തെരഞ്ഞെടുപ്പ് റാലിയില്‍ അബദ്ധങ്ങള്‍ വിളിച്ചുപറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരിഭാഷകന്‍. ഇത് രണ്ടാംതവണയാണ് രാഹുലിന്റെ പ്രസംഗം തെറ്റായി പരിഭാഷപ്പെടുത്തുന്നത്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പരിഭാഷകന്‍ തെറ്റ് വരുത്തിയത്.
രാഹുല്‍ പറഞ്ഞതിന്റെ പകുതി പോലും പരിഭാഷപ്പെടുത്താന്‍ പരിഭാഷകന് കഴിഞ്ഞില്ലെന്നാണ് പരിപാടി കണ്ടവര്‍ ട്വിറ്ററില്‍ കുറിച്ചത്.രാജ്യത്തിലെ പാവപ്പെട്ട 20 ശതമാനം ജനങ്ങളുടെ അക്കൗണ്ടില്‍ 3.6 ലക്ഷം രൂപ നിക്ഷേപിക്കപ്പെടും എന്നതിന് മൂന്ന് ലക്ഷം രൂപയും അറുപത് രുപയും എന്നായിരുന്നു പരിഭാഷ.
എ.ഐ.എ.ഡി.എം.കെ. സര്‍ക്കാറിനെതിരെ രാഹുല്‍ ആക്ഷേപമുന്നയിച്ചപ്പോഴും പരിഭാഷകന് പിഴ പറ്റി. കര്‍ഷകര്‍ക്ക് എഐഎഡിഎംകെ ആറായിരം കോടി രൂപ നല്‍കിയിട്ടില്ല എന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പണം നല്‍കിയില്ലെന്നായിരുന്നു പരിഭാഷ. രാഹുല്‍ പറയുന്ന തുകയും പരിഭാഷകന്‍ പറഞ്ഞ തുകയും രണ്ടായതും പരിപാടിയില്‍ പങ്കെടുത്തവരെ അസ്വസ്ഥരാക്കി.
പരിപാടിക്ക് നല്ല പരിഭാഷകനെ ഏര്‍പ്പെടുത്താത്തതില്‍ ട്വിറ്ററില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. നിങ്ങള്‍ ഇംഗ്ലീഷും തമിഴും അറിയുന്ന ഒരാളായിരുന്നെങ്കില്‍ ഒരേ സമയം രണ്ട് പ്രസംഗം കേള്‍ക്കാമായിരുന്നു എന്നാണ് ചിലരുടെ കമന്റ്. രാഹുലിനെ ടാഗ് ചെയ്ത് താങ്കളുടെ പരിഭാഷകന്‍ താങ്കളുടെ പ്രസംഗത്തിന്റെ ആധികാരികത ഇല്ലാതാക്കി എന്ന് ട്വീറ്റു ചെയ്തവരുമുണ്ട്.
Post Your Comments