ഗുണ്ടൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആന്ധ്ര പ്രദേശിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പാർട്ടി പ്രവര്‍ത്തകരോട് നിരാശരാകരുതെന്ന് തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു. തെലുങ്ക് ദേശം പാര്‍ട്ടിയുടെ സ്ഥാപകനും തൻറെ ഭാര്യാപിതാവുമായ എന്‍ ടി രാമ റാവുവിന്‍റെ ജന്മവാര്‍ഷിക ആഘോഷങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രബാബു നായിഡു പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്.
മോദിക്കെതിരെ ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യത്തിനായി അക്ഷീണം ശ്രമിച്ച ചന്ദ്രബാബു നായിഡുവിനെ പക്ഷെ ആന്ധ്രയിൽ കാത്തിരുന്നത് കനത്ത പരാജയമായിരുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസിന് മുമ്പിലാണ് തെലുങ്ക് ദേശം തകർന്നടിഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 25 സീറ്റുകളില്‍ 22 സീറ്റുകളും നിയമസഭാ തെരഞ്ഞെടുപ്പില്‍ 175 ല്‍ 150 സീറ്റും വിജയിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് ടിഡിപിയെ നിലംപരിശാക്കി.
തെരഞ്ഞെടുപ്പ് പരാജയങ്ങളില്‍ തളരാതെ ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിച്ചിരുന്ന ടിഡിപി സ്ഥാപകന്‍ എന്‍ടിആറിന്‍റെ പാത പ്രവര്‍ത്തകരും നേതാക്കളും പിന്തുടരണമെന്നും നിരാശരാകരുതെന്നുമാണ് പ്രവര്‍ത്തകരോട് ചന്ദ്രബാബു നായിഡു പറഞ്ഞത്. കുടുംബത്തെക്കാള്‍ തനിക്ക് വലുത് പാര്‍ട്ടിയാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടി എല്ലാക്കാലവും നിലകൊള്ളുമെന്നും ഗുണ്ടൂറിലെ ടിഡിപി ഓഫീസില്‍ എല്ലാ ദിവസവും എത്തുമെന്നും നായിഡു അറിയിച്ചു.
Post Your Comments