തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു മറുപടിയുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തനിക്കെതിരെയുളള വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്നും താന്‍ ഒരു സമ്മര്‍ദ്ദവും ഇല്ലാതെയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്നെ കേരളത്തില്‍ വോട്ടെണ്ണല്‍ സംബന്ധിച്ച ക്രമീകരണങ്ങളെ കുറിച്ചും ടിക്കാറാം മീണ വിശദീകരിച്ചു.
ലോക് സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വി.വി.പാറ്റ് കൂടി എണ്ണി തീര്‍ത്ത ശേഷം രാത്രി പത്ത് മണിയോടെയാകും അവസാനിക്കുക. സംസ്ഥാനത്ത് 29 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിൽ രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം തപാല്‍ വോട്ടുകളാകും എണ്ണുക.വോട്ടെണ്ണലിനായുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ആവശ്യമെന്ന് തോന്നിയാല്‍ വോട്ടെണ്ണലിനായി ബൂത്തുകളില്‍ കൂടുതല്‍ ടേബിളുകള്‍ സ്ഥാപിക്കുമെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിനായി പ്രത്യേകം ക്യാമറകള്‍ സ്ഥാപിക്കുമെന്നും മീണ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ഓഫീസര്‍ ആരുടെയോ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പ്രവര്‍ത്തിക്കുന്നതെന്നും കാര്യമായ മുന്നൊരുക്കങ്ങള്‍ ഇല്ലാതെയാണ് കണ്ണൂരും കാസര്‍കോട്ടും റീപോളിങ് പ്രഖ്യാപിച്ചതെന്നുമായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ ആരോപണം. കളളവോട്ട് നടന്ന നാല് ബൂത്തുകളില്‍ നാളെയാണ് റീപ്പോളിംഗ് നടക്കുക.
Post Your Comments