൂടുകയും ചെയ്തു. ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചിലും യുഡിഎഫാണ്. കോട്ടയം, പുതുപ്പള്ളി, പാലാ, കടുത്തുരുത്തി, പിറവം എന്നിവയാണു യുഡിഎഫ് മണ്ഡലങ്ങള്‍. വൈക്കത്തും ഏറ്റുമാനൂരും എല്‍ഡിഎഫ്. എന്നാല്‍ 1984 ല്‍ ഇന്ദിരാ തരംഗത്തിലും എല്‍ഡിഎഫിനൊപ്പം നിന്ന ചരിത്രവും കോട്ടയത്തിനുണ്ട്.
മുന്‍ എംപിയും രണ്ടു മുന്‍ എംഎല്‍എമാരും തമ്മിലാണു കോട്ടയത്തു മത്സരം.
മുന്‍ കേന്ദ്ര മന്ത്രി പി.സി. തോമസ് അങ്കത്തട്ടിലെത്തിയതോടെ എന്‍ഡിഎ ക്യാംപ് ഉണര്‍ന്നു. ബിജെപി വോട്ടുകള്‍ക്കു പുറമെ പി.സി. തോമസിന്റെ വ്യക്തിപരമായ വോട്ടുകളും ലഭിക്കുമെന്നു മുന്നണി കരുതുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന പി. ടി. ചാക്കോയുടെ മകന് യുഡിഎഫ് വോട്ടുകളില്‍ ഒരു വിഹിതം കിട്ടുമെന്നും പ്രതീക്ഷയുണ്ട്. കോട്ടയം മണ്ഡലത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഉള്‍പ്പെടുന്ന മൂവാറ്റുപുഴയെ ലോക്‌സഭയില്‍ 20 വര്‍ഷം പി.സി. തോമസ് പ്രതിനിധാനം ചെയ്തു. റബര്‍ അടക്കമുള്ള കാര്‍ഷിക പ്രശ്‌നങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ ഗുണമാകുമെന്നും കരുതുന്നു. സാധാരണക്കാരുടെ കൂടെനില്‍ക്കുന്ന വ്യക്തിത്വമാണു പി.സി. തോമസ് എന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള പറയുന്നു
ശബരിമല യുവതീ പ്രവേശത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തത് കോട്ടയത്താണ്. ശബരിമലയുടെ അയല്‍ജില്ലയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുക എന്നതു ബിജെപിക്ക് അനിവാര്യമാണ്. വിശ്വാസികളുടെ പിന്തുണ ലഭിക്കുമെന്നു ബിജെപി കരുതുന്നു. അതേ സമയം റബര്‍ വിലയിടിവു കേന്ദ്ര സര്‍ക്കാരിനെതിരെ തിരിച്ചടിക്കുമെന്നു ബിജെപി ഭയക്കുന്നു. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിലൂടെ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും വോട്ടാക്കാമെന്നാണു മറ്റൊരു പ്രതീക്ഷ.
തോമസ് ചാഴികാടന്റെ സ്വീകാര്യതയാണു യുഡിഎഫിന്റെ തുറുപ്പുചീട്ട്. ഏറ്റുമാനൂരില്‍ നാലുവട്ടം എംഎല്‍എ ആയിരുന്ന തോമസ് ചാഴികാടന്റെ വ്യക്തിബന്ധങ്ങളും തുണയാകും.പ്രതിസന്ധി ഘട്ടങ്ങളില്‍ രണ്ടാം തവണയാണു കേരള കോണ്‍ഗ്രസ് തോമസ് ചാഴികാടനെ തേടിയെത്തുന്നതും. 1991 ല്‍ സഹോദരന്‍ ബാബു ചാഴികാടന്‍ പ്രചാരണത്തിനിടയില്‍ ഇടിമിന്നലേറ്റു മരിച്ചപ്പോഴാണു ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന തോമസ് ചാഴികാടന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതും. പൊതുപ്രവര്‍ത്തകനു വേണ്ട കഴിവ്, പരിചയസമ്പത്ത്, പ്രാഗത്ഭ്യം എന്നിവ ഒത്തു ചേര്‍ന്ന വ്യക്തിത്വമാണു തോമസ് ചാഴികാടനെന്നു കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി പറയുന്നു. രണ്ടുവട്ടം എംപിയായിരുന്ന ജോസ് കെ. മാണി മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും തുണയാകും
ജനതാദളില്‍ നിന്നു സീറ്റു പിടിച്ചെടുത്ത് ജില്ലാ സെക്രട്ടറി വി.എന്‍. വാസവനെ സിപിഎം സ്ഥാനാര്‍ഥിയാക്കുന്നതു വ്യക്തമായ കണക്കുകൂട്ടലുകളോടെയാണ്. മുന്‍ കോട്ടയം എംഎല്‍എ എന്ന നിലയിലുള്ള പ്രവര്‍ത്തനം, ജില്ലാ സെക്രട്ടറി എന്ന നിലയിലുള്ള വ്യക്തി ബന്ധങ്ങള്‍ എന്നിവ വോട്ടായി മാറുമെന്നു സിപിഎം പ്രതീക്ഷിക്കുന്നു. ജില്ലാ സെക്രട്ടറി സ്ഥാനാര്‍ഥിയായതോടെ പാര്‍ട്ടി സംഘടന ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. 1984 ല്‍ സുരേഷ് കുറുപ്പിനെ വിജയിപ്പിച്ച അടവുകള്‍ പുറത്തെടുത്താണു സിപിഎമ്മിന്റെ പോരാട്ടം. വി.എന്‍. വാസവന്‍ നടത്തിവരുന്ന കാരുണ്യ-സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹത്തിന്റെ പിന്തുണ ലഭിക്കുമെന്നുതന്നെയാണ് ഇടതു നേതൃത്വം വ്യക്തമാക്കുന്നത്.
മൂന്നു മുന്നണികള്‍ക്കും കോട്ടയം അഭിമാനപ്പോരാട്ടമാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, അന്തരിച്ച മുന്‍ മന്ത്രികെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ് എന്നിവരുടെ നിയോജക മണ്ഡലങ്ങള്‍ കോട്ടയം സീറ്റിന്റെ ഭാഗമാണ്. എല്ലാം യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുന്ന സ്ഥലങ്ങള്‍. എന്നിരുന്നാലും അനുകൂല ഘടകങ്ങള്‍ ഏറെ ഉള്ളതിനാല്‍ ഇടതു പക്ഷവും എന്‍ഡിഎ മുന്നണിയും കോട്ടയത്ത് വിജയപ്രതീക്ഷയില്‍ തന്നെയാണ്.
Post Your Comments