തിരുവനന്തപുരം: സാമുദായിക പാര്‍ട്ടിയാണെന്ന് തുറന്നുപറഞ്ഞ മുസ്ലിം ലീഗിനെതിരെ മാന്യതയുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ തയ്യാറാകണമെന്ന് ബിജെപി വക്താവ് അഡ്വ.ബി. ഗോപാലകൃഷ്ണന്‍. മത, സാമുദായിക ലക്ഷ്യത്തോടെ വോട്ട് പിടിക്കുന്നത് തെറ്റാണെന്ന് മുന്‍പ് പറഞ്ഞതില്‍ ആത്മാര്‍ത്ഥതയുണ്ടെന്ന് മീണ തെളിയിക്കണം. ബിജെപി എന്തെങ്കിലും പറയുന്നുണ്ടോയെന്ന് നോക്കിയിരിക്കുന്ന മീണ മറ്റുള്ളവര്‍ പറയുമ്പോള്‍ വീണ വായിക്കുന്നത് ശരിയല്ല. ചരിത്രത്തില്‍ ആദ്യമായാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ സ്വന്തം പടം വച്ച് പോസ്റ്റര്‍ അടിച്ചത്. വിരമിച്ചതിന് ശേഷം മറ്റെന്തെങ്കിലും അദ്ദേഹം ലക്ഷ്യം വയ്ക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സിനിമാ താരമാണെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ സ്വയംകരുതുന്നത് അല്‍പ്പത്തമാണ്. എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി.
ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്നാണ് ബൃന്ദാ കാരാട്ടും എസ്.രാമചന്ദ്രന്‍ പിള്ളയും ഇപ്പോള്‍ പറയുന്നത്. വൈകിയാണെങ്കിലും ബിജെപിയുടെ കാഴ്ചപ്പാട് അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇതേ അഭിപ്രായമാണോ തങ്ങള്‍ക്കും ഉള്ളതെന്ന് കോടിയേരിയും പിണറായിയും വ്യക്തമാക്കണം. ലീഗ് മതേതര പാര്‍ട്ടിയാണെന്നാണ് സിപിഐയുടെ അഭിപ്രായം. സിപിഎമ്മും സിപിഐയും തമ്മില്‍ അഭിപ്രായ വ്യത്യാസമുംണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. വിഭജനത്തിന് കാരണക്കാരനായ ജിന്നയുടെ പാരമ്പര്യമാണ് ലീഗിനുള്ളത്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷം ബഹിഷ്‌കരിക്കുകയും പാക്ക് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയും ചെയ്ത ചരിത്രവും ലീഗിനുണ്ട്.
ബിജെപിയും ബിജെപി വിരുദ്ധരും മാത്രമുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. കോണ്‍ഗ്രസ് പരസ്യത്തിലെ കൊടിയില്‍ ചുവപ്പ് നിറം കൂടിയിരിക്കുകയാണ്. കോണ്‍ഗ്രസ്-സിപിഎം സഖ്യത്തിന്റെ ഭാവിയിലെ കൊടിയാണ് ഇപ്പോള്‍ പുറത്തുവന്നത്. ഇടത് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചാല്‍ കോണ്‍ഗ്രസ് എന്ന കുത്തക ബാങ്കിലെ പണയവസ്തുക്കളായി മാത്രം മാറും. വാളയാറിന് അപ്പുറത്തും വയനാട് ചുരും കടന്നാലും ഇവര്‍ ഒരുമിച്ചാണ്. വയനാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കെതിരെയുണ്ടായ മാവോയിസ്റ്റ് ഭീഷണി സര്‍ക്കാര്‍ ഗൗരവത്തോടെ കാണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം സംഭവത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തി.
Post Your Comments