തിരുവനന്തപുരം: സിപിഎം ദേശീയപാര്‍ട്ടിയായി ഇപ്പോഴും തുടരുന്നത് ബിജെപിയുടെ കാരുണ്യം കൊണ്ടാണെന്നത് മറക്കരുതെന്നും കമ്യൂണിസ്റ്റ് നേതാക്കള്‍ മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ എബി വാജ്‌പേയിയെ പോയി കണ്ടത് മറക്കരുതെന്നും സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒമ്പതു സീറ്റ് മാത്രമുണ്ടായിരുന്ന സിപിഎം രണ്ടു സ്വതന്ത്രരെ കൂടി കണക്കില്‍ പെടുത്തിയാണ് ദേശീയ പാര്‍ട്ടിയായി നിലനില്‍ക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ അത്രയും കൂടി സീറ്റ് കിട്ടുമെന്ന് ഉറപ്പില്ല.
ഈ തെരഞ്ഞെടുപ്പില്‍ ദേശീയപാര്‍ട്ടിയായി തുടരാന്‍ കഴിയുമെന്ന് ആ പാര്‍ട്ടിക്കാര്‍ പോലും വിലയിരുത്തുന്നുമില്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. ദേശീയ പാര്‍ട്ടിയായി അംഗീകരിക്കപ്പെടാന്‍ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നും രണ്ടു ശതമാനം സീറ്റ് നേടിയാല്‍ മതിയെന്ന നിയമഭേദഗതി കൊണ്ടുവന്നത് എബി വാജ്‌പേയിയുടെ കാലത്താണെന്ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ശ്രീധരന്‍ പിള്ള പറഞ്ഞു. ദേശീയപാര്‍ട്ടി സ്റ്റാറ്റസ് നിലനിര്‍ത്താന്‍ ആറു ശതമാനം വോട്ടു കിട്ടണം എന്നായിരുന്നു നിയമം.
2009 ലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് അത്രയും വോട്ട് കിട്ടിയില്ല. ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെടുമെന്ന ഘട്ടത്തില്‍ ഹര്‍കിഷന്‍ സിംഗ് സൂര്‍ജിത് ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന എബി വാജ്‌പേയിയുമായി കൂടിക്കാഴ്ച നടത്തുകയും മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അന്ന് സിപിഎം നേതാക്കളെ പുറം കാലു കൊണ്ടു തട്ടാതെ വാജ്‌പേയി ആവശ്യം പരിഗണിച്ചത് കൊണ്ടാണ് സിപിഎം ദേശീയ പാര്‍ട്ടിയായി ഇപ്പോഴും തുടരുന്നത്.
2004 ല്‍ 41 സീറ്റുകള്‍ ഉണ്ടായിരുന്ന സിപിഎം വന്‍ തകര്‍ച്ചയിലേക്ക് പോയത് കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ടോടെയാണെന്നും ശ്രീധരന്‍ പിള്ള വിമര്‍ശിച്ചു. ആറ്റിങ്ങല്‍ പ്രസംഗത്തിന്റെ പേരില്‍ തന്റെ പേരിലെടുത്ത കേസ് വ്യാജമാണ്. ഇതില്‍ ഖേദം പ്രകടിപ്പിച്ചെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ പറഞ്ഞത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.
Post Your Comments