ഐ.എം ദാസ്
ഓരോ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷവും പാലക്കാട് ബിജെപിയുടെ വോട്ടിംഗ് നില ഉയരുമ്പോള്‍ കേരളത്തില്‍ ബിജെപി ഏറ്റവുമധികം പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലങ്ങളിലൊന്നാകാന്‍ പാലക്കാടിന് കഴിഞ്ഞു. പാര്‍ട്ടിയിലെ പ്രമുഖയായ ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഗ്രഹിച്ച മണ്ഡലത്തില്‍ പക്ഷേ ജനവിധി തേടാന്‍ നിയോഗം ലഭിച്ചത് സി കൃഷ്ണകുമാറിനാണ്. പാലക്കാട്, മലമ്പുഴ, കോങ്ങാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട്, പട്ടാമ്പി എന്നീ നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് പാലക്കാട് ലോകസഭാ മണ്ഡലം. എന്നും ഇടതുപക്ഷത്തോട് ചാഞ്ഞുനിന്ന മണ്ഡലത്തില്‍ എന്‍ഡിഎയുടെ ശക്തനായ സ്ഥാനാര്‍ത്ഥിയെത്തിയതോടെ ശക്തമായ ത്രികോണമത്സരമാണ് നടക്കുന്നത്.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ വിഎസ് അച്യുതാനന്ദന് പിന്നാലെ രണ്ടാം സ്ഥാനത്ത് എത്തിയ പ്രകടനവും ജനസമ്മതിയുമാണ് കൃഷ്ണകുമാറിന് പാലക്കാട് സീറ്റുറപ്പിക്കുന്നതിന് തുണയായത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി അയ്യപുരം മാളവീയം വീട്ടില്‍ സി.കൃഷ്ണകുമാര്‍ എത്തുമ്പോള്‍ ഇടതു വലത് മുന്നണികള്‍ കൂടുതല്‍ ജാഗരൂകരാണ്. സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയുടെ വൈസ്‌ചെയര്‍മാനാണ് സ്ഥാനാര്‍ത്ഥി.
ആര്‍എസ്എസ് ശാഖകളിലൂടെ എബിവിപിയിലേക്കും അതുവഴി യുവമോര്‍ച്ചയിലേക്കും ബിജെപിയിലേക്കും നടന്നു കയറിയ നേതാവാണ് സി കൃഷ്ണകുമാര്‍. അധ്യാപകനായിരുന്ന സി.കൃഷ്ണനുണ്ണിയുടെയും ലീലാകൃഷ്ണന്റെയും മകന്‍. ബികോം ബിരുദധാരി, കമ്പ്യൂട്ടര്‍ സോഫ്‌റ്റ്വെയറില്‍ പിജി ഡിപ്ലോമ. എബിവിപി ജില്ലാ കണ്‍വീനര്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്, ദേശീയ സമിതിയംഗം, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി, 2009 മുതല്‍ 2015 വരെ ബിജെപി ജില്ലാ പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ വഹിച്ചു. 2015 മുതല്‍ ബിജെപി സംസ്ഥാന സെക്രട്ടറിയാണ്. കൂടാതെ നാലുതവണ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച് നഗരസഭയിലെത്തി. 2000 മുതല്‍ പാലക്കാട് നഗരസഭാ കൗണ്‍സിലറാണ് സി കൃഷ്ണകുമാര്‍. മൂന്ന് വ്യത്യസ്ത വാര്‍ഡുകളില്‍ നിന്ന് മത്സരിച്ചാണ് ജയമുറപ്പാക്കിയത്. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി (200510), വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ (201015) എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 2015 മുതല്‍ പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനാണ്. പാലക്കാട് നഗരസഭയെ മാതൃകാനഗരസഭയാക്കുകയും 250 കോടിയുടെ അമൃത്പദ്ധതി ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ കൊണ്ടുവരുകയും ചെയ്തതില്‍ കൃഷ്ണകുമാറിന്റെ പങ്ക് ശ്രദ്ധേയമാണ്.
ശബരിമലയിലെ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധം നടന്ന ജില്ലകളില്‍ ഒന്നാണ് പാലക്കാട്. വിശ്വാസവും സംസ്‌കാരവുമൊക്കെ സംരക്ഷിക്കപ്പെടേണ്ടതാണെന്ന നിലപാടില്‍ ശബരിമല വിഷയമാണ് മണ്ഡലത്തില്‍ പ്രധാനചര്‍ച്ചകളില്‍ ഒന്ന്. ഈ പശ്ചാത്തലത്തില്‍ സിപിഎമ്മില്‍നിന്നും കോണ്‍ഗ്രസില്‍ നിന്നുമുള്ള വോട്ടുകള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കെത്തുമെന്നാണ് പ്രതീക്ഷ. പാലക്കാട് എന്‍ഡിഎ ശക്തമായ മത്സരം കാഴ്ച്ചവയ്ക്കുന്നുണ്ടെന്നും രണ്ടാംസ്ഥാനത്ത് എത്തുമെന്നും സര്‍വേഫലപ്രഖ്യാപനവും വന്ന സാഹചര്യത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറും ഇരട്ടി ആത്മവിശ്വാസത്തിലാണ്. മൂന്നാംതവണ ജനവിധി തേടിയെത്തുന്ന എം.ബി.രാജേഷും ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠനും തമ്മില്‍ തീ പാറുന്ന പോരാട്ടമാണ് മണ്ഡലത്തില്‍. 2009ല്‍ പാലക്കാട് ലോക്‌സഭാ മണ്ഡലം പുനഃക്രമീകരിക്കപ്പെട്ടതിന് ശേഷം രണ്ടുതവണയും എം.ബി. രാജേഷാണ് വിജയിച്ചത്.
2009 ലെ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു പാലക്കാട്. വെറും 1820 വോട്ടിനാണ് രാജേഷ് കോണ്‍ഗ്രസിന്റെ സതീശന്‍ പാച്ചേനിയെ അന്ന് പരാജയപ്പെടുത്തിയത്. 2016 ലെ നിയമസഭ തെരഞ്ഞൈടുപ്പില്‍ പാലക്കാടും മണ്ണാര്‍ക്കാടും യുഡിഎഫിനൊപ്പം നിന്നപ്പോള്‍ ബാക്കി അഞ്ച് മണ്ഡലങ്ങളും എല്‍ഡിഎഫിനൊപ്പമായിരുന്നു. പക്ഷേ വിഎസ് മത്സരിച്ച മലമ്പുഴയിലും ഷാഫി പറമ്പില്‍ മത്സരിച്ച പാലക്കാടും രണ്ടാംസ്ഥാനം ബിജെപി പിടിച്ചെടുത്തു, വിഎസ് 73299 വോട്ട് നേടിയപ്പോള്‍ പ്രധാന എതിരാളിയായ സി കൃഷ്ണകുമാര്‍ 46157 വോട്ട് പിടിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഷാഫി പറമ്പിലിനെതിരെ മത്സരിച്ച ശോഭ സുരേന്ദ്രന്‍ 40076 വോട്ടുനേടി.
സി കൃഷ്ണകുമാര്‍ എന്ന സ്ഥാനാര്‍ത്ഥിയുടെ വ്യക്തിത്വമാണ് അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സ്ഥാനം നല്‍കുന്നത്. ലളിതമായ ജീവിതശൈലിയും ഇടപെടലും മൂലം നാട്ടുകാര്‍ക്ക് പ്രിയംകരനാണ് ഇദ്ദേഹം. ഒപ്പം രാഷ്ട്രീയത്തിന് അതീതമായ വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് സി കൃഷ്ണകുമാര്‍. നഗരസഭയിലെ പ്രവര്‍ത്തനമികവും കൃഷ്ണകുമാറിന് ഇരട്ടി മാര്‍ക്ക് നല്‍കുമ്പോള്‍ വോട്ട് അഭ്യര്‍ത്ഥിച്ചെത്തുന്ന സ്ഥാനാര്‍ത്ഥിയെ സ്വന്തം മകനെപ്പോല സ്വീകരിക്കുകയാണ് പാലക്കാടിന്റെ ഉള്‍ഗ്രാമങ്ങള്‍. എന്തായാലും മൂന്ന് ചെറുപ്പക്കാര്‍ പാലക്കാട് ജനവിധി തേടിയിറങ്ങുമ്പോള്‍ പരസ്പരം വ്യകിതഹത്യയോ ആക്ഷേപമോ നടത്താതെ തികച്ചും സൗഹൃദാന്തരീക്ഷത്തില്‍ തീ പാറുന്ന മത്സരമാണ് ഇവിടെ.
വോട്ട് നില 2014
എം.ബി. രാജേഷ് (സിപിഐഎം) -4,12,897
എം.പി. വീരേന്ദ്രകുമാര്‍ (എസ്‌ജെഡി) – 3,07,597
ശോഭാസുരേന്ദ്രന്‍ (ബിജെപി) – 1,36,541.
Post Your Comments