ചാലക്കുടി : ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹ്‌നാനു വേണ്ടി ഇനി കളത്തിലിറങ്ങുന്നത് ഉമ്മന്‍ ചാണ്ടിയായിരിയ്ക്കുമെന്നാണ് സൂചന. ഹൃദയാഘാതത്തെത്തുടര്‍ന്ന് പത്തു ദിവസമെങ്കിലും വിശ്രമിക്കേണ്ടി വരുമെന്ന സാഹചര്യമാണ് ബെന്നി ബെഹ്നാന്റെ കാര്യത്തില്‍ ഇപ്പോഴുള്ളത്. ഈ അവസരത്തില്‍ ബെന്നി ബെഹനാന് പകരക്കാരനായി ഉമ്മന്‍ ചാണ്ടി ചാലക്കുടിയില്‍ പ്രചരണത്തിനിറങ്ങണമെന്ന ആവശ്യം ഉയരുകയാണ്. വോട്ടെടുപ്പ് നടക്കാന്‍ കേവലം രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ പ്രചരണം മുന്നില്‍ നിന്നും നയിക്കാന്‍ ഉമ്മന്‍ചാണ്ടി എത്തുന്നത് പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജമാകുമെന്നാണ് വിലയിരുത്തല്‍.
വ്യാഴാഴ്ച രാത്രി പര്യടനം പൂര്‍ത്തിയാക്കിയെത്തിയതിന് പിന്നാലെ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു ബെന്നി ബെഹന്നാന് ഹൃദയാഘാതം ഉണ്ടായത്. കൃത്യ സമയത്ത് തന്നെ എത്തിക്കാനായതിനാല്‍ ബ്ലോക്ക് കണ്ടെത്തി ആന്‍ജിയോ പ്ലാസ്റ്റി ചെയ്യുകയായിരുന്നു. അപകടനില തരണം ചെയ്തെങ്കിലും 48 മണിക്കൂര്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരാനാണ് നിര്‍ദേശം. ഇതിന് പിന്നാലെ 10 ദിവസത്തെ വിശ്രമം കൂടിയാകുമ്പോള്‍ പ്രചരണത്തിന്റെ കാര്യം അവതാളത്തിലാകുമെന്ന അവസ്ഥയാണുള്ളത്. മുഖ്യപതിപക്ഷമായ സിപിഎം നേരത്തേ തന്നെ ഇന്നസെന്റിനെ സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിച്ച് ഏറെ ദൂരം പ്രചരണത്തില്‍ മുമ്പോട്ട് പോകുകയും ചെയ്ത ശേഷമാണ് ബെന്നി ബെഹന്നാന്റെ പേര് പുറത്തുവന്നത്.
Post Your Comments